പഴയ വണ്ടി നല്‍കി ഉടമയെ വഞ്ചിച്ചു, കിയ ഡീലര്‍ഷിപ്പിന് 16 ലക്ഷം പിഴ ചുമത്തി കോടതി

By Web Team  |  First Published Mar 6, 2023, 12:54 PM IST

ഉപഭോക്താവിനെ വഞ്ചിച്ചതിന് ഒരു കാര്‍ ഡീലര്‍ഷിപ്പിന് 16 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ് ഉപഭോക്തൃ കോടതി. ബുക്ക് ചെയ്‍ത മോഡലിന് പകരം പഴയ മോഡൽ ഡെലിവറി ചെയ്‍തെന്ന പരാതിയില്‍ കിയ ഡീലര്‍ഷിപ്പിനാണ് ഉപഭോക്തൃ കോടതി പിഴ ചമുത്തിയത്.  


കാർ ഡീലർഷിപ്പുകളിൽ നിന്ന് ഉപയോക്താക്കൾക്ക് ആവശ്യമുള്ള സേവനങ്ങൾ ലഭിക്കാത്ത കേസുകൾ ഇന്ന് പതിവാണ്. എന്നാല്‍ മുൻനിര ബ്രാൻഡുകളിൽ ഉപയോക്താക്കൾക്കുള്ള വിശ്വാസത്തിന്റെ നഗ്നമായ ലംഘനം ഉണ്ടാകുമ്പോൾ കാര്യങ്ങൾ കൂടുതൽ പ്രശ്‌നകരമാകും. ഇപ്പോഴിതാ ഇത്തരത്തില്‍ ഉപഭോക്താവിനെ വഞ്ചിച്ചതിന് ഒരു കാര്‍ ഡീലര്‍ഷിപ്പിന് 16 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ് ഉപഭോക്തൃ കോടതി. ബുക്ക് ചെയ്‍ത മോഡലിന് പകരം പഴയ മോഡൽ ഡെലിവറി ചെയ്‍തെന്ന പരാതിയില്‍ കിയ ഡീലര്‍ഷിപ്പിനാണ് ഉപഭോക്തൃ കോടതി പിഴ ചമുത്തിയതെന്നും കർണാടകയിൽ ഹുബ്ബള്ളിയിലാണ് സംഭവം എന്നും ടീം ബിഎച്ച്പി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഗശാന്തി കിയ ഷോറൂമിനാണ് പിഴ വിധിച്ചിരിക്കുന്നത്. സര്‍വ്വീസിലെ അപാകതയ്ക്ക് ഉപഭോക്താവിന് പുതിയ വാഹനം നൽകുകയോ അല്ലെങ്കിൽ 15,95,110 രൂപ പിഴയായി നൽകുകയോ ചെയ്യണമെന്നാണ് ജില്ലാ ഉപഭോക്തൃ പരാതി പരിഹാര ഫോറം ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

ധാർവാഡിലെ ജെഎസ്എസ് കോളേജിലെ അധ്യാപകനായ നാഗരാജ് പാട്ടീലാണ് ഡീലർഷിപ്പിനെതിരെ പരാതിയുമായി എത്തിയത്. 2020 മെയ് 28 ന് ഇദ്ദേഹം കിയ സെൽറ്റോസ് HTK+ G സ്മാർട്ട് സ്ട്രീം 1.5 ലിറ്റർ മോഡൽ ബുക്ക് ചെയ്‍തിരുന്നു. 2020 ജൂലൈ രണ്ടിന്, കിയ ഡീലർ സെൽറ്റോസ് HTK 1.5 ലിറ്റർ വാഹനം ഇദ്ദേഹത്തിന് ഡെലിവറിയും ചെയ്‍തു. എന്നാല്‍ തനിക്ക് ലഭിച്ചത് താൻ ബുക്ക് ചെയ്‍ത വാഹനം അല്ലെന്നും പഴയ മോഡലാണെന്നും വാങ്ങി ഒരു മാസത്തിന് ശേഷമാണ് മനസിലായതെന്ന് നാഗരാജ് പറയുന്നു. സംശയം തോന്നി ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് തനിക്ക് കൈമാറിയ കാർ പഴയ സെൽറ്റോസ് HTK+ 1.5 മോഡലാണെന്നും 2020 ജൂൺ രണ്ടിന് ഔദ്യോഗികമായി പുറത്തിറക്കിയ പുതിയ മോഡ്‍ അല്ലെന്നും തിരിച്ചറിഞ്ഞതെന്നും ഉടമ വ്യക്തമാക്കുന്നു.

Latest Videos

undefined

വാഹനത്തിനു മുകളില്‍ കറന്‍റ് കമ്പനി വീണാല്‍ ചെയ്യേണ്ടതും അരുതാത്തതും!

തുടർന്ന് ഉടമ ഡീലറെ ബന്ധപ്പെടുകയും വാഹനം മാറ്റി നല്‍കാൻ ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തിൽ അന്വേഷണം നടത്തി പരിഹാരം കാണുമെന്ന് ഡീലര്‍ഷിപ്പ് ആദ്യം ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് വാഹനം മാറ്റാൻ അവര്‍ വിസമ്മതിച്ചു.  23,000 രൂപയുടെ വിപുലീകൃത വാറന്റി, പുതിയ മോഡലിൽ ലഭ്യമായ അതേ ഫീച്ചറുകളോടെ കാർ സജ്ജീകരിക്കുക തുടങ്ങിയ ചില ഓഫറുകളും ഡീലര്‍ഷിപ്പ് അവർ നൽകി. എന്നാൽ, പുതിയ വാഹനം നൽകണമെന്ന് ഉടമ നിർബന്ധിച്ചു. വാഹനം മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അദ്ദേഹം ഡീലറെ സമീപിച്ചു. പക്ഷേ വാഹനം മാറ്റി നൽകാൻ ഡീലര്‍ തയ്യാറായില്ല.  തുടർന്നാണ് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിക്കാൻ ഉടമ തീരുമാനിച്ചത്.

പരാതിക്കാരൻ കള്ളം പറയുകയാണെന്നും അദ്ദേഹം ബുക്ക് ചെയ്‍ത കാർ തന്നെയാണ് കമ്പനി അദ്ദേഹത്തിന് നൽകിയത് എന്നുമാണ് ഡീലർഷിപ്പ് കോടതിയിൽ വാദിച്ചത്. ഇരുഭാഗത്തുനിന്നും വാദങ്ങൾ കേൾക്കുകയും ലഭ്യമായ രേഖകൾ പരിശോധിക്കുകയും ചെയ്‍ത ഫോറം ചെയർമാൻ ഇഷപ്പ ഭൂട്ടെ, അംഗങ്ങളായ വി.ഐ. ബോളിഷെട്ടി, പി.സി. ഹിരേമത്ത് എന്നിവർ പരാതിക്കാരൻ ബുക്ക് ചെയ്‍ത വാഹനം നാഗശാന്തി കിയ ഡെലിവർ ചെയ്‍തിട്ടില്ലെന്ന നിഗമനത്തിലെത്തി. ഇത് സർവ്വീസിലുള്ള വീഴ്ചയാണെന്നും കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണെന്നും കൺസ്യൂമർ ഫോറം വ്യക്തമാക്കി. കാർ ഡീലർ വിശ്വാസ ലംഘനം നടത്തുകയും പഴയ മോഡൽ വാഹനം ഡെലിവർ ചെയ്ത് ഉപഭോക്താവിനെ വഞ്ചിക്കുകയും ചെയ്‍തതായും കോടതി കണ്ടെത്തി.

തുടര്‍ന്ന് ഉപഭോക്താവ് ബുക്ക് ചെയ്ത മോഡൽ ഒരു മാസത്തിനുള്ളിൽ ഡെലിവർ ചെയ്യാൻ കൺസ്യൂമർ ഫോറം ഡീലർക്ക് നിർദ്ദേശം നൽകി. ഈ ഓർഡർ ഒരുമാസത്തിനുള്ളിൽ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, നാഗശാന്തി ഡീലർഷിപ്പ് ഉപഭോക്താവിന് 2020 ജൂലൈ 2 മുതൽ 8.0 ശതമാനം പലിശ സഹിതം14.85 ലക്ഷം രൂപ റീഫണ്ട് ചെയ്യുകയും ഉപഭോക്താവിന് ഉണ്ടായ അസൗകര്യത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും വേണമെന്നും അതോടൊപ്പം വിധി വന്ന് ഒരു മാസത്തിനുള്ളിൽ ചെലവുകൾക്കായി 10,000 രൂപ കൂടി നൽകണമെന്നും ഫോറം ഡീലറോട് നിർദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഡീലറുടെ ഭാഗത്തുള്ള അന്യായമായ വ്യാപാര രീതികളും സേവനങ്ങളിലെ കുറവും സൂചിപ്പിക്കുന്ന ഉപഭോക്തൃ ഫോറത്തിന്‍റെ ഉത്തരവിലെ പ്രധാന ഭാഗങ്ങള്‍

  • ബുക്കിംഗ് തുകയുടെ രസീതിൽ ബുക്ക് ചെയ്ത മോഡലിനെ പരാമർശിക്കുന്നില്ല. ഉപഭോക്താവ് പഴയ മോഡലാണ് ബുക്ക് ചെയ്തതെന്ന് തെളിയിക്കുന്ന ഒരു രേഖയും നൽകാൻ ഡീലർക്ക് കഴിഞ്ഞില്ല. പുതിയ മോഡൽ ലഭിക്കുമെന്ന് വാക്കാൽ ഉറപ്പ് നൽകിയതായി ഉടമ പറയുന്നു.
  • ബുക്കിംഗ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പുതിയ മോഡൽ ഔദ്യോഗികമായി പുറത്തിറക്കിയതിനാൽ, പുതിയ മോഡൽ തിരഞ്ഞെടുക്കുന്നത് സ്വാഭാവിക മനുഷ്യ പ്രവണതയായിരിക്കും.
  • പഴയ മോഡൽ ഡീലറുടെ പക്കൽ എളുപ്പത്തിൽ ലഭ്യമായിരുന്നതിനാൽ, ഡെലിവറി ലഭിക്കുന്നതിന് ഉപഭോക്താവിനെ ഒരു മാസത്തിലധികം കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടാണ്.
  • ഒരു പുതിയ മോഡലിന്റെ ഔദ്യോഗിക ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഡീലർമാർ അനൗദ്യോഗിക ബുക്കിംഗുകൾ സ്വീകരിക്കുന്നത് സാധാരണ രീതിയാണ്.
  • ഡീലർഷിപ്പ് ജീവനക്കാർ ആദ്യം തങ്ങളുടെ തെറ്റ് അംഗീകരിച്ചതായി പരാതിക്കാരൻ റെക്കോഡ് ചെയ്ത ടെലിഫോൺ സംഭാഷണങ്ങൾ വെളിപ്പെടുത്തുന്നു.
  • കിയ സെൽറ്റോസ് ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഉപഭോക്തൃ ഫോറം ഇനിപ്പറയുന്ന ഓപ്ഷനുകൾ ഡീലർഷിപ്പിന് നൽകിയിട്ടുണ്ട് .
  •  
  • പരാതിക്കാരൻ പറഞ്ഞതുപോലെ പഴയ മോഡൽ തിരികെ വാങ്ങി പുതിയ മോഡൽ എത്തിക്കുക.
  • ഒരു പുതിയ മോഡൽ ലഭ്യമല്ലെങ്കിൽ, പരാതിക്കാരന് തിരഞ്ഞെടുക്കാവുന്ന മറ്റൊരു പുതിയ വേരിയന്റ് നൽകുക. പുതിയ വേരിയന്റിന് ബാധകമായ ഏത് അധിക തുകയും പരാതിക്കാരനിൽ നിന്ന് എടുക്കാം.
  • ഡെലിവറി തീയതി മുതൽ അവസാന പേയ്‌മെന്റ് തീയതി വരെ ബാധകമായ, പ്രതിവർഷം 8% പലിശ സഹിതം 14,85,110 രൂപ മുഴുവൻ റീഫണ്ട് ചെയ്യുക.
  • കൂടാതെ, 10,000 രൂപ വ്യവഹാരച്ചെലവിനൊപ്പം പരാതിക്കാരന് അസൗകര്യത്തിനും മാനസിക പീഡനത്തിനും ഒരു ലക്ഷം രൂപ നൽകാനും ഡീലർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്താണ് പിഡിഐ അഥവാ പ്രീ ഡെലിവറി പരിശോധന?
വാഹന ഡെലിവറിക്ക് മുമ്പുള്ള പരിശോധന (പിഡിഐ) നടത്തേണ്ടതിന്റെ പ്രാധാന്യം ഈ കേസ് വീണ്ടും എടുത്തുകാണിക്കുന്നു. തെറ്റുകളും വീഴ്ചകളും തിരുത്താൻ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത് സഹായിക്കും. കോടതി പോരാട്ടങ്ങളുടെ മടുപ്പിക്കുന്ന പ്രക്രിയ ഒഴിവാക്കാം. 

പുതിയ കാര്‍ വാങ്ങുന്നോ? പേപ്പറുകളില്‍ ഒപ്പിടും മുമ്പ് ജാഗ്രത; ഇല്ലെങ്കില്‍ പിന്നെ കരയേണ്ടി വരും!

click me!