താങ്കൾ ഇടയ്ക്കിടെ ഒരു കാര്യവുമില്ലാതെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാൽ വൈറസ് അപ്രത്യക്ഷമാകില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യ.
ബംഗളൂരു: താങ്കൾ ഇടയ്ക്കിടെ ഒരു കാര്യവുമില്ലാതെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാൽ വൈറസ് അപ്രത്യക്ഷമാകില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യ. കൊവിഡ് പ്രതിസന്ധിക്കിടെ ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് സിദ്ദരാമയ്യ കടുത്ത വിമർശനങ്ങളുന്നയിച്ചത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിമാരെ പാഠം പഠിപ്പിക്കാൻ താങ്കൾ ഹെഡ്മാസ്റ്ററൊന്നുമല്ല. ആദ്യം സംസ്ഥാന ഗവൺമെന്റുകളുടെ ആവശ്യം പൂർത്തീകരിച്ച് ഉത്തവരവാദിത്തം കാണിക്കൂവെന്നും പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് സിദ്ദരാമയ്യ ട്വീറ്റ് ചെയ്തു. അഞ്ച് ട്വീറ്റുകളിലായി കടുത്ത രീതിയിലാണ് സിദ്ദരമയ്യയുടെ പ്രതികരണം. സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയോട് ഓക്സിജൻ ആവശ്യപ്പെടുമ്പോൾ, പൂഴ്ത്തിവയ്പ്പുകാർക്കെതിരെ നടപടിയെടുക്കാനാണ് അദ്ദേഹം പറയുന്നത്.
കർണാടകയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ഉള്ളത് 7621 കിടക്കകളാണ്. അതിൽ 6124 കിടക്കകൾ ഇതിനോടകം നിറഞ്ഞിരിക്കുകയാണ്. ആകെ ബാക്കിയുള്ളത് 1487 കിടക്കകളാണ്. കർണാടകയിലെ യഥാർത്ഥ അവസ്ഥ മുഖ്യമന്ത്രി പ്രധാനമന്ത്രിയോ ധരിപ്പിച്ചിരുന്നോ?, കർണാടകയിൽ കാര്യങ്ങളെല്ലാം കൈവിട്ട് പോവുകയാണ്. ഇതിനുള്ള പരിഹാരം കർണാടകയിലെ ജനങ്ങൾ പ്രധാനമന്ത്രിയോട് ചോദിക്കണം. ഇത്രയും മോശം മുഖ്യമന്ത്രിയെ വച്ച് എങ്ങനെയാണ് പ്രധാനമന്ത്രിക്ക് കർണാടകയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവുകയെന്നും സിദ്ദരാമയ്യ ട്വീറ്റിൽ ചോദിക്കുന്നു.
കർണാടകത്തിൽ ഇന്നും കാൽ ലക്ഷത്തിലേറെ രോഗികളാണുള്ളത്. ബെംഗളുരു നഗരത്തിൽ പ്രതിദിന രോഗബാധ പതിനയ്യായിരം കടന്നു. ഇന്ന് 26962 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 190 മരണം സ്ഥിരീകരിച്ചപ്പോൾ, ബംഗളുരുവിൽ മാത്രം 16662 പേർക്ക് രോഗം സ്ഥിരീകരിച്ചു.