സ്‍ത്രീകള്‍ മാത്രമുള്ള ഒരു സിനിമ- 'വിക്ടോറിയ'യുടെ കഥയുമായി ശിവരഞ്‍ജിനി ഐഎഫ്‍എഫ്‍കെയില്‍

By honey R K  |  First Published Dec 13, 2024, 10:52 PM IST

ശിവരഞ്‍ജിനിയുടെ ആദ്യ സിനിമയാണ് ഐഎഫ്എഫ്‍കെയില്‍ ഇത്തവണ പ്രീമിയര്‍ ചെയ്യുന്നത്.


സ്‍കൂളില്‍ പഠിക്കുന്ന ഒരു കാലമാണ്. ഫിലിം സൊസൈറ്റികളിലൂടെ ക്ലാസ്സിക്കുകള്‍ കണ്ടിട്ടുണ്ട്. ഐഎഫ്‍എഫ്‍കെയെന്ന് കേട്ടിട്ടുണ്ട്. ഐഎഫ്‍എഫ്‍കെയിലെ പേരുകേട്ട സിനിമകള്‍ സിഡിയിലാക്കി ചലച്ചിത്ര പ്രേമിയായ ഒരു ചേട്ടൻ ചെറിയ പൈസയ്‍ക്ക് തരുമായിരുന്നു. അങ്ങനെ കിംകി ഡ്യൂക്കിനെയും മറ്റും പരിചയപ്പെട്ടു. അങ്കമാലിക്കാരിയായ ശിവരഞ്‍ജിനിയുടെ കഥയാണ് ഇത്. 

ആ ശിവരഞ്‍ജിനി ഐഫ്എഫ്‍കെയില്‍ ആദ്യ സിനിമയുമായി എത്തിയിരിക്കുകയാണ്. വിക്ടോറിയ എന്നാണ് സിനിമയുടെ പേര്. ഐഎഫ്‍കെയിലേക്കുള്ള യാത്രയുടെ കഥ ഇനി ശിവരഞ്‍ജിനി തന്നെ പറയും. സംവിധായിക ശിവരഞ്‍ജിനി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു. 

Latest Videos

വിക്ടോറിയ ഉണ്ടായത് ഇങ്ങനെ

undefined

വിക്ടോറിയ എന്ന സിനിമ സ്‍ത്രീ ശാക്തീകരണ പദ്ധതി പ്രകാരം നിര്‍മിച്ചതാണ്. കെഎസ്‍എഫ്‍ഡിസിയാണ് നിര്‍മാണം. ഒരിക്കല്‍ പാര്‍ലറില്‍ പോയപ്പോള്‍ കിട്ടിയ ഒരു ഐഡിയായണ്. അപ്പോള്‍ ഞാനത് എഴുതി വെച്ചിരുന്നു. ഒരു വണ്‍ലൈൻ എന്ന രീതിയില്‍. പിന്നെ കെഎസ്‍ഫ്‍ഡിസി നോട്ടിഫിക്കേഷൻ കണ്ടു. സിനോപ്‍സിസ് അയച്ചു. ഞങ്ങള്‍ക്ക് വര്‍ക്ക്ഷോപ്പ് ഒക്കെ ഉണ്ടായിരുന്നു. അങ്ങനെയാണ് ഇന്നത്തെ വിക്ടോറിയ ഉണ്ടായത്. 

വിക്ടോറിയ എന്ന പേരിനു പിന്നില്‍

ഒരു ബ്യൂട്ടിപാര്‍ലറിലാണ് സിനിമ നടക്കുന്നത്. ബ്യൂട്ടീഷനായി വര്‍ക്ക് ചെയ്യുന്ന ഒരു യുവതിയാണ് വിക്ടോറിയ. അവളുടെ ഒരു ദിവസമാണ് ചിത്രീകരിക്കുന്നത്. വിക്ടോറിയെയാണ് നമ്മള്‍ ആദ്യം മുതലേ ഫോളോ ചെയ്യുന്നത്. അവരുടെ ഒരു ഇമോഷണും അതിന്റെ ചെയ്‍ഞ്ചുമാണ് ഫോളോ ചെയ്യുന്നത്. തുടങ്ങുന്നത് ശരിക്കും ഒരു കോണ്‍ഫ്ലിക്റ്റിലാണ്. അത് സോള്‍വ് ചെയ്യുന്നതോ അല്ലെങ്കില്‍ ക്യാരക്ടര്‍ ചെയ്ഞ്ചൊക്കെയാണ് പിന്നീട് വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് വിക്ടോറിയ എന്ന പേരിട്ടതും.

മുഖമുള്ള സ്‍ത്രീകള്‍ മാത്രം

സ്‍ത്രീകള്‍ മാത്രമാണ് പ്രധാനമായും ഉള്ളത്. പുരുഷൻമാരുടെ ശബ്‍ദം മാത്രമേ ഉള്ളൂ. പശ്ചാത്തലത്തില്‍ നടന്നുപോകുന്ന പുരുഷൻമാരുടെ മുഖവും അവ്യക്തമായാണ് കാണിക്കുന്നത്. മിക്കവരും പുതുമുഖങ്ങളാണ്.

സ്‍ത്രീകളെ മാത്രം തെരഞ്ഞെടുത്തത് ബോധപൂര്‍വം

ബോധപൂര്‍വമാണ് സ്‍ത്രീകളെ മാത്രം തെരഞ്ഞെടുത്തുന്നത്. ഞാൻ അങ്കമാലിയില്‍ സ്ഥിരമായി പോകുന്ന ഒരു പാര്‍ലറാണ് റെഫറൻസായി എടുത്തത്. അവിടെ സ്‍ത്രീകള്‍ മാത്രമാണ് വരാറുള്ളത്. പുരുഷൻമാര്‍ക്ക് പ്രവേശനമില്ല. പുറത്ത് വന്ന് നില്‍ക്കുകയാണ് ചെയ്യുന്നത്. അവിടെ സ്‍ത്രീകള്‍ വരികയും അവരുടെ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യാറാണ് പതിവ്. അവര്‍ക്ക് കംഫര്‍ട്ടായ വസ്‍ത്രങ്ങള്‍ ധരിച്ചാണ് അവിടെയെത്തുക. വെറുതെ വന്ന് പോകുക മാത്രമല്ല, അവിടെയിരുന്ന് സംസാരിക്കുക കൂടി ചെയ്യും. ഒരു സാമൂഹികമായ ഇടം കൂടിയായി ബ്യൂട്ടിപാര്‍ലര്‍ മാറുന്നുണ്ട്.

ഓഡിഷനും വര്‍ക്ക്‍ഷോപ്പും

അഭിനേതാക്കളെ തെരഞ്ഞെടുത്തത് ഓഡിഷൻ വിളിച്ചാണ്, അങ്കമാലി ഭാഷ സംസാരിക്കുന്നവരെയാണ് തേടിയത്. ആക്ടിംഗ് വര്‍ക്ക്‍ഷോപ്പുണ്ടായിരുന്നു. അബു വിളയംകോട് ആണ് കാസ്റ്റിംഗ് ഡയറക്ടര്‍.  ഞങ്ങള്‍ കുറേ ലോംഗ് കൊറിയോഗ്രഫി ഒക്കെ ചെയ്‍ത്, റിഹേഴ്‍സല്‍ ഒക്കെ ചെയ്‍താണ് ആളുകളെ കൊണ്ട് ചെയ്യിപ്പിച്ചത്. സിങ്ക് സൌണ്ടാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതും.

മാറ്റമുണ്ടാക്കിയത് എൻഐഡി

അഹമ്മദാബാദിലെ എൻഐഡിയിലെ പഠനകാലമാണ് മാറ്റമുണ്ടാക്കിയത്.  അത് ശരിക്കും ഡിസൈൻ സ്‍കൂളാണ്. പല വകുപ്പുകളുടെ എക്‍സ്‍പോഷറുണ്ടാകും നമുക്ക്. എന്റെ കൂടെ പഠിച്ചിരുന്ന ആളാണ്  വിക്‍ടോറിയയുടെ കലാസംവിധാനം ചെയ്‍തിരിക്കുന്നത്. ഞാൻ പരിമിതിയില്‍ നിന്ന് ഒരു സിനിമ ചെയ്യാൻ പഠിച്ചത് എൻഐഡിയില്‍ നിന്നാണ്. അവിടെ ഞാൻ ഫിലിം ആൻഡ് വീഡിയോ കമ്മ്യൂണിക്കേഷനാണ് പഠിച്ചത്.

എഴുത്ത് തൊട്ടേ എഡിറ്റിംഗ് തുടങ്ങുന്നു

എൻഐഡിയില്‍ പഠിക്കുമ്പോള്‍ എഡിറ്റിംഗും ഉണ്ടായിരുന്നു. എന്റെ ഹ്രസ്വ ചിത്രങ്ങളും ഞാനാണ് എഡിറ്റ് ചെയ്‍തിരിക്കുന്നത്. പിന്നീട് ഫ്രീലാൻസായും എഡിറ്ററായി ജോലിചെയ്‍തിട്ടുണ്ട്. എഡിറ്റ് ആലോചിച്ചാണ് എഴുതാൻ ശ്രമിക്കുന്നത്. അതിനാല്‍ എഴുത്തിന് ക്ലാരിറ്റി ഉണ്ടാകും. അപ്പോള്‍ ഷൂട്ട് ചെയ്‍തതില്‍ കളയാൻ ഒന്നും ഉണ്ടാകില്ല. സംവിധാനത്തിനും എഴുത്തിനും ഒരുപാട് സഹായിച്ചിട്ടുണ്ട് എഡിറ്റിംഗും എന്നത് വാസ്‍തവമാണ്.

റിഥം, കല്യാണി എന്നിവ പഠനകാലത്ത് പ്രൊജക്റ്റായി ചെയ്‍തതാണെങ്കിലും മുംബൈ ചലച്ചിത്ര മേള, ഐഡിഎസ്എഫ്‍കെ എന്നിവടങ്ങളിലൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  റിഥം ആറ് വനിതാ സംവിധായകരുടെ സിനിമാ ആന്തോളജിയിലും ഇടംനേടിയിരുന്നു. 

ഫിലിം സൊസൈറ്റിയിലെ സിനിമാക്കാലം

ഹൈസ്‍കൂളൊക്കെതൊട്ട് ഞാൻ ഫിലിം സൊസൈറ്റിയില്‍ സിനിമ കാണാൻ പോയിട്ടുണ്ട്. വീട്ടിലും അങ്ങനെ ഒരു പശ്ചാത്തലമുണ്ടായിരുന്നു. വായനയൊക്കെയുള്ള അന്തരീക്ഷമായിരുന്നു. അതിനാല്‍ ക്ലാസിക്കുകളൊക്കെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. ങ്ങനെ ഒക്കെ സിനിമ ചെയ്യാം, ബുദ്ധി ഒക്കെ വേണ്ട കാര്യമാണ് എന്നൊക്കെ തോന്നിയിരുന്നു. 

ഐഎഫ്എഫ്‍കെയ്‍ക്ക് പോകാതെ കണ്ട സിനിമകള്‍

സ്‍കൂളില്‍ പഠിക്കുമ്പോള്‍ ഐഫ്‍എഫ്എഫ്‍കെയില്‍ വന്ന സിനിമകള്‍ വീഡിയോ ആക്കി അങ്കമാലിയിലെ ചലച്ചിത്രപ്രേമിയായ ഒരു ചേട്ടൻ തരുമായിരുന്നു. ചെറിയ തുക ചേട്ടന് കൊടുക്കണം. കിംകി ഡ്യൂക്കിന്റെ സിനിമകള്‍ ഒക്കെ അങ്ങനെ കണ്ടതാണ് . ലെജൻഡുകളുടെ പല പേരുകളും ഐഎഫ്എഫ്‍കെയ്‍ക്ക് വരാതെ അറിഞ്ഞത് അങ്ങനെയായിരുന്നു. 

എനിക്ക് ഐഎഫ്എഫ്‍കെ ഒരു സ്വപ്‍നം

മുമ്പ് ഐഫ്എഫ്എഫ്‍കെയ്‍ക്ക് ഞാൻ വരാറുണ്ട്. എനിക്ക് ഐഎഫ്എഫ്‍കെ ഒരു ഡ്രീമാണ്. ബ്രോഷറില്‍ പേര് കണ്ടപ്പോള്‍ എക്സൈറ്റഡായി. കിട്ടാവുന്ന നല്ല ഓഡിയൻസാണ് ഇത്. മലയാളമറിയുന്ന ഓഡിയൻസ് വേറെ കിട്ടില്ലല്ലോ. നമ്മുടെ ഭാഷയില്‍ സംഭാഷണങ്ങള്‍ മനസ്സിലാക്കുമല്ലോ?. അല്ലെങ്കില്‍ സബ്‍ടൈറ്റില്‍ വായിച്ചിട്ടല്ലേ കാണുക. തിയറ്ററില്‍ വലിയ റിലീസ് ഉണ്ടാൻ സാധ്യത കുറവാണ്. അതിനാല്‍ ഐഎഫ്എഫ്‍കെയെ പ്രതീക്ഷയോടെയാണ്  നോക്കുന്നത്. ചെറിയ കുട്ടികളാണ് അവരുടെ സിനിമകളുമായി ഇത്തവണ എത്തിയിരിക്കുന്നത്. കുറേ വനിതാ സംവിധായകരും ഉണ്ട്. അതൊക്കെ ആവേശം നല്‍കുന്ന കാര്യമാണ്.

വിക്ടോറിയയ്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍

തിരക്കഥ, സംവിധാനം, എഡിറ്റിംഗ്- ശിവരഞ്‍ജിനി. മീനാക്ഷി ജയൻ, ശ്രീഷ്‍മ  ചന്ദ്രൻ, ജോളി ചിറയത്ത്, സ്റ്റീജ മേരി, ദര്‍ശന വികാസ്, ജീന രാജീവ്, രമാ ദേവി എന്നിവരാണ് അഭിനേതാക്കള്‍. ആനന്ദ് രവിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കലാസംവിധാനവും പ്രഡക്ഷൻ ഡിസൈനും അബ്‍ദുള്‍ ഖാദര്‍ ആണ് നിര്‍വഹിക്കുക.  സംഗീതം അഭയദേവ് പ്രഫൂലാണ് നിര്‍വഹിച്ചിരിക്കുന്നത്. കലേഷ് ലക്ഷ്‍മണനാണ് സിങ്ക് സൌണ്ട് റെക്കോര്‍ഡിംഗ് നിര്‍വഹിച്ചിരിക്കുന്നത്. എസ് രാധാകൃഷ്‍ണും സ്‍മിജിത്ത് കുമാര്‍ പി ബിയുമാണ് സൌണ്ട് ഡിസൈൻ.

പ്രീമിയര്‍
12.15ന് കലാഭവനില്‍
 

click me!