ഒരു പതിറ്റാണ്ടിന്‍റെ ചലച്ചിത്ര ജീവിതം പൂര്‍ത്തിയാക്കുന്ന സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും 'മുഖക്കണ്ണാടി' (The Looking Glass) എന്ന സിനിമയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌കെ) സ്ഥിരം സാന്നിധ്യങ്ങളായ അപൂര്‍വ സഹോദര സംവിധായകര്‍. 2015ല്‍ കന്നി ഫീച്ചര്‍ സിനിമയായ 'ഛായം പൂശിയ വീട്' മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച് കയ്യടിവാങ്ങിയ ബാബുസേനന്‍ ബ്രദേര്‍സ് 2024ല്‍ കരിയറിലെ പത്താം സിനിമയുമായി 29-ാം ഐഎഫ്എഫ്കെയില്‍ എത്തിയിരിക്കുകയാണ്. 'മലയാളം സിനിമ ടുഡേ' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'മുഖക്കണ്ണാടി'യെയും (The Looking Glass/ Mukhakkannadi) ചലച്ചിത്ര വീക്ഷണങ്ങളേയും കുറിച്ച് സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചു. ഒരു പതിറ്റാണ്ടിന്‍റെ ചലച്ചിത്ര ജീവിതം പൂര്‍ത്തിയാക്കുന്ന ഇരുവര്‍ക്കും പുതിയ സിനിമയായ മുഖക്കണ്ണാടി അല്‍പം സ്‌പെഷ്യലാണ്.
ഒരു കോളേജ് സ്വപ്‌നം പോലെ വളരുന്ന സിനിമ...
ആർട്ട് സിനിമ ചെയ്യണം എന്ന ആഗ്രഹം ഞങ്ങളുടെ കോളേജ് പഠന കാലത്ത് മനസില്‍ മൊട്ടിട്ടതാണ്. മാധ്യമ, പരസ്യ രംഗങ്ങളില്‍ ഏറെക്കാലം ജോലി ചെയ്‌തെങ്കിലും ഫീച്ചർ ഫിലിം ചെയ്ത് തുടങ്ങിയപ്പോഴേക്ക് പ്രായമായി എന്നതാണ് രസകരമായ വസ്‌തുത. പ്രായം അമ്പതുകള്‍ ആയപ്പോഴാണ് ഞങ്ങള്‍ ആദ്യ സിനിമയായ 'ഛായം പൂശിയ വീട്' 2015ല്‍ ചെയ്യുന്നത്. പിന്നീടുള്ള എല്ലാ വര്‍ഷവും ഓരോ സിനിമ വീതം ചെയ്തു. ഓരോ സിനിമ പൂര്‍ത്തിയാക്കുമ്പോഴും കൂടുതൽ മെച്ചപ്പെടുത്തണം എന്ന് തോന്നല്‍ ഉള്ളിലുണ്ടാകും. അങ്ങനെയാണ് പുതിയ സിനിമയെ കുറിച്ച് ആലോചന ആരംഭിക്കുന്നത്. ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനി കോളേജിൽ ഒന്നിച്ച് പഠിച്ച അഞ്ച് സുഹൃത്തുക്കൾ ചേര്‍ന്നുണ്ടാക്കിയതാണ്. ലോകത്ത് മനുഷ്യന്‍റെ മാനസികവ്യാപാരങ്ങളില്‍ എല്ലാക്കാലത്തും മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. അവയില്‍ നിന്നാണ് ഓരോ സിനിമയ്ക്കുമുള്ള ആശയം രൂപപ്പെടുന്നത്. കരിയറില്‍ ഇതുവരെയുള്ള 10 സിനിമകളുമുണ്ടായത് അങ്ങനെയാണ്.
undefined
പ്രചോദനം തർക്കോവ്സ്‌കിയും ബർഗ്‌മനും
കലയുമായി വളരെ അടുത്ത ബന്ധമുള്ളവരാണ് ഞങ്ങൾ രണ്ട് പേരും. നേരത്തെ സംസാരിച്ചത് പോലെ കോളേജ് കാലം മുതൽ സിനിമ രണ്ട് പേരുടേയും ഉള്ളിലുണ്ട്. ചെറുപ്പം മുതലേ സംഗീതവും വരയും സിനിമയും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. ഞങ്ങളുടെ അമ്മാവൻ ഫിലിം മേക്കറായിരുന്നു. പുള്ളിവഴി തർക്കോവ്സ്‌കിയുടെയും ബർഗ്മന്റെയും സിനിമകൾ കണ്ട് പരിചയിച്ചിരുന്നു. മുംബൈയിൽ വിനോദ മാധ്യമ വ്യവസായത്തിലായിരുന്നു ഞങ്ങള്‍ ഏറെക്കാലം ജോലി ചെയ്തത്. പരസ്യരംഗത്തും മോഡലിംഗ് രംഗത്തുമെല്ലാം ചെയ്‌തിരുന്ന വര്‍ക്കുകള്‍ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ മടുപ്പായി. മുംബൈ മടുത്തപ്പോഴാണ് ഏറെക്കാലമായുള്ള സിനിമാമോഹത്തിന് പച്ചക്കൊടി കാട്ടുന്നത്. അങ്ങനെ നാട്ടിലേക്ക് രണ്ട് പേരും തിരികെ വണ്ടികയറി.
ഞങ്ങൾ ചെയ്ത എല്ലാ സിനിമകളും ഞങ്ങളുടെ ജീവിതത്തിൽ നിന്നുള്ളതാണ്. ഞങ്ങൾ സിനിമയെടുക്കുന്നത് വളരെ വ്യക്തിപരമായ ആഖ്യാനങ്ങൾക്ക് വേണ്ടിയാണ്. അത് ഞങ്ങളുടെ മാത്രമല്ല, ചുറ്റുമുള്ള മറ്റ് മനുഷ്യരുടെയും ജീവിതവും അനുഭവങ്ങളും കൂടിയായിരിക്കും. എങ്കിലും എല്ലാ സിനിമകളും ആത്മവിഷ്‌കാരങ്ങളാണ് എന്ന് പറയാം.
ജീവിതം, മരണം, പ്രത്യാശ; ആത്മസംഘര്‍ഷങ്ങളുടെ സിനിമകള്‍
ഞങ്ങളുടെ എല്ലാ സിനിമകൾക്കും ഫിലോസഫിക്കലായ ഒരു തലമുണ്ട് എന്നത് സത്യമാണ്. കഴിഞ്ഞ സിനിമയായ 'ആനന്ദ് മൊണാലിസ മരണവും കാത്ത്' (2023) അത്തരത്തിലൊന്നായിരുന്നു. മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകളാണ് സിനിമകളിലെല്ലാം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അതാണ് ഞങ്ങളുടെ സിനിമകളിലെല്ലാം ജീവിതത്തെ കുറിച്ചേറെ ദാര്‍ശനികവും മാനസികവ്യാപാരങ്ങളുടേതുമായ ആഖ്യാനങ്ങള്‍ കടന്നുവരുന്നത്. മരണവും പ്രത്യാശയും നിരന്തരമായ ആത്മസംഘർഷങ്ങളുമെല്ലാം സിനിമയിൽ വിഷയങ്ങളായി വരുന്നത് സ്വാഭാവികമായിത്തീരുന്നു. ജീവിതത്തെ കുറിച്ചുള്ള അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് സിനിമകളില്‍ സ്വയം ശ്രമിക്കുന്നത്.
'പാശ്ചാത്യര്‍ക്ക് വേണ്ടി സിനിമ ചെയ്യില്ല', അന്ന് തീരുമാനമെടുത്തു
തിരുവനന്തപുരത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഐഎഫ്എഫ്ഐ നടന്നപ്പോഴുണ്ടായ ഒരു സംഭവം മറക്കാനാവാത്തതാണ്. അന്നൊരു ചര്‍ച്ചയില്‍ രാജ്യാന്തര മാധ്യമമായ ദി ഗാർഡിയന്‍റെ ചലച്ചിത്ര നിരൂപകൻ പറഞ്ഞ ഒരു കാര്യം ഞങ്ങളുടെ മനസിൽ തറച്ചു. 'ഞങ്ങൾ പാശ്ചാത്യര്‍ കാണാനാഗ്രഹിക്കുന്ന ഒരു സിനിമയുണ്ട്. അത് ചെയ്താൽ നിങ്ങൾക്ക് രാജ്യാന്തര അംഗീകാരം കിട്ടും' എന്നാണ് അദേഹം ആ ചര്‍ച്ചയില്‍ പറഞ്ഞത്. അന്നെടുത്ത തീരുമാനമാണ് പാശ്ചാത്യര്‍ക്ക് വേണ്ടി ജീവിതത്തില്‍ ഒരിക്കലും സിനിമ ചെയ്യില്ല, നമുക്ക് നമ്മുടെ ശൈലിയിലുള്ള സിനിമ ചെയ്താൽ മതിയെന്നത്. ഞങ്ങള്‍ ചെയ്യുന്ന സിനിമകൾക്ക് ഫെസ്റ്റിവലിനപ്പുറത്തേക്ക് വിപണി കിട്ടുക പ്രയാസമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഈ പരിശ്രമങ്ങള്‍ നടത്തുന്നതും.
ഫെസ്റ്റിവല്‍ സിനിമകള്‍ മാത്രം, നമുക്കത് മതി
ഇതുവരെ ഫെസ്റ്റിവലുകളിൽ മാത്രമേ ഞങ്ങളുടെ സിനിമകൾ പ്രദർശിപ്പിച്ചിട്ടുള്ളൂ. ചിലതൊക്കെ ഒടിടിയില്‍ എത്തി, എന്നാല്‍ ഒരു സിനിമ പോലും തിയറ്റര്‍ റിലീസ് ചെയ്തില്ല. എല്ലാ ലോ-ബജറ്റ് സിനിമകളാണെങ്കിലും അവയൊന്നും ഫെസ്റ്റിവലുകളിൽ മാത്രം കാണിച്ച് മുതല്‍മുടക്ക് തിരികെ പിടിക്കാൻ കഴിയുന്നവയല്ല. എങ്കിലും നേരത്തെ സൂചിപ്പിച്ചത് പോലെ വളരെയധികം പിന്തുണ നൽകുന്ന കോളേജ് സുഹൃത്തുക്കളാണ് ഞങ്ങളുടെ സിനിമകളുടെ കരുത്ത്. ഓരോ പുതിയ സിനിമയ്ക്കുമുള്ള പ്രചോദനം അവരാണ്. ഇൻഡിപെൻഡന്‍റ് സിനിമകൾക്ക് വലിയ പിന്തുണ അക്കാഡമി തലങ്ങളിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. ഒരു സിനിമയ്ക്ക് 25 ലക്ഷം രൂപ ഗ്രാൻഡ് അനുവദിച്ചാൽ അത് എല്ലാ ഇൻഡിപെൻഡന്‍റ് ചലച്ചിത്ര സംവിധായകർക്കും വളരെ സഹായകമാകും. സിനിമ നിർമിക്കാൻ മാത്രമല്ല, അവ പ്രദർശിപ്പിക്കാനും ഒരു ഇടംവേണമല്ലോ. ഐഎഫ്എഫ്കെ അക്കാര്യത്തിൽ ആര്‍ട്ട്ഹൗസ് സിനിമകള്‍ക്ക് വലിയ ആശ്വാസമാണ്. വളരെ മികച്ച പ്രൊജക്ഷൻ ഐഎഫ്എഫ്കെ നൽകുന്നു. നമ്മുടെ നാട്ടുകാരുടെ മുന്നില്‍ ഇത്തരം സിനിമകള്‍ കാണിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷം പിന്നെ പറഞ്ഞറിയിക്കേണ്ടല്ലോ...
ഛായം പൂശിയ വീട്, മറക്കാനാവാത്ത ഐഎഫ്എഫ്‌കെ
2015ല്‍ ആദ്യ സിനിമയായ ഛായം പൂശിയ വീടിന് മികച്ച പ്രതികരണമാണ് ഐഎഫ്എഫ്‌കെയില്‍ ലഭിച്ചത്. അന്നത് വലിയ സെന്‍സറിംഗ് വിവാദം ആയിരുന്നത് കൊണ്ടായിരിക്കാം മൂന്ന് ഷോയ്ക്കും തിങ്ങിനിറഞ്ഞ് കാണികളുണ്ടായിരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ വലിയ ഓര്‍മ്മകളിലൊന്ന് 2015ലെ ആ സിനിമാ പ്രദര്‍ശനമാണ്.
കട്ടിനും വിലക്കിനും എന്നും എതിര്, സീരിയലിനും സെന്‍സറിംഗോ?
കലയ്ക്ക് സെൻസർഷിപ്പിന്‍റെ ആവശ്യമില്ല എന്ന് വിശ്വസിക്കുന്ന ഫിലിം മേക്കേഴ്സാണ് ഞങ്ങൾ. സിനിമയ്ക്ക് സർട്ടിഫിക്കേഷൻ ആവാം. പ്രായത്തിന് അനുസരിച്ച് സര്‍ട്ടിഫൈ ചെയ്യുന്ന സിനിമകള്‍ ആളുകൾക്ക് കാണാനും കാണാതിരിക്കാനുമുള്ള അവസരം നല്‍കുന്നു. ഒരു കലാകാരന് തന്‍റെ കല പ്രകടിപ്പിക്കാനുള്ള അവസരമുള്ളത് പോലെതന്നെ ആളുകൾക്ക് ആ സൃഷ്ടി കാണാതിരിക്കാനും ഏറ്റെടുക്കാതിരിക്കാനുമുള്ള അവകാശമുണ്ട്. അപ്പോൾപ്പിന്നെ സിനിമയിൽ കട്ട് പറയാൻ ഒരു സംവിധാനത്തിന്‍റെ ആവശ്യമില്ല. നോക്കൂ, ഇപ്പോൾ സീരിയലുകൾക്ക് സെൻസർഷിപ്പ് വേണമെന്ന ആവശ്യം ഇവിടെ നിന്ന് പോലും ഉയരുകയാണ്. ജനാധിപത്യത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടിലെ കരുത്തിലായ്‌മയാണ് ഇത് വ്യക്തമാക്കുന്നത്. സീരിയലുകളെ വിലക്കണം എന്ന് പറയുന്നതിൽ അർഥമുണ്ടെന്ന് തോന്നുന്നില്ല.
സ്വന്തം 'മുഖക്കണ്ണാടി', ഈ സിനിമയുടെ സവിശേഷത
'മുഖക്കണ്ണാടി' എന്ന പുതിയ സിനിമ ഒരു മെറ്റഫറാണ്. കലാധരൻ എന്ന വൃദ്ധനായ ചലച്ചിത്രകാരൻ തന്‍റെ ഭൂതകാലത്തോട് മല്ലിടുന്നതാണ് സിനിമയുടെ ഇതിവൃത്തം. അതിലെ വൃദ്ധന്‍ പത്താം സിനിമയെടുക്കുന്ന ഞങ്ങള്‍ രണ്ട് പേരും തന്നെയാണ്. കലാധരനെ മാനസികമായി പിന്തുടരുന്ന കഥാപാത്രങ്ങള്‍ ഞങ്ങളുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ തന്നെയാണ്. ഞങ്ങളേ തന്നെ പ്രതിഫലിപ്പിക്കാനും ചലച്ചിത്രകാരൻമാര്‍ എന്ന നിലയിൽ ആത്മപരിശോധന നടത്താനുമുള്ള ശ്രമമാണ് മുഖക്കണ്ണാടിയെന്ന സിനിമ എന്ന് പറയുകയാവും സിനിമയ്ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച ഇന്‍ട്രോ.
'ആളുകളെ തിയറ്ററില്‍ നിറയ്ക്കുകയല്ല ലക്ഷ്യം'...
സ്ക്രീനില്‍ വളരെ സാവധാനം പുരോഗമിക്കുന്ന സിനിമകളാണ് ഞങ്ങള്‍ എടുക്കുന്നത്. അവ കാണാൻ ഏറെ പേർ എത്തണമെന്ന് നമുക്ക് വാശിപിടിക്കാൻ കഴിയില്ല. ആ തിരിച്ചറിവ് ഈ സിനിമയുടെ എഴുത്തുകാരും സംവിധായകരുമായ ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ഞങ്ങളുടെ മുന്‍ സിനിമകൾ കണ്ട് പരിചയിച്ചവര്‍ക്ക് മുഖക്കണ്ണാടിയും ആസ്വദ്യകരമായിരിക്കും എന്നാണ് തോന്നുന്നത്. ആളുകളെ തിയറ്ററിൽ നിറയ്ക്കാനുള്ള സിനിമകൾ പിടിക്കാൻ ഒരിക്കലും തോന്നിയിട്ടില്ല. 100 ശതമാനം പ്രതിബന്ധതയും സിനിമ എന്ന മാധ്യമത്തോടും കലയോടുമാണ്. എങ്കിലും ഞങ്ങളുടെ ആവിഷ്കാരം ആർക്കെങ്കിലും ഇഷ്ടപ്പെട്ടാൽ അത് വളരെ സന്തോഷമാകും. സിനിമകളെടുക്കുന്ന എല്ലാ സംവിധായകരും അങ്ങനെയാണല്ലോ.
ഞങ്ങളുടെ സിനിമ കാണാനായി സുഹൃത്തുക്കളെ പോലും ഒരിക്കലും ക്ഷണിക്കാറോ നിർബന്ധിക്കാറോ ഇല്ല. നമ്മുടെ സിനിമ അവര്‍ക്ക് പിന്നീട് മറ്റേതെങ്കിലും അവസരത്തില്‍ കാണാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ ഫെസ്റ്റിവലുകളില്‍ വിദേശ സിനിമകള്‍ കാണാന്‍ കിട്ടുന്ന സുവര്‍ണാവസരം ഒഴിവാക്കി ആളുകള്‍ ഞങ്ങളുടെ സിനിമയ്ക്ക് എത്തണം എന്ന നിര്‍ബന്ധം അതിനാല്‍ ഞങ്ങള്‍ വെച്ചുപുലര്‍ത്താറില്ല.
സ്ഥിരം അഭിനയതാക്കള്‍, അതിനുമൊരു കാരണം
തിരക്കഥയും സംവിധാനവും ഞങ്ങൾ രണ്ട് പേരും ചെയ്യുന്നതാണെങ്കിലും എല്ലാ സിനിമകളും ടീം വർക്കാണ്. സിനിമയുടെ ഭാഗമായ എല്ലാവരും ഒന്നിച്ചുള്ള കൂട്ടായ്‌മയിലേ സിനിമ പൂര്‍ത്തീകരിക്കാന്‍ കഴിയൂ. നമ്മുടെ സിനിമകൾക്ക് മുമ്പ് ലോംഗ് റിഹേഴ്സലുകളുണ്ടാകും. അതിനെല്ലാം എത്താന്‍ കഴിയുന്നവരായിരിക്കും സിനിമയില്‍ കാസ്റ്റിംഗില്‍ ഉള്‍പ്പടെ വരിക. സിങ്ക് സൗണ്ടായതിനാല്‍ വളരെ നിശബ്ദമായ സെറ്റിലാണ് സിനിമകള്‍ ഷൂട്ട് ചെയ്യുക. സിങ്ക് സൗണ്ടായതിനാല്‍ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും എല്ലാ സീനുകളും ഡയലോഗുകളും മനപ്പാഠമായിരിക്കും. അതിനാൽ തന്നെ ക്രൂവിലുള്ള എല്ലാവരും ഞങ്ങൾ പ്രതീക്ഷിക്കുന്ന ഫലം ക്യാമറയ്ക്ക് മുന്നിലും പിന്നിലും നൽകും എന്നതാണ് അനുഭവം. അത്രയേറെ താൽപര്യത്തോടെയാണ് അവരെല്ലാം ഞങ്ങൾക്കൊപ്പം വർക്ക് ചെയ്യുന്നത്. അതുകൊണ്ടായിരിക്കാം ആദ്യ സിനിമ മുതലുള്ള കലാധരന്‍ (നടന്‍) അടക്കമുള്ള പലരും പത്താം സിനിമയിലും ഈ സംഘത്തിനൊപ്പമുണ്ട്.
'വൈബ് ബ്രോസ്' ജീവിതത്തിലും സിനിമയിലും
കോളേജ് കാലം മുതൽ കലയെയും സിനിമകളേയും കുറിച്ച് നിരന്തരം ചർച്ച ചെയ്തിരുന്നവരാണ് ഞങ്ങള്‍ രണ്ട് പേരും. നല്ല വൈബാണ് നമുക്കിടയിലുള്ളത്. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമായും ഉണ്ടാവും. എന്നാൽ അതിനെ മറികടക്കാനൊരു കുറുക്കുവഴി ഞങ്ങള്‍ക്ക് തന്നെയറിയാം. സിനിമയുടെ കാര്യത്തില്‍ രണ്ട് പേരിൽ ഒരാൾ ഒരു എതിർ അഭിപ്രായം മുന്നോട്ടുവെച്ചാൽ പിന്നെ അതിനെ ചുറ്റിപ്പറ്റി തര്‍ക്കിച്ചുകൊണ്ടിരിക്കാതെ മറ്റൊരു ആശയം തെരഞ്ഞെടുക്കുകയാണ് വേണ്ടത് എന്നതാണ് ആ അലിഖിത നിയമം. അങ്ങനെ അടുത്ത വിഷയത്തിലേക്ക് അനായാസം ഞങ്ങള്‍ നീങ്ങും, അവിടെ വലിയ തര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല. വളരെ പോസിറ്റീവായി സിനിമാ ചർച്ചകൾ മുന്നോട്ടുപോവാറാണ് പതിവ്. അതാണ് 10 സിനിമകള്‍ പൂര്‍ത്തിയാക്കുന്ന ഈ ജൈത്രയാത്രയുടെ രഹസ്യവും- ബാബുസേനന്‍ ബ്രദേര്‍സ് പറഞ്ഞുനിര്‍ത്തി.
ഐഎഫ്എഫ്‌കെയില്‍ ഡിസംബര്‍ 14ന് പ്രീമിയര്‍
29-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മൂന്ന് പ്രദര്‍ശനങ്ങളാണ് ബാബുസേനന്‍ ബ്രദേര്‍സ് സംവിധാനം ചെയ്ത 'മുഖക്കണ്ണാടി'ക്കുള്ളത്. ഡിസംബര്‍ 14ന് രാവിലെ 11.45ന് ന്യൂ 1 സ്ക്രീനില്‍ സിനിമയുടെ പ്രീമിയര്‍ നടക്കും. ഡിസംബര്‍ 16ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കലാഭവന്‍ തിയറ്ററിലാണ് അടുത്ത പ്രദര്‍ശനം. ഡിസംബര്‍ 18ന് ഉച്ചയ്ക്ക് 12 മണിക്ക് ശ്രീ തിയറ്ററില്‍ മുഖക്കണ്ണാടിയുടെ മൂന്നാം പ്രദര്‍ശനവും അരങ്ങേറും.
കലാധരന്‍, ശ്രീരാം മോഹന്‍, ജ്വാല എസ് പരമേശ്വര്‍, മീര നായര്‍, കൃഷ്‌ണന്‍ നായര്‍, ചിന്‍മയ് ജയമോഹന്‍, അന്‍വദ് അശ്വിന്‍ എന്നിവരാണ് പ്രധാന അഭിനയതാക്കള്‍. ബാബുസേനന്‍ ബ്രദേര്‍സ് തന്നെയാണ് മുഖക്കണ്ണാടിയുടെ തിരക്കഥയ്ക്കും ക്യാമറയ്ക്കും പിന്നില്‍. ശ്രീധര്‍ വി എഡിറ്റിംഗും സന്തോഷ് കെ തമ്പി സംഗീതവും ആനന്ദ് ബാബു സൗണ്ട് ഡിസൈനിംഗും നിര്‍വഹിച്ചിരിക്കുന്നു.
Read more: പ്രത്യേകതകളുണ്ട്... ദേ ഇതാണ് ഇത്തവണത്തെ IFFK