ഏഷ്യാനെറ്റിലെ ഗെയിം ഷോ ആയ 'എങ്കിലേ എന്നോട് പറ'യിലെ അവതാരകയുടെ റോളിലാണ് ഇപ്പോള്‍ ശ്വേത മേനോന്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്‍. അനശ്വരം എന്ന ചിത്രത്തിലൂടെ 1991 ല്‍ ആദ്യമായി വെള്ളിത്തിരയിലെത്തിയ ശ്വേത കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളികള്‍ക്ക് മുന്നില്‍ ഉണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റിന്‍റെ ഗെയിം ഷോ ആയ എങ്കിലേ എന്നോട് പറയിലൂടെ അവതാരകയുടെ റോളിലാണ് ശ്വേത പ്രേക്ഷകര്‍ക്ക് മുന്നില്‍ ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്. ബിഗ് ബോസിലെ സഹമത്സരാര്‍ഥി ആയിരുന്ന സാബുമോന്‍ അബ്ദുസമദ് ആണ് ഗെയിം ഷോയിലെ സഹ അവതാരകന്‍. ഇപ്പോഴിതാ ഗെയിം ഷോയെക്കുറിച്ചും സിനിമയിലെ യാത്രയെക്കുറിച്ചുമൊക്കെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് ശ്വേത മേനോന്‍.
വ്യത്യസ്തമായ ഗെയിം ഷോ
ഇത്തരത്തിലുള്ള ഒരു ഗെയിംഷോ ഇവിടെ ആദ്യമായിട്ടാണെന്ന് പറയാം. ആളുകള്‍ക്ക് ഗെയിം എന്താണെന്ന് മനസിലാക്കാന്‍ കുറച്ച് സമയം കൂടി കൊടുക്കണം. കാരണം ഇത് സിംപിളും പവര്‍ഫുളും ആയിട്ടുള്ള ഒരു ഗെയിമാണ്. ഓരോ എപ്പിസോഡും അത്രയേറെ കോംപ്ലിക്കേറ്റഡുമാണ്. പക്ഷെ ഇത്ര പെട്ടന്ന് ഇത്ര മാത്രം സമ്മാനത്തുക നല്‍കുന്ന മറ്റൊരു ഷോ ഇല്ല. ഒരു മിനിട്ടില്‍ ഒരു ലക്ഷം എന്ന് പറയുന്നത് ഒരിക്കലും ചെറിയൊരു കാര്യമല്ലല്ലോ. എപ്പോഴും ഏഷ്യാനെറ്റ് വ്യത്യസ്തമായ ഗെയിമുകള്‍ കൊണ്ടുവരാറുണ്ട്. പക്ഷെ ഇത്തവണ നമ്മള്‍ കൂടി ഉള്‍പ്പെട്ടതുകൊണ്ടാണോ എന്നറിയില്ല വല്ലാത്ത എക്‌സൈറ്റ്‌മെന്റാണ്.
undefined
'എങ്കിലേ എന്നോട് പറ' വേദിയില്‍ ശ്വേത മേനോന്‍
ഞങ്ങള്‍ക്കും അമ്പരപ്പ്
വ്യത്യസ്തതയുളള ഗെയിമുകളാണല്ലോ ഇതെന്ന് ചിന്തിക്കുന്നത് പ്രേക്ഷകര്‍ മാത്രമല്ല ഞങ്ങള്‍ കൂടിയാണ്. ഇതിലെ ഗെയിമുകളോരോന്നും അപ്പപ്പോള്‍ കിട്ടുന്നതാണ്. അവതാരകര്‍ എന്ന നിലയ്ക്കുള്ള പരിഗണന പോലുമില്ലാതെ ഞങ്ങള്‍ക്കുപോലും സത്യം മനസ്സിലാകുന്നത് ഓരോ ഗെയിമും അവസാനിക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഓരോ ഗെയിമും പ്രേക്ഷകരെക്കാള്‍ ആകാംക്ഷയോടെ നോക്കിക്കാണുന്നതും ഞങ്ങള്‍ തന്നെയാണെന്ന് പറയാം.
തുല്യ പ്രാധാന്യം
സെലിബ്രിറ്റിയെന്നോ, സാധാരണക്കാരനെന്നോ ഇല്ലാതെ എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള ഗെയിമുകളാണ് ഇവിടെയുള്ളത്. ചില സാധാരണക്കാരുടെ ജയം കണ്ട് ഞങ്ങള്‍ അതിശയിക്കാറുണ്ട്. ഒരുപക്ഷെ ജയിച്ചവരെക്കാള്‍ അതിശയം ഞങ്ങള്‍ക്കാണെന്നാണ് തോന്നാറുള്ളത്. അതോടൊപ്പം സെലിബ്രിറ്റികള്‍ വന്ന് വെറുംകൈയോടെ മടങ്ങുന്ന കാഴ്ച്ചയുമുണ്ട്. ഓരോ ഷോയും തുടങ്ങുമ്പോള്‍ അതിന് റീച്ചും മറ്റും കിട്ടുന്നതിന്, സെലബ്രിറ്റികളെയാണ് അധികം ഉള്‍പ്പെടുത്താറുള്ളത്. അത് ഇവിടെയും കാണം. എന്നാല്‍ വരും ദിവസങ്ങളില്‍ ഷോ കൂടുതലായിട്ട് സാധാരണക്കാരിലേക്ക് ഇറങ്ങിവരും. കൂടാതെ ഷോ അതിന്റെ പീക്ക് പിരീഡിലേക്ക് കടക്കാന്‍ പോകുന്നേയുള്ളൂ എന്നത് ശരിക്കും ത്രസിപ്പിക്കുന്നതാണ്.
'എങ്കിലേ എന്നോട് പറ'
സാബു 'ഒഫിഷ്യല്‍ കാമുകന്‍'
അപ്പിയറന്‍സ് കാണുമ്പോള്‍ ഇത്തിരി കണിശക്കാരനായി തോന്നുമെങ്കിലും സാബു വളരെ നല്ലൊരു വ്യക്തിയാണ്. ഇന്നസെന്റാണ് സാബു. എന്റെ ഒഫിഷ്യല്‍ കാമുകനാണെന്നാണ് ഞാന്‍ എല്ലാവരോടും പറയാറുള്ളത്. ജെന്റിലായിട്ടുള്ള ചിലരില്‍ ഒരാളാണ്. എനിക്ക് സാബുവിനെ അടുത്ത പരിചയം ബിഗ്‌ബോസ് വീട്ടില്‍ നിന്നാണ്. പക്ഷെ ആകെ കുറച്ച് ദിവസം മാത്രമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളല്ലോ. സാബുവിനോട് അടുത്ത് സംസാരിച്ച് വന്നപ്പോഴേക്ക് ഞാന്‍ ബിഗ്‌ബോസില്‍ നിന്നും പുറത്തായി. എന്നാല്‍ അതിന് ശേഷവും സൗഹൃദം തുടര്‍ന്നു.
ഷൂട്ട്, യാത്രകള്‍
മുംബൈയിലാണ് സ്ഥിരതാമസം എന്നതുകൊണ്ടുതന്നെ ഷൂട്ടിന് കേരളത്തിലേക്കും ചില ഹിന്ദി ഷൂട്ടുകള്‍ക്കായി ഉത്തരേന്ത്യയിലേക്കും സ്ഥിരം യാത്ര തന്നെയാണ്. അതിനിടെ അത്ര വേണ്ടപ്പെട്ട ഉദ്ഘാടനങ്ങളും മറ്റും ഉണ്ടാകും. ലോകമേ തറവാട് എന്ന് പറയുന്നപോലെ, ഭാരതമേ തറവാട് എന്നതാണ് എന്റെ സ്ഥിരം വാചകം. അച്ഛന്‍ എയര്‍ഫോഴ്‌സിലായിരുന്നതുകൊണ്ട് പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിന് പുറത്തായിരുന്നു. എന്നാലും കേരളവും മലയാളികളും തന്നെയാണ് എപ്പോഴും മനസ്സില്‍.
സിനിമയിലെ തിരക്കില്ലായ്‍മ
സിനിമയില്‍നിന്ന് വിട്ടുനിന്നിട്ടൊന്നുമില്ല. നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സിരീസിലൊക്കെ നല്ല രസിച്ചാണ് അഭിനയിച്ചത്. എന്നില്‍ അത്രകണ്ട് താല്‍പര്യം ജനിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കിട്ടാത്തതു കൊണ്ടാണ് സിനിമയില്‍ കാണാത്തത്. പല ചര്‍ച്ചകളും ഇപ്പോഴും നടക്കുന്നുണ്ട്. മലയാളത്തില്‍ മാത്രമേ അഭിനയിക്കൂ എന്നൊന്നുമില്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് ഏത് ഭാഷയും എനിക്ക് ഓക്കെയാണ്. കഥയും കഥാപാത്രവും നന്നാകണം എന്നുമാത്രം.