2022-23 സാമ്പത്തിക വർഷത്തിൽ ഹ്യുണ്ടായ്, കിയ, മഹീന്ദ്ര, ഹോണ്ട എന്നിവ ഉൾപ്പെടെ എട്ട് വാഹന നിർമ്മാതാക്കൾ കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമത (CAFE) മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാഡർ കണ്ടെത്തിയതായി റിപ്പോർട്ട്
ഹ്യുണ്ടായ്, കിയ, മഹീന്ദ്ര, ഹോണ്ട എന്നിവ ഉൾപ്പെടെ രാജ്യത്തെ എട്ട് കാർ നിർമാണ കമ്പനികൾക്ക് കേന്ദ്ര സർക്കാർ 7,300 കോടി രൂപ പിഴ ചുമത്തിയേക്കും. ഈ കമ്പനികൾ 2022-23 സാമ്പത്തിക വർഷത്തിൽ മലിനീകരണ തോത് പാലിക്കാത്തതായി കേന്ദ്രം കണ്ടെത്തിയെന്ന് ഇന്ത്യൻ എക്‌സ്പ്രസിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായിക്കാണ് ഏറ്റവും ഉയർന്ന പിഴ. 2,800 കോടി രൂപയാണ് ഹ്യുണ്ടായിയുടെ പിഴ. മഹീന്ദ്രയും (ഏകദേശം 1,800 കോടി രൂപ), കിയയും (1,300 കോടിയിലധികം) ആണ് തൊട്ടുപിന്നിൽ. ഇവർക്ക് പിന്നാലെ റെനോ (438.3 കോടി), സ്കോഡ (248.3 കോടി), നിസാൻ (172.3 കോടി), ഫോഴ്‌സ് മോട്ടോർ (1.8 കോടി) എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.
2023 സാമ്പത്തിക വർഷത്തിൽ കമ്പനി നേടിയ ലാഭത്തിൻ്റെ (4,709 കോടി രൂപ) ഏതാണ്ട് 60 ശതമാനമാണ് ഹ്യുണ്ടായിയുടെ പിഴ. 2021-22 ലെ വാർഷിക ഇന്ധന ഉപഭോഗ കംപ്ലയൻസ് റിപ്പോർട്ട് ലഭ്യമാണ്. അതേസമയം 2022-23 ലേക്കുള്ളത് ഒരു വർഷത്തിലേറെ വൈകിയതിനാൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 2021-22ൽ 19 കാർ നിർമ്മാതാക്കളും എമിഷൻ മാനദണ്ഡങ്ങൾ പാലിച്ചു. എട്ട് ഓട്ടോ കമ്പനികൾക്കും വൈദ്യുതി, റോഡ് ഗതാഗതം, പെട്രോളിയം, ഘനവ്യവസായ മന്ത്രാലയങ്ങൾക്കും അയച്ച ചോദ്യങ്ങൾക്ക് പ്രസിദ്ധീകരണ സമയം വരെ ഒരു പ്രതികരണവും ലഭിച്ചില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
undefined
കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി 2022-23 വർഷത്തിൽ വിൽക്കുന്ന എല്ലാ യൂണിറ്റുകൾക്കും കാർ കമ്പനികൾ ഇന്ത്യയുടെ കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമത (CAFE) മാനദണ്ഡങ്ങൾ കൈവരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനർത്ഥം 100 കിലോമീറ്ററിന് ഇന്ധന ഉപഭോഗം 4.78 ലിറ്ററിൽ കൂടരുത്, കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കിലോമീറ്ററിന് 113 ഗ്രാം കവിയാൻ പാടില്ല എന്നിവയാണ്. കാരണം, ഇത് ഉപയോഗിക്കുന്ന ഇന്ധനത്തിൻ്റെ അളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
എന്താണ് കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമത (CAFE) മാനദണ്ഡങ്ങൾ?
2017-ൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച CAFE മാനദണ്ഡങ്ങൾ, ഒരു സാമ്പത്തിക വർഷത്തിൽ ഒരു കാർ നിർമ്മാതാക്കളുടെ ഫ്ലീറ്റ് പുറന്തള്ളാൻ കഴിയുന്ന കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് പരിമിതപ്പെടുത്തുന്ന ഒരു കൂട്ടം നിയമങ്ങളാണ്. കർശനമായ മാനദണ്ഡങ്ങളോടെ 2022-ൽ ഈ നിയമങ്ങൾ പരിഷ്‌കരിച്ചു. എല്ലാ മോഡലുകളിലും 100 കിലോമീറ്ററിന് 4.78 ലിറ്ററിൽ കൂടാത്ത ഇന്ധന ഉപഭോഗവും കിലോമീറ്ററിന് 113 ഗ്രാമിൽ കൂടാത്ത കാർബൺ ഡൈ ഓക്‌സൈഡ് ഉദ്‌വമനവും ഉണ്ടായിരിക്കണമെന്ന് ഈ നിയമം പറയുന്നു. 2022-23 സാമ്പത്തിക വർഷം മുതലാണ് കഫേ മാനദണ്ഡങ്ങൾ കർശനമാക്കിയത്. പിഴയുടെ അളവ് കേന്ദ്രവും വാഹന വ്യവസായവും തമ്മിലുള്ള തർക്ക വിഷയമായി മാറിയിരിക്കുകയാണ്. സ്‌കോഡ , റെനോ , നിസാൻ മോട്ടോർ, ഫോഴ്‌സ് മോട്ടോഴ്‌സ് എന്നിവ ഉൾപ്പെടുന്ന എട്ട് കാർ നിർമ്മാതാക്കൾ മുൻ സാമ്പത്തിക വർഷം കഫേ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് പറയുന്നു .
കമ്പനികൾ പറയുന്നത് എന്താണ്?
അതേസമയം 2023 ജനുവരി ഒന്നുമുതൽ മാത്രമേ പുതിയതും കർശനവുമായ പിഴ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരികയുള്ളൂവെന്നും അതിനാൽ മുഴുവൻ സാമ്പത്തിക വർഷം വിറ്റ കാറുകളുടെ അടിസ്ഥാനത്തിൽ പിഴ കണക്കാക്കുന്നത് ഉചിതമല്ലെന്നും കാർ നിർമ്മാതാക്കൾ വാദിക്കുന്നു. 2023 ജനുവരി 1-ന് മുമ്പ്, അതായത് 2017-18 മുതൽ, BEE അനുസരിച്ച് വാഹനങ്ങൾ 100 കിലോമീറ്ററിന് 5.5 ലിറ്ററിൽ താഴെ ഇന്ധനം ഉപയോഗിക്കുകയും ശരാശരി കാർബൺ ഉദ്‌വമനം കിലോമീറ്ററിന് 130 ഗ്രാം CO2 ആയി പരിമിതപ്പെടുത്തുകയും വേണം.
എങ്ങനെയാണ് പിഴ നിശ്ചയിക്കുന്നത്?
നിലവിൽ, 100 കിലോമീറ്ററിന് 0.2 ലിറ്ററിൽ താഴെ ഇന്ധനം ഉപയോഗിക്കുന്ന വാഹനത്തിന് 25,000 രൂപയും ഈ പരിധി കവിഞ്ഞ ഇന്ധന ഉപഭോഗത്തിന് 50,000 രൂപയുമാണ് വാഹന നിർമാതാക്കൾ പിഴയായി നൽകേണ്ടത്. കൂടാതെ അടിസ്ഥാന പിഴയായി 10 ലക്ഷം രൂപയും അടക്കണം.
18 ഓട്ടോമൊബൈൽ നിർമ്മാതാക്കളിൽ നിന്നുള്ള മോഡലുകളും വേരിയൻ്റുകളും 2022-23 ൽ യഥാർത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ അംഗീകൃത ലബോറട്ടറികളിൽ പരീക്ഷിച്ചു. ഒരു കൂട്ടം കാറുകളുടെ ഫലങ്ങൾ നിർദ്ദിഷ്‌ട കഫേ (CAFE) മാനദണ്ഡങ്ങളുമായി പൊരുത്തപ്പെട്ടില്ല. അങ്ങനെയാണ് ഒരുവർഷം മുഴുവനും വിറ്റഴിച്ച മൊത്തം കാറുകളുടെ എണ്ണത്തിന് പിഴകൾ കണക്കാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ വടക്കൻ ഭാഗങ്ങൾ, പ്രത്യേകിച്ച് ഡൽഹിയിലും അതിൻ്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും, കടുത്ത മലിനീകരണത്തിൻ്റെ പിടിയിലായിരിക്കുന്ന സമയത്താണ് റിപ്പോർട്ട് പുറത്തുവരുന്നത്.