ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ 47 പന്തില്‍ 111 റണ്‍സടിച്ച സഞ്ജു ആദ്യ ടി20 സെഞ്ചുറിയാണ് നേടിയത്. ഇന്ത്യക്കായി ഇതുവരെ 33 ടി20 മത്സരങ്ങള്‍ കളിച്ച സഞ്ജു 22.84 ശരാശരിയില്‍ 594 റണ്‍സടിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വലിയ സ്കോര്‍ നേടാനാകാതെ പുറത്തായതോടെ കോച്ച് ഗൗതം ഗംഭീറിനെ അഭിമുഖീകരിക്കാന്‍ തനിക്ക് മടിയായിരുന്നുവെന്ന് തുറന്നു പറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. വിമല്‍ കുമാറിന്‍റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.
ബംഗ്ലാദേശിനെതിരായ മൂന്ന് ടി20 മത്സരങ്ങളിലും സഞ്ജുവിന് ഓപ്പണറായി അവസരം ലഭിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. ആദ്യ രണ്ട് കളികളിലും വലിയ സ്കോര്‍ നേടാനാകാതെ പോയതോടെ കോച്ചിനെ അഭിമുഖീകരിക്കാന്‍ തനിക്ക് മടിയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു.
undefined
ഒരു കളിക്കാരനും കോച്ചുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ കഴിവില്‍ വിശ്വസിച്ച് കോച്ച് അവസരം നല്‍കുമ്പോള്‍ ടീമിനായി മികച്ച പ്രകടനം നടത്തി ആ വിശ്വാസം തകരാതെ കാക്കുക എന്നത് ഏതൊരു കളിക്കാരന്‍റെയും കടമയാണ്. ആദ്യ രണ്ട് കളികളിലും തിളങ്ങാനാൻ കഴിയാതിരുന്നതോചെ എനിക്ക് അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ ചെറിയൊരു മടിയായി. അപ്പോഴും ഞാന്‍ എന്നോട് തന്നെ പറഞ്ഞിരുന്നത്, നിന്‍റെ സമയം വരും കാത്തിരിക്കൂവെന്നാണ്.
അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ ഞാന്‍ തീരുമാനിച്ചുറച്ചായിരുന്നു ഇറങ്ങിയത്. ഗൗടി ബായ് നിങ്ങള്‍ എനിക്ക് അവസരം തരികയും പിന്തുണക്കുകയും ചെയ്യുകയാണെങ്കില്‍ ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് മനസിലുറപ്പിച്ചിരുന്നു. ഹൈദരാബാദില്‍ ഞാന്‍ സെഞ്ചുറി അടിക്കുകയും കോച്ച് ഗൗതം ഗംഭീര്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി-സഞ്ജു പറഞ്ഞു. ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ 47 പന്തില്‍ 111 റണ്‍സടിച്ച സഞ്ജു ആദ്യ ടി20 സെഞ്ചുറിയാണ് നേടിയത്. ഇന്ത്യക്കായി ഇതുവരെ 33 ടി20 മത്സരങ്ങള്‍ കളിച്ച സഞ്ജു 22.84 ശരാശരിയില്‍ 594 റണ്‍സടിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക