അണ്ടർ 19 ഏഷ്യാ കപ്പില്‍ അട്ടിമറിപ്പൂരം; സെമിയില്‍ ഇന്ത്യയെ ബംഗ്ലാദേശ് വീഴ്ത്തി, പാകിസ്ഥാനെ നാണംകെടുത്തി യുഎഇ

By Web TeamFirst Published Dec 16, 2023, 10:10 AM IST
Highlights

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ ബംഗ്ലാദേശിനോട് തോറ്റു, പാകിസ്ഥാനെ അട്ടിമറിച്ച് യുഎഇയും ഫൈനലില്‍

ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് 2023 സെമിയിൽ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് തോൽവി. ഇന്ത്യയെ നാല് വിക്കറ്റിന് തോൽപിച്ച് ബംഗ്ലാദേശ് ഫൈനലിലേക്ക് മുന്നേറി. ഇന്ത്യയുടെ 188 റൺസ് ബംഗ്ലാദേശ് 43 പന്ത് ശേഷിക്കേ മറികടന്നു. 90 പന്തിൽ 94 റൺസെടുത്ത ആരിഫുള്‍ ഇസ്‍ലമും 44 റൺസെടുത്ത അഹ്രാർ അമിനുമാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്. ബംഗ്ലാദേശ് ഫൈനലിൽ യുഎഇയെ നേരിടും. സെമിയിൽ പാകിസ്ഥാനെ 11 റൺസിന് അട്ടിമറിച്ചാണ് യുഎഇ ഫൈനലില്‍ എത്തിയത്. നാളെ ഡിസംബർ 17ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ്-യുഎഇ കലാശപ്പോര് നടക്കും. 

രണ്ടാം സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യന്‍ കൗമാര പടയ്ക്ക് മികച്ച സ്കോറിലേക്ക് എത്താന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. ഓപ്പണർമാരായ ആദർശ് സിംഗ് രണ്ട് റണ്‍സിനും അർഷിന്‍ കുല്‍ക്കർണി ഒന്നിനും മൂന്ന് ഓവറുകള്‍ക്കിടെ മടങ്ങി. മധ്യനിരയില്‍ പ്രിയാന്‍ഷു മോളിയ (19), ക്യാപ്റ്റന്‍ ഉദയ് സഹാരന്‍ (0), സച്ചിന്‍ ദാസ് (16), വിക്കറ്റ് കീപ്പർ ആരവെല്ലി അവനിഷ് (0) എന്നിവരും തിളങ്ങിയില്ല. ആറാമനായി ക്രീസിലെത്തി 62 പന്തില്‍ 50 റണ്‍സ് നേടിയ മുഷീർ ഖാനും എട്ടാമനായിറങ്ങി 73 പന്തില്‍ 62 റണ്‍സെടുത്ത് ടോപ് സ്കോററായ മുരുകന്‍ അഭിഷേകുമാണ് വലിയ നാണക്കേടില്‍ നിന്ന് ഇന്ത്യയെ കാത്തത്. വാലറ്റത്ത് സൗമി പാണ്ഡെ ഒന്നും നവാന്‍ തിവാരി ആറും രാജ് ലിംബാനി പുറത്താവാതെ 11 ഉം റണ്‍സ് നേടി. 10 ഓവറില്‍ 41 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി മറൂഫ് മ്രിഥയാണ് ബംഗ്ലാദേശ് ബൗളർമാരില്‍ കൂടുതല്‍ തിളങ്ങിയത്. രോഹനാത് ദൗളയും പർവേസ് റഹ്മാനും രണ്ട് വീതവും ക്യാപ്റ്റന്‍ മഹ്ഫുസൂർ റഹ്മാന്‍ റാബ്ബി ഒന്നും വിക്കറ്റ് സ്വന്തമാക്കി. 

Latest Videos

189 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ട് വിലങ്ങുതടിയായി. 9.4 ഓവറില്‍ 34 റണ്‍സിനിടെ ബംഗ്ലാ ടോപ് ത്രീയെ ഇന്ത്യ മടക്കിയിരുന്നു. ജിഷാന്‍ ആലം ഗോള്‍ഡന്‍ ഡക്കായപ്പോള്‍ അഷീഖുർ റഹ്മാന്‍ ഷിബിലി ഏഴും ചൌധരി റിസ്വാന്‍ 13 ഉം റണ്‍സില്‍ പുറത്തായി. എന്നാല്‍ 94 റണ്‍സുമായി ആരിഫുള്‍ ഇസ്‍ലമും 44 എടുത്ത് അഹ്രാർ അമിനും ബംഗ്ലാദേശിനെ നാലാം വിക്കറ്റില്‍ 172ലെത്തിച്ചു. 9 റണ്‍സില്‍ നില്‍ക്കേ മുഹമ്മദ് ഷിഹാബിനെ കൂടി ഇന്ത്യന്‍ ബൗളർമാർക്ക് വീഴ്ത്താനായെങ്കിലും ബംഗ്ലാ ക്യാപ്റ്റന്‍ മഹ്ഫുസൂർ റഹ്മാന്‍ റാബ്ബി (3*), പർവേസ് റഹ്മാന്‍ (2*) എന്നിവർ 42.5 ഓവറില്‍ വിജയം ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തു. നവാന്‍ തിവാരിയുടെ മൂന്നും രാജ് ലിംബാനിയുടെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് ഗുണമായില്ല. 

Read more: മുംബൈ ഇന്ത്യന്‍സ് പെട്ടു; ബൈ പറഞ്ഞ് ലക്ഷക്കണക്കിന് ആരാധകർ, രോഹിത്തിനെ ചതിച്ചു, ഹാർദിക് കട്ടപ്പ എന്നും വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!