G Sudhakaran: എന്നെ പുറത്താക്കുമെന്ന് പറഞ്ഞു ചില ആലപ്പുഴക്കാര്‍, പാര്‍ട്ടിയെക്കുറിച്ച് അവര്‍ക്കൊന്നുമറിയില്ല!

By Web Team  |  First Published Mar 8, 2022, 2:56 PM IST

പാര്‍ട്ടി, സാഹിത്യം, യുക്രൈന്‍ യുദ്ധം...എറണാകുളം പാര്‍ട്ടി സമ്മേളനത്തോടെ, സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. കൃഷ്ണമോഹന്‍ നടത്തിയ അഭിമുഖം 


ഞാന്‍ സജീവം ആയിരുന്നു.  വോട്ടര്‍മാര്‍ക്ക്, നാട്ടുകാര്‍ക്ക് അങ്ങനെ ഒരു പരാതി ഇല്ലായിരുന്നു. പക്ഷേ സ്ഥാനാര്‍ഥിക്കും മറ്റ് ചിലര്‍ക്കും പരാതി ഉണ്ടായിരുന്നു. എളമരം കരീം, കെ. ജെ . തോമസ് എന്നിവര്‍ പരാതി അന്വേഷിച്ചു. പരാതിക്കാര്‍ പറഞ്ഞതിനെക്കാള്‍ കുഴപ്പം ഞാന്‍ കാണിച്ചു എന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എഴുതിവച്ചത്- ജി. സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. കൃഷ്ണമോഹന്‍ നടത്തിയ അഭിമുഖം 

 

Latest Videos

undefined

 

പുതുതലമുറയ്ക്ക് വേണ്ടി വഴിമാറുകയാണോ? പിന്നിട്ട വഴികളെ എങ്ങനെ നോക്കിക്കാണുന്നു ? 

1967 -ല്‍ സിപിഎമ്മില്‍ ചേര്‍ന്നതാണ്. 57 വര്‍ഷമായി പാര്‍ട്ടിയില്‍. ഏല്‍പ്പിച്ച ജോലികള്‍ എല്ലാം ഭംഗിയായി ചെയ്തു. എസ്എഫ്‌ഐ യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ്, മൂന്ന് തവണ സ്റ്റേറ്റ് സെക്രട്ടറി. എല്‍എല്‍ബി അവസാന വര്‍ഷ പരീക്ഷ സമയത്ത് അടിയന്തരാവസ്ഥയ്ക്ക് എതിരെ സമരം ചെയ്തു ജയില്‍ പോയി. പിന്നെ ആലപ്പുഴ ജില്ലയില്‍. 1985 -ല്‍ എറണാകുളം സമ്മേളനത്തില്‍ എം.വി രാഘവന്റെ ബദല്‍ രേഖയ്ക്ക് എതിരെ ശക്തമായ നിലപാടെടുത്തു. അത് ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ എംഎല്‍എ, രണ്ടുതവണ മന്ത്രി, വിവിധ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചു. സിഐടിയു, കര്‍ഷകത്തൊഴിലാളി മേഖല അങ്ങനെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു, എല്ലാം പാര്‍ട്ടിക്ക് വേണ്ടി. അക്കാലത്ത് വീട്ടുകാര്യം ഒന്നും നോക്കിയിട്ടില്ല, പൂര്‍ണമായും പൊതുപ്രവര്‍ത്തകനായിരുന്നു. ഇപ്പോഴും നാട്ടില്‍ ജനങ്ങള്‍ക്കെല്ലാം സ്വീകാര്യനാണ്.
 

കോടിയേരി പറഞ്ഞതുപോലെ, പുതിയ സ്ഥാനം നല്‍കിയാല്‍ ഏറ്റെടുത്തു മുന്നോട്ടു പ്രവര്‍ത്തിക്കുമോ?

സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എനിക്ക് പ്രായം 75 ആയി. ഇനി പാര്‍ട്ടി രീതി അനുസരിച്ച് താഴെ ഘടകത്തില്‍ ആണ് അംഗത്വം. 75 ആയവര്‍ക്ക് ജില്ലാ കമ്മിറ്റിയിലും ഇരിക്കാന്‍ പറ്റില്ല. ' ഇനിയെന്റെ പ്രവര്‍ത്തനമേഖല ബ്രാഞ്ചാണ്. പാര്‍ട്ടി മെമ്പര്‍ ആകുക എന്നതാണ് പ്രധാനം. ബ്രാഞ്ചില്‍ നിന്നാണ് എല്ലാവരും മുകളിലേക്ക് പോയത് എന്ന് ഓര്‍ക്കുക. പാര്‍ട്ടി ചുമതലകള്‍ ഇനി പുതിയ ആളുകള്‍ക്ക് കൊടുക്കട്ടെ,  അതിനാണല്ലോ ഞാന്‍ ഒഴിഞ്ഞത്. 

 

 

ആലപ്പുഴയില്‍ വിഭാഗീയത ഉണ്ടോ? ഇത്തവണയും സമ്മേളനങ്ങളില്‍ കേട്ട കാര്യമാണത്? 

പാര്‍ട്ടി പിടിച്ചടക്കലാണ് വിഭാഗീയത. ജനാധിപത്യം ഇല്ലാതാക്കി പാര്‍ട്ടിയെ നശിപ്പിക്കുന്ന പ്രവണത. ഇപ്പോഴത് ആലപ്പുഴ പാര്‍ട്ടിയില്‍ ഇല്ല. എന്നാല്‍ ചില അംശങ്ങള്‍ ഉണ്ടെന്നാണ് സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ  ഉള്ളത്. അത് കോടിയേരിയും പറഞ്ഞിട്ടുണ്ട്. ചില ഏരിയ സമ്മേളനങ്ങളില്‍ അത് കണ്ടു. ജില്ലാ സമ്മേളനത്തിലും ചിലര്‍ അതിന് ശ്രമിച്ചു.  എന്നാല്‍ പറഞ്ഞു വഴി തെറ്റിപ്പോകുന്നു എന്ന് കണ്ടപ്പോള്‍ സഖാവ് പിണറായി തന്നെ ഇടപെട്ട് തടഞ്ഞു. സമ്മേളനത്തില്‍ പറയാന്‍ കൊള്ളാത്ത ഭാഷ, കൈയാംഗ്യങ്ങള്‍ അതൊന്നും ശരി അല്ല.  എന്നാല്‍ അതൊന്നും പ്രതിരോധിക്കാന്‍ ഞാന്‍ ആരെയും രംഗത്ത് ഇറക്കിയില്ല.  എനിക്കൊരു പക്ഷവുമില്ല. പാര്‍ട്ടി മാത്രമാണ് എന്റെ പക്ഷം.

അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് സമയത്ത് സജീവമായി പ്രവര്‍ത്തിച്ചില്ല എന്ന പരാതി ഉയരുകയും പാര്‍ട്ടി നടപടി വരികയും ചെയ്തത് വിഷമിപ്പിച്ചോ ?

എനിക്ക് ഒരു വിഷമവും ഇല്ല. ഞാന്‍ സജീവം ആയിരുന്നു.  വോട്ടര്‍മാര്‍ക്ക്, നാട്ടുകാര്‍ക്ക് അങ്ങനെ ഒരു പരാതി ഇല്ലായിരുന്നു. പക്ഷേ സ്ഥാനാര്‍ഥിക്കും മറ്റ് ചിലര്‍ക്കും പരാതി ഉണ്ടായിരുന്നു. എളമരം കരീം, കെ. ജെ . തോമസ് എന്നിവര്‍ പരാതി അന്വേഷിച്ചു. പരാതിക്കാര്‍ പറഞ്ഞതിനെക്കാള്‍ കുഴപ്പം ഞാന്‍ കാണിച്ചു എന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എഴുതിവച്ചത്.  എനിക്ക് പറയാനുള്ളത് ശക്തമായി തന്നെ സംസ്ഥാന സമിതിയില്‍ ഞാനും പറഞ്ഞു. പിണറായിയും കോടിയേരിയും അതെല്ലാം കേട്ടു. ഒടുവില്‍ എന്നെ താക്കീത് ചെയ്തു.

എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും എന്നാണ് ആലപ്പുഴയില്‍ കുറെ പേര് പറഞ്ഞു നടന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെകുറിച്ച് അറിയാത്തവരാണ് അവര്‍.  ഞാന്‍ തെരഞ്ഞെടുപ്പ് കാലത്ത് എന്നും സജീവം ആയിരുന്നു. ഒന്‍പതില്‍ എട്ട് സീറ്റ് കിട്ടാന്‍ പ്രവര്‍ത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ അമ്പലപ്പുഴയ്ക്ക് പുറത്ത് 27 പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. ജില്ലയ്ക്ക് പുറത്ത് പോയും സജീവമായി പ്രവര്‍ത്തിച്ചു. മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ഒരേയൊരു ഇടത് എംപി ജയിച്ചത് ആലപ്പുഴയിലാണ്. വളരെ പാടുപെട്ടാണ് ഞങ്ങള്‍ അദ്ദേഹത്തെ ജയിപ്പിച്ചത്.

 

 

പൊളിറ്റിക്കല്‍ ക്രിമിനലിസം എന്നൊരു പരാമര്‍ശം അങ്ങ് നേരത്തെ നടത്തിയതോര്‍ക്കുന്നു. അതിപ്പോഴും ഉണ്ടോ ?

 അത് വളര്‍ന്നു വരികയാണ്. ഈ സമ്മേളനത്തില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. യുവജന പ്രസ്ഥാനങ്ങളില്‍ ക്രിമിനലിസം വര്‍ദ്ധിച്ചു വരുന്നുവെന്ന്. ഇപ്പോള്‍ ഞാന്‍ സ്റ്റേറ്റ് കമ്മിറ്റിയില്‍ നിന്ന് മാന്യമായി ഒഴിഞ്ഞു, അപ്പൊള്‍ തന്നെ ഒരു പ്രാദേശിക നേതാവ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു- ' ചില അസ്തമയങ്ങള്‍ കാണുമ്പോള്‍ മനസ്സിന് കുളിര്‍മ' എന്ന്.  

സഖാവ് പിണറായിയുടെ കൂടെ,  കോടിയേരിയുടെ കൂടെ ഇന്നലെ വരെ പ്രവര്‍ത്തിച്ച എന്നെ പറ്റി അങ്ങനെ ഒരു പോസ്റ്റ് ഇടേണ്ട കാര്യം അയാള്‍ക്ക് ഇല്ല. അങ്ങനെ കുറച്ചു പേരുണ്ട്. എന്നാല്‍ അങ്ങനെയൊരു പോസ്റ്റ് പിന്‍വലിക്കാന്‍ ഒരാള്‍ പോലും അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ല. ഞാനും ആവശ്യപ്പെട്ടില്ല.  

എഴുത്തുകാരന്‍ എന്ന നിലയില്‍ സജീവമാകുമോ? പുതിയ കൃതികള്‍ പ്രതീക്ഷിക്കാമോ?

എന്റെ ബ്രാഞ്ചില്‍ ഞാന്‍ പ്രവര്‍ത്തിക്കും. കുറച്ച് കുടുംബ കാര്യം, ബാക്കി പൊതു കാര്യം. മന:സമാധാനത്തോടും എന്നാല്‍ വിപ്ലവകരമായും മുന്നോട്ട് പോകും. എനിക്ക് കുറെ എഴുതാന്‍ ഉണ്ട്.  രണ്ടു കവിത സമാഹാരങ്ങള്‍ ഉടന്‍ പ്രകാശിപ്പിക്കും. കാവാല സംഗീതം മറ്റൊന്ന്  നവയുഗപുത്രന്‍. അതില്‍ നവയുഗ പുത്രനില്‍ ഈ കാലത്തിന്റെ നേതാവിനെ പറ്റിയാണ് പറയുന്നത്.

 

 

 റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ എങ്ങനെ കാണുന്നു? 

സൊലെന്‍സ്‌കി സിനിമക്കാരന്‍ ആയത് കൊണ്ട് കാര്യമില്ല. അയാള് കാണിക്കുന്നത് ഗുരുതര കുറ്റമാണ്. ഹിറ്റ്ലറുടെ ചിഹ്‌നം ഷര്‍ട്ടില്‍ ആലേഖനം ചെയ്തു നടക്കുന്നു.  ഹിറ്റ്‌ലറുടെ പേരില്‍ ഒരു സൈനിക വിഭാഗം തന്നെയുണ്ട്. പിന്നെ എങ്ങനെ അയാളെ വിശ്വസിക്കും. നാസി നയം ആണ് അയാളടേത്. അതാണ് റഷ്യ ഭയപ്പെടുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. സമാധാനം നിലനില്‍ക്കണം.

click me!