ഒരു ഇലക്ട്രിക്ക് കാര്‍ സ്വന്തമാക്കുന്നതിനു മുമ്പ് , നിലവിലെ ഇലക്ട്രിക് കാർ ഉടമകൾ, പ്രത്യേകിച്ച് ഇന്ത്യയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്ന അഞ്ച് യഥാർത്ഥ പ്രശ്‍നങ്ങൾ അറിഞ്ഞിരിക്കാം
ലോകമാകെ ഇലക്ട്രിക്ക് വാഹന വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഓട്ടോമൊബൈൽ ലോകത്തും സജീവ ചർച്ചാവിഷയമാണ് ഇലക്ട്രിക് വാഹനങ്ങൾ. ഇപ്പോള്‍ മിക്ക പ്രമുഖ നിർമ്മാതാക്കൾക്കും ഒന്നുകിൽ അവരുടെ വാഹനശ്രേണിയില്‍ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക്ക് മോഡലെങ്കിലും ഉണ്ട്. ഇല്ലാത്തവരാണെങ്കിലോ ഒരെണ്ണത്തിന്‍റെയെങ്കിലും പണിപ്പുരയിലാണുതാനും.
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ലോകാത്താകമാനം കടുത്ത ആരാധകരും കടുത്ത വിമർശകരുമുണ്ട്. ലോകം ഇലക്ട്രിക്ക് വാഹനങ്ങളെക്കുറിച്ച് തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാളെ അത്തരമൊരെണ്ണം വാങ്ങിയാലോ എന്ന് നിങ്ങളും ചിന്തിച്ചേക്കാം. സീറോ എമിഷൻ, വളരെ കുറഞ്ഞ പ്രവർത്തനച്ചെലവ്, താങ്ങാനാവുന്ന സേവന ചെലവുകൾ തുടങ്ങിയവ ഉള്‍പ്പെടെ ഇവികൾക്ക് വ്യക്തമായ ഗുണങ്ങളുണ്ട്. എന്നാൽ ഇത്തരം വാഹനങ്ങള്‍ക്ക് ഒരു ഇരുണ്ട പശ്ചാത്തലവും ഉണ്ടായിരിക്കാം. എന്നാല്‍ വിപണിയിലെ പ്രാരംഭ ഘട്ടത്തിലാണ് എന്നതുകൊണ്ടുതന്നെ ആ ദോഷങ്ങള്‍ വെളിച്ചത്തുവരാൻ അല്‍പ്പം സമയമെടുക്കും എന്നുമാത്രം. അതുകൊണ്ടുതന്നെ ഒരു ഇലക്ട്രിക്ക് കാര്‍ സ്വന്തമാക്കുന്നതിനു മുമ്പ് , നിലവിലെ ഇലക്ട്രിക് കാർ ഉടമകൾ, പ്രത്യേകിച്ച് ഇന്ത്യയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്ന അഞ്ച് യഥാർത്ഥ പ്രശ്‍നങ്ങൾ അറിഞ്ഞിരിക്കുന്നത് ഒരുപക്ഷേ നന്നായിരിക്കും.
undefined
ചാർജ്ജ് ചെയ്യേണ്ടത് എവിടെ?
ഒരു ഇലക്ട്രിക് കാർ നഗര യാത്രകള്‍ക്ക് ഒരു മികച്ച ഓപ്ഷനായിരിക്കാം. എന്നാൽ ഇടയ്ക്കിടെയുള്ള ഹൈവേ യാത്ര ഇഷ്‍ടപ്പെടുന്ന ഏതൊരാൾക്കും, ഗാരേജിലെ ഒരു ഈവിയെ മാത്രം ആശ്രയിക്കാൻ ഇപ്പോൾ പറ്റിയ സമയമായിരിക്കില്ല. ദൈനംദിന, പ്രതിവാര പതിവ് ഡ്രൈവുകൾക്ക് വീടുകളിലെയും ഓഫീസുകളിലെയും ചാർജിംഗ് സൊല്യൂഷനുകൾ മതിയാകും. എന്നാൽ നഗരപരിധി വിട്ടുകഴിഞ്ഞാല്‍ നിങ്ങളില്‍ റേഞ്ച് ആശങ്ക ഉടലെടുക്കും. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നു എന്ന വലിയ അവകാശവാദങ്ങൾ നടക്കുമ്പോഴും അത് ഇപ്പോഴും വളരെ അകലെയാണ് എന്നതാണ് യാതാര്‍ത്ഥ്യം. ഹൈവേകളില്‍ ചാർജിംഗ് സ്റ്റേഷനിൽ എത്താൻ ഒരുപക്ഷേ നിങ്ങൾ അധികമായി ഡ്രൈവ് ചെയ്യേണ്ടിവരും. എത്തിക്കഴിഞ്ഞാലോ ചില ചാര്‍ജ്ജിംഗ് പോയിന്റുകൾ പ്രവർത്തിക്കുന്നുണ്ടാകില്ല. അല്ലെങ്കിൽ ചാർജറിലേക്കുള്ള പ്രവേശന റോഡ് എന്തെങ്കിലും കാരണവശാല്‍ അടച്ചിരിക്കാം. അതുമല്ലെങ്കിൽ സ്റ്റേഷനുകൾക്ക് ചുറ്റും അറ്റകുറ്റപ്പണികള്‍ നടക്കുകയോ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്‍തിരിക്കാം. ദില്ലി നഗര പരിധിക്കുള്ളിലെ ഹൈവേകളിള്‍ ഉള്‍പ്പെടെ ഇലക്ട്രിക്ക് വാഹന ഉടമകള്‍ക്ക ഡ്രൈവര്‍മാര്‍ക്കും ഇത്തരം കയ്പ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തിന് ഒരു വില കൂടിയ ഇവി വാങ്ങണം?
പരമ്പരാഗത ഇന്ധന മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ധനച്ചെലവ് കുറവാണെങ്കിലും ഇവികൾക്ക് വില കൂടുതലാണ്. നിങ്ങൾ ഓരോ ദിവസവും ദീർഘദൂരം ഡ്രൈവ് ചെയ്യുന്നില്ലെങ്കിൽ, ഒരാൾക്ക് ഇന്ധനത്തിൽ ലാഭിച്ചേക്കാവുന്ന ചിലവ് വീണ്ടെടുക്കാൻ വർഷങ്ങളെടുക്കും. ചില കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്, ഒരു ഇവി ഓടുമ്പോൾ വാഹന വിലയില്‍ നിന്നും കണ്ടെത്തണമെങ്കില്‍ ഒരാൾ ഏകദേശം 1.40 ലക്ഷം കിലോമീറ്ററെങ്കിലും ആ വാഹനം ഓടിക്കേണ്ടിവരും എന്നാണ്. മാത്രമല്ല ഇത് ഇന്ധന വില, ഡ്രൈവിംഗ് ശീലങ്ങൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചുമിരിക്കുന്നു.
എന്തൊക്കെയാണ് ഇവി ഓപ്ഷനുകള്‍?
10 ലക്ഷത്തിൽ താഴെയുള്ള ഒരു ഇവി വേണോ ? ടാറ്റ ടിയാഗോ ഇവിയും വരാനിരിക്കുന്ന സിട്രോൺ സി3 ഇലക്ട്രിക്കും ഉണ്ട്. അവയ്ക്ക് സമാനമായ വിലയും ഉണ്ടായിരിക്കാം. 10 ലക്ഷത്തിൽ താഴെ വിലയുള്ള പെട്രോൾ കാർ വേണോ ? നിങ്ങളുടെ ഓപ്ഷനുകൾ അനന്തമാണ്. കാരണം ഹാച്ച്ബാക്ക്, സബ്-കോംപാക്റ്റ് സെഡാൻ, ക്രോസ്ഓവർ, മൈക്രോ എസ്‌യുവികൾ ഉള്‍പ്പെടെ പട്ടിക നീളുന്നു. നിലവിൽ, ഇന്ത്യയിൽ, ഇവികൾ മാത്രം നോക്കിയാൽ എല്ലാ ബോഡി സെഗ്‌മെന്റിലെയും ഓപ്ഷനുകൾ പരിമിതമാണ്. കാലക്രമേണ ഇത് തീർച്ചയായും മാറും. എങ്കിലും ഇപ്പോൾ ഇവി വാങ്ങുന്നതിന് മുമ്പ് തീര്‍ച്ചയായും ഇക്കാര്യം മനസിൽ വയ്ക്കുക.
എപ്പോഴാണ് എന്റെ ഇവി ബാറ്ററിക്ക് 'പണി' കിട്ടുന്നത്?
ബാറ്ററിക്ക് എട്ട് വർഷത്തെ വാറന്‍റിയാണ് നിർമ്മാതാക്കൾ നൽകുന്നത്. ഇിത്ന് നിബന്ധനകളും വ്യവസ്ഥകളും ബാധകവുമാണ്. ബാറ്ററിയുടെ വില കുറയുന്നുണ്ടെങ്കിലും ഒരു ഇവിയുടെ അന്തിമ വിലയിൽ ബാറ്ററി വില ഒരു പ്രധാന ഘടകമായി തുടരുന്നു. ഒരു പക്ഷേ നിങ്ങളുടെ ഇവി ബാറ്ററി അപ്രതീക്ഷിതമായി തകരാറിലാകുകയാണെങ്കില്‍ അത് ശരിയാക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ ഭീമമായ പണം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് വ്യക്തിഗത ബജറ്റിന് വലിയ തിരിച്ചടിയാകും. ഇവികള്‍ക്ക് തകരാറുകൾക്കുള്ള സാധ്യത കുറവാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്. എങ്കിലും ഇതിന് വ്യക്തമായ സ്ഥിരീകരണമൊന്നും ഇല്ല.
ഞാൻ എങ്ങനെയാണ് എന്റെ ഇവി വിൽക്കുക?
സെക്കൻഡ് ഹാൻഡ് വാഹന വിപണിയിൽ ഇവികൾക്ക് യഥാർത്ഥത്തിൽ എങ്ങനെ വിലമതിക്കുമെന്ന് ഇതുവരെ ആർക്കും അറിയില്ല. ഇവികള്‍ പുതിയതാണ് എന്നതുതന്നെ മുഖ്യകാരണം. അവ എവിടെയും വർഷങ്ങള്‍ ഉപയോഗിച്ചതിന് ശേഷം പരീക്ഷിക്കാവുന്നത്ര പഴക്കമുള്ളവയല്ല. അപ്പോൾ ഈ ചോദ്യം സെക്കൻഡ് ഹാൻഡ് വിപണിയിൽ നിന്നും വാഹനങ്ങള്‍ വാങ്ങുന്നവരെ പിന്തിരിപ്പിക്കാൻ സാധ്യതയുണ്ട്. അതായത് ഇപ്പോള്‍ വാങ്ങിയ ഇവി വില്‍ക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഒരുപക്ഷേ നടന്നെന്നുവരില്ല എന്ന് അര്‍ത്ഥം.
പെട്രോള്‍ ടൂവീലറുകള്‍ക്ക് ഇനി രജിസ്ട്രേഷൻ കിട്ടില്ല, ഊരാക്കുടുക്കിലായി ഈ സംസ്ഥാനത്തെ പൊതുജനം!
അതേസമയം ഇലക്ട്രിക് വാഹനങ്ങൾ, പ്രത്യേകിച്ച് ഇലക്ട്രിക് കാറുകൾ മികച്ചതാണ്. നിശബ്‍ദവും ശക്തവുമായ പ്രകടനവുമൊക്കെ 'പരമ്പരാഗത' വാഹനങ്ങളെ മാറ്റിസ്ഥാപിക്കാനുള്ള ഇവികളുടെ കഴിവുകളായി വിലയിരുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ പ്രശ്‍നങ്ങള്‍ പഠിക്കുകയും ഒരു ഇവി നിങ്ങളുടെ വ്യക്തിഗത ആവശ്യത്തിന്‍റെ ഭാഗമാണോ അതോ വെറും ഒരു ഫാഷൻ മാത്രമാണോ എന്ന് വ്യക്തമായി മനസിലാക്കിയ ശേഷം മാത്രം വാഹനം വാങ്ങാനുള്ള തീരുമാനം എടുക്കുന്നതാകും ഉചിതം.
Courtesy : HT Auto