ലോബ്സ്റ്ററിന് അമിത വിലയുള്ള വിവരം റെസ്റ്റോറന്‍റ് അധികൃതര്‍ ആദ്യം അറിയിച്ചില്ല. മാത്രമല്ല, ഉത്സവ സീസണില്‍ പോലുമില്ലാത്ത വിലയാണ് തങ്ങളില്‍ നിന്നും ഈടാക്കിയതെന്നും യുവതി എഴുതി.
റെസ്റ്റോറന്‍റുകളിലെ അമിത വിലയെ കുറിച്ചുള്ള പരാതികൾ ആദ്യമായല്ല ഉയരുന്നത്. കഴിഞ്ഞ ദിവസം തങ്ങൾക്കുണ്ടായ ഒരു അനുഭവം പങ്കുവച്ച് ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നുള്ള റീന്ന ഹോ എന്ന യുവതി എഴുതിയ കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. കാന്‍റൺ ലെയ്ൻ ചൈനീസ് റെസ്റ്റോറന്‍റിൽ നിന്ന് തങ്ങള്‍ എട്ട് പേര്‍ ഭക്ഷണം കഴിച്ചപ്പോൾ ലഭിച്ചത് 944.30 ഡോളറിന്‍റെ (77,268 രൂപ) ഭീമമായ ബില്ലാണെന്ന് യുവതി സമൂഹ മാധ്യമത്തില്‍ കുറിച്ചു.
സുഹൃത്തുക്കള്‍ എട്ട് പേര്‍ ചേര്‍ന്നാണ് റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാന്‍ കയറിയത്. ആകെ എട്ട് വിഭവങ്ങൾ ഓർഡർ ചെയ്തു. എഴ് വിഭവങ്ങൾക്ക് ആകെ ലഭിച്ചത് 27,000 ത്തില്‍ താഴെ ബില്ല്. എന്നാല്‍ 'ലൈവ് ലോബ്സ്റ്റർ' എന്ന ഒറ്റ വിഭവത്തിന് മാത്രം റെസ്റ്റോറന്‍റ് ഈടാക്കിയത് 50,484 രൂപയാണെന്നായിരുന്നു യുവതിയുടെ കുറിപ്പ്. ലോബ്സ്റ്ററിന്‍റെ വില അതിന്‍റെ ഭാരത്തെയും വിപണി വിലയെയും അനുസരിച്ച് വ്യത്യാസപ്പെടുമെന്ന് റെസ്റ്റോറന്‍റ് അധികൃതർ റീന്നയെ അറിയിച്ചിരുന്നു. എന്നാല്‍, തങ്ങൾക്ക് ലഭിച്ച ലോബ്സ്റ്റർ എവിടെ നിന്ന്, എപ്പോളാണ് റെസ്റ്റോറന്‍റില്‍ എത്തിയത് എന്ന് തുടങ്ങിയ വിശദാംശങ്ങൾ റെസ്റ്റോറന്‍റ് തങ്ങളില്‍ നിന്നും മറച്ച് വച്ചെന്ന് റീന്ന ആരോപിച്ചു.
റെസ്റ്റോറന്‍റിനെതിരെ മറ്റ് ചില ആരോപണങ്ങളും റീന്ന ഉന്നയിച്ചു. ഒരു കിലോഗ്രാം ലോബസ്റ്ററിന് എന്ത് വില ആകുമെന്ന് പറഞ്ഞില്ല. അതേസമയം അഞ്ച് അധിക നൂഡിൽസിന് ഓരോന്നിനും 15 ഡോളർ (₹1,236) അധികം നൽകണമെന്നും അറിയിച്ചില്ല. താന്‍ ബില്ല് എല്ലാം നല്‍കിയെങ്കിലും എന്തോ കുഴപ്പമുണ്ടെന്ന തോന്നല്‍ തന്നെ അസ്വസ്ഥമാക്കിയെന്ന് അവര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഒപ്പം റെസ്റ്റോറന്‍റിന്‍റെ വില നിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്നും ആരോപിച്ചു. അസ്വസ്ഥത കാരണം പിന്നേറ്റ് തന്നെ റീന്ന റെസ്റ്റോറന്‍റിലേക്ക് ഫോണ്‍ ചെയ്തു. ലോബ്സ്റ്ററിന് 4.5 പൗണ്ട് (2.04 കിലോഗ്രാം) ഭാരമുണ്ടെന്നും ഒരു പൗണ്ടിന് 120 ഡോളര്‍ (9,916 രൂപ) വിലയുണ്ടെന്നും റെസ്റ്റോറന്‍റ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇക്കാര്യം ഭക്ഷണം ഓർഡർ ചെയ്ത സമയത്ത് അവര്‍ അറിയിച്ചില്ലെന്നും റീന്ന ആരോപിച്ചു.
പരീക്ഷയ്ക്ക് കോപ്പി അടിച്ച് പിടിച്ചു, അധ്യാപകനെ പരീക്ഷാ ഹാളിലിട്ട് തല്ലി വിദ്യാര്‍ത്ഥി; വീഡിയോ വൈറൽ
സാധാരണ ഒരു പൗണ്ട് ലോബ്സ്റ്ററിന് ഏകദേശം 60 - 70 ഡോളറാണ് (4,958- 5,780 രൂപ) വില. എന്നാല്‍ ഉത്സവ സീസണില്‍ പോലും 120 ഡോളര്‍ വില ആവശ്യപ്പെടുന്നത് യുക്തിരഹിതമാണെന്നും റീന്ന കുറിച്ചു. മാത്രമല്ല, 4.5 പൗണ്ട് ഭാരമുള്ള ലോബ്സ്റ്ററിന്‍റെ തല വലുതായിരിക്കേണ്ടതാണ്. എന്നാല്‍ ഭക്ഷണ സമയത്ത് അത്തരമൊരു കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. റീന്നയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ റെസ്റ്റോറന്‍റിന്‍റെ അമിത വിലയ്ക്കെതിരെ നിരവധി പേരാണ് കുറിപ്പുകളും ഐക്യദാർഢ്യങ്ങളുമായി എത്തിയത്. സംഭവം വിവാദമായതോടെ മറുപടിയുമായി റെസ്റ്റോറന്‍റ് അധികൃതരും രംഗത്തെത്തി. ലോബ്സ്റ്ററിന്‍റെ വിലയും ഭാരവും വ്യക്തമായി അറിയിച്ചിരുന്നില്ലെന്ന് അവര്‍ സമ്മതിച്ചു. അതേസമയം സ്വന്തം ബില്ലിനെ അവര്‍ ന്യായീകരിച്ചു.