കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ്; ദില്ലി സന്ദർശനം റദ്ദാക്കി

By Web Team  |  First Published Aug 6, 2022, 3:45 PM IST

ബസവരാജ് ബൊമ്മയ് ബെംഗളൂരുവിലെ വസതിയിൽ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ 


ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ വസതിയിൽ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി. ബൊമ്മയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ദില്ലി സന്ദർശനം അടക്കം മുഖ്യമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. 
താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ  പോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വേഗം സുഖമാകട്ടെ എന്ന് തമിഴ‍്‍നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ബസവരാജ് ബൊമ്മയ്ക്ക് സന്ദേശം അയച്ചു.

കൊവിഡ് വ്യാപനം: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്, വാക്സീനേഷനും പരിശോധനകളും കൂട്ടാൻ നി‍ർദേശം

Latest Videos

undefined

കൊവിഡ് വ്യാപനത്തിൽ കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തിൽ പ്രതിദിന കൊവിഡ് വർധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് ആവർത്തിച്ച് അറിയിപ്പ് നൽകിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിട്ടുള്ളത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിമൂന്ന് ജില്ലകളിൽ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. 1364 കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോ‍ർട്ട് ചെയ്തത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് പരിശോധനയും വാക്സിനേഷനും കൂട്ടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകി. ടിപിആർ കൂടിയ ഇടങ്ങൾ, രോഗ ക്ലസ്റ്ററുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. പതിനെട്ട് വയസ്സിന് മുകളിലുളളവർക്ക് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ കരുതൽ ഡോസ് പ്രയോജനപ്പെടുത്താൻ കൂടുതൽ ഊർജിതമായി വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കാനും കേന്ദ്രം നിർദേശിച്ചു. 
 

click me!