ഐഎഫ്എഫ്കെ 2024 ല്‍ മലയാളം സിനിമാ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം 'പാത്തി'ന്‍റെ സംവിധായകന്‍ ജിതിന്‍ ഐസക് തോമസ് ചിത്രത്തെക്കുറിച്ച്
അറ്റെന്‍ഷന്‍ പ്ലീസ്, രേഖ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ സംവിധായകനാണ് ജിതിന്‍ ഐസക് തോമസ്. വിന്‍സി അലോഷ്യസിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് രേഖ. അഞ്ച് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി ഫ്രീഡം ഫൈറ്റിലെ ഒരു ചിത്രം സംവിധാനം ചെയ്തതും ജിതിന്‍ ആയിരുന്നു. ഇപ്പോഴിതാ കരിയറിലെ മൂന്നാമത്തെ ഫീച്ചര്‍ ചിത്രവുമായി ഐഎഫ്എഫ്‍കെയിലേക്ക് എത്തുകയാണ് ജിതിന്‍ ഐസക് തോമസ്. പാത്ത് എന്ന ചിത്രത്തിന്‍റെ പ്രീമിയറും ഇവിടെയാണ്. ആദ്യ പ്രദര്‍ശനത്തിന് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് സംവിധായകന്‍.
ആദ്യത്തെ രണ്ട് ഫീച്ചര്‍ ചിത്രങ്ങളും ഒപ്പം ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിലെ ലഘുചിത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴും ഒടിടിയില്‍ ഉണ്ട് ഇവ. അത് കാണുന്ന പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ഇപ്പോഴും വരാറുണ്ടോ?
പ്രതികരണങ്ങള്‍ വരാറുണ്ട്. പക്ഷേ അവയൊന്നും കാര്യമായി പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് ചിത്രങ്ങള്‍ എത്തിയിട്ടില്ല. പിന്നെ ആ സിനിമകള്‍ കുറച്ച് വ്യത്യസ്തമായ ഫ്ലേവറുകളില്‍ ഉള്ളവ ആയതുകൊണ്ട് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും എന്ന അഭിപ്രായവും എനിക്കില്ല. ആ ചിത്രങ്ങള്‍ ലക്ഷ്യമാക്കിയ ഓഡിയന്‍സിലേക്കും അത് എത്തുന്നതേയുള്ളൂ. പിന്നെ ഞാന്‍ ചെയ്തതൊന്നും വലിയ ആര്‍ട്ടിസ്റ്റുകള്‍ ഉള്ള പടങ്ങളും അല്ലല്ലോ. കാണാന്‍ പ്രേരിപ്പിക്കുന്ന മറ്റ് എന്തെങ്കിലും ഘടകങ്ങള്‍ വേണം കാണികള്‍ക്ക് ഈ ചിത്രങ്ങള്‍ കാണാന്‍. ആ രീതിയില്‍ അവര്‍ അവ കണ്ട് തുടങ്ങുന്നതേയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.
പുതിയ ചിത്രം പാത്തിനെക്കുറിച്ച് ഐഎഫ്എഫ്‍കെയുടെ വെബ്സൈറ്റില്‍ കണ്ട ഒരു സിനോപ്സിസ് മാത്രമേ ഉള്ളൂ. ഇവിടെയാണോ പ്രീമിയര്‍?
undefined
അതെ, ഐഎഫ്എഫ്കെ പ്രീമിയര്‍ ആണ്.
ചിത്രം കാണാനിരിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
ഒരു എക്സ്പെരിമെന്‍റല്‍ സിനിമയാണ് പാത്ത്. മോക്യുമെന്‍ററിയാണ് പടം. രേഖ ചെയ്തിട്ട് ഒന്നു രണ്ട് വര്‍ഷമായി. കഴിഞ്ഞ പ്രാവശ്യം ഐഎഫ്എഫ്കെയില്‍ എനിക്ക് പോവാന്‍ പറ്റിയില്ല. അതിന് മുന്‍പുള്ള രണ്ട് പ്രാവശ്യവും രണ്ട് പടങ്ങളുമായി ഐഎഫ്എഫ്കെയില്‍ പോയിട്ടുണ്ടായിരുന്നു. രേഖ അവിടേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഐഎഫ്എഫ്കെ മുന്നില്‍ക്കണ്ട് ചെയ്ത സിനിമയാണ് പാത്ത്. വലിയ ഒച്ചപ്പാടും ബഹളവുമൊന്നും ഇല്ലാത്ത സിനിമയാണ്. ഉള്ളടക്കത്തിനാണ് പ്രാധാന്യം. ആ രീതിയില്‍ വര്‍ക്ക് ആവും എന്ന് വിചാരിക്കുന്നു. അത് ഇഷ്ടപ്പെടുന്ന ആളുകള്‍ ഉണ്ടാവുമെന്ന് ഞാന്‍ വിചാരിക്കുന്നു. ഡോക്യുമെന്‍ററി സ്വഭാവം ഉള്ളതുകൊണ്ട് പുതിയ ആളുകളാണ് ചിത്രത്തില്‍ ഉള്ളത്.
മോക്യുമെന്‍ററി വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഇപ്പോള്‍ പല പരീക്ഷണങ്ങളും നടക്കുന്നുണ്ടല്ലോ?
അതെ. കൊവിഡ് കാലത്തിന് ശേഷം നമ്മുടെ സിനിമാസ്വാദന രീതികളൊക്കെ മാറിയിട്ടുണ്ട്. പല പല സിനിമകളും ആളുകള്‍ കാണുന്നുണ്ട്. മോക്യുമെന്‍ററികള്‍ക്ക് ഇപ്പോള്‍ കുറേക്കൂടി സ്വീകാര്യതയുണ്ടെന്ന് തോന്നുന്നു. ഒരുപാട് പ്രേക്ഷകരിലേക്ക് എത്തില്ല എന്നതാണ് മോക്യുമെന്‍ററിയുടെ വെല്ലുവിളി.
ഐഎഫ്എഫ്കെയുമായുള്ള ബന്ധം?
ആദ്യമായി ഐഎഫ്എഫ്കെയില്‍ വരുന്നത് സ്വന്തം പടവുമായാണ്. അറ്റന്‍ഷന്‍ പ്ലീസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍.
ചലച്ചിത്രകാരനെന്ന നിലയില്‍ മുന്നോട്ടുള്ള യാത്രയില്‍ ഇന്‍ഡിപെന്‍ഡന്‍റ് സിനിമകളാണോ അതോ മുഖ്യധാരാ സിനിമകളാണോ ചെയ്യുക?
മുഖ്യധാരാ ആര്‍ട്ടിസ്റ്റുകളെ വച്ച് മുഖ്യധാരാ സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹം. അങ്ങനെയുള്ള പ്ലാനിംഗും പരിപാടികളുമൊക്കെയാണ് നടക്കുന്നത്. കണ്‍ഫര്‍മേഷന്‍ പറയാറായിട്ടില്ല. അതിലേക്കുള്ള താമസവും പാത്ത് പോലെ ഒരു സിനിമ ചെയ്യാനുള്ള കാരണമാണ്. അടുത്ത സിനിമയായി ഒരു കമേഴ്സ്യല്‍ പടം ചെയ്യണമെന്നാണ് ആഗ്രഹം. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ഒരു ആക്ഷന്‍ സിനിമയായിരിക്കും അത്. ഡാര്‍ക് ഹ്യൂമര്‍ സ്വഭാവത്തിലുള്ള ചിത്രവുമായിരിക്കും.