റോബിൻ ബസ് - എംവിഡി യുദ്ധം. സ്റ്റേജ് കാര്യേജുകളെപ്പറ്റിയും കോണ്ട്രാക്ട് കാര്യേജുകളെപ്പറ്റയും പുതിയ നിയമം ഉണ്ടാക്കുന്ന ഗുണദോഷങ്ങളെപ്പറ്റിയും ആശങ്കളെക്കുറിച്ചും അറിയേണ്ടതെല്ലാം
റോബിൻ എന്ന സ്വകാര്യ ബസും മോട്ടോർവാഹനവകുപ്പുമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളികളുടെ വാര്‍ത്താലോകത്ത് നിറഞ്ഞുനില്‍ക്കുന്നത്. പുതിയ കേന്ദ്ര നിയമം വന്നതോടെയാണ് ബസ് സർവ്വീസുകളുടെ രീതി തന്നെ മാറിമറിയുന്നത്. മോട്ടോർ വാഹന ചട്ടത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടാണ് ഇതുവരെ ടൂറിസ്റ്റ് ബസ്സുകൾ ഓടിയിരുന്നത്. അപ്പോൾ പല സംസ്ഥാനങ്ങളിലും വേറെവേറെ നികുതി അടയ്ക്കണമായിരുന്നു. ആ അസൗകര്യം ഒഴിവാക്കാനാണ് 2023 ൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം കൊണ്ടുവന്നത്. അതുപ്രകാരം ഇന്ത്യയിലെ ഏത് സംസ്ഥാനത്തെയും നികുതി അടച്ച് കോണ്ട്രാക്റ്റ് കാരിയേജ് ഓപ്പറേറ്റ് ചെയ്യാം ബസ് ഉടമയ്ക്ക്. മൂന്ന് ലക്ഷം രൂപ വർഷം പെർമിറ്റ് ഫീസ് അടച്ചാൽ, ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലൂടെയും തന്റെ ബസ് ഓടിക്കാം. ഈ പുതിയ നിയമത്തിലെ ചില വ്യവസ്ഥകൾ പ്രകാരം നിലവിൽ കോൺട്രാക്ട് കാരിയേജ് ആയ തന്റെ ബസ്സിനെ, ബോർഡ് വെച്ച്, സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റി സ്റ്റേജ് കാരിയേജ് പോലെ ഓടിക്കാം എന്നാണ് റോബിൻ ബസ് ഉടമ ഗിരീഷ് അവകാശപ്പെടുന്നത്. എന്നാൽ, അങ്ങനെ പുതിയ നിയമത്തിൽ പറയുന്നില്ലെന്ന്, തുടർച്ചയായി വണ്ടി തടഞ്ഞു പിഴ ഈടാക്കുന്ന മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കുന്നു. തർക്കം എന്തായാലും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ഇതിനെപ്പറ്റി അറിയേണ്ടതെല്ലാം ഇതാ
എന്തൊക്കെ തരം പെർമിറ്റുകള്‍
ആദ്യം എന്തൊക്കെ തരം പെർമിറ്റുകളാണ് ഉള്ളതെന്ന് അറിയാം. നിലവില്‍ രണ്ടുതരം പെർമിറ്റുകളാണ് ബസുകൾക്കു ബാധകം. ഒന്ന് റൂട്ട് ബസുകൾക്കുള്ള സ്റ്റേജ് കാരേജും മറ്റേത് കോൺട്രാക്ട് കാരേജും. റൂട്ട് നിശ്ചയിച്ച് നിരക്ക് പ്രഖ്യാപിച്ച് ഓരോ പോയന്റിൽനിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടു പോകാനുള്ളതാണ് സ്റ്റേജ് കാര്യേജ് പെർമിറ്റ്. ഒരു ബസിന് ടിക്കറ്റു നൽകി യാത്രക്കാരെ കൊണ്ടുപോകണമെങ്കിൽ നിലവിലെ നിയമം അനുസരിച്ച് സ്റ്റേജ് കാര്യേജ് പെർമിറ്റ് തന്നെ വേണം. സ്ഥിരമായ യാത്രാസമയം, റൂട്ട് എന്നിവ പരസ്യപ്പെടുത്തി ഓടാനും യാത്രക്കാർക്ക് പ്രത്യേകം ടിക്കറ്റ് നൽകാനും റൂട്ട് ബസുകൾക്ക് അഥവാ സ്റ്റേജ് കാരേജ് ബസുകള്‍ക്ക് അനുമതിയുണ്ട്. റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റികളാണ് പെർമിറ്റ് നൽകുന്നത്. സമയം, സ്റ്റോപ്പ്, റൂട്ട് എന്നിവ പെർമിറ്റിൽ രേഖപ്പെടുത്തും. കിലോമീറ്റർ അടിസ്ഥാനമാക്കി യാത്രാനിരക്ക് സർക്കാർ നിശ്ചയിക്കും. പെർമിറ്റിൽ പറയുന്ന സമയത്ത് ബസ് ഓടിക്കാൻ ഉടമ ബാധ്യസ്ഥനാണ്. സ്റ്റേജ് കാര്യേജ് പെർമിറ്റിൽ പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്താനുള്ള അധികാരവും സംസ്ഥാനത്തിനുണ്ട്.
undefined
കാറിലെ ഏസി നമ്മളറിയാതെ കൊടുംവില്ലനാകുന്നത് ഇങ്ങനെ! നടൻ വിനോദ് തോമസിന്‍റെ മരണം പറയുന്നത്..
കോൺട്രാക്ട് കാര്യേജ് എന്നാല്‍
കരാര്‍ അടിസ്ഥാനത്തിൽ ഒരു സ്ഥലത്തുനിന്നു യാത്രക്കാരെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാനുള്ള കോൺട്രാക്ട് കാര്യേജ് പെർമിറ്റ് മാത്രമാണ് നിലവില്‍ ആഡംബര ബസുകള്‍ക്ക് നൽകുന്നത്. ഈ പെര്‍മിറ്റ് അനുസരിച്ച് റൂട്ട്, സമയം, പെർമിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസർക്കാരാണ് നിശ്ചയിക്കുന്നത്. ഈ നിയമത്തില്‍ തന്നെ വെള്ളം ചേര്‍ത്തും വളച്ചൊടിച്ചുമായിരുന്നു പല സ്വകാര്യ അന്തര്‍സംസ്ഥാന ബസുകളും സര്‍വ്വീസ് നടത്തിയരുന്നത്. നിലവില്‍ സംസ്ഥാനത്തെ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തണമെങ്കില്‍ സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണമെന്ന നിബന്ധനയാണ് സ്വകാര്യ ലക്ഷ്വറി ബസുകൾക്ക് തടസമാകുന്നത്. ഇതാണ് കേന്ദ്രത്തിന്‍റെ പുതിയ നിയമത്തോടെ ഇല്ലാതായത്. ഇത്രയും കാലം ടിക്കറ്റ് നൽകുന്ന ഓൺലൈൻ ബുക്കിങ് ഏജൻസിക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്നതായി രേഖ ഹാജരാക്കിയാണ് ഇത്തരം അന്തർസംസ്ഥാന ബസുകള്‍ ഓടിയരുന്നത്.
എന്താണ് ഓൾ ഇന്ത്യാ പെർമിറ്റ്?
സംസ്ഥാനങ്ങളിലെ വ്യത്യസ്ത പെർമിറ്റ് വ്യവസ്ഥകൾ വിനോദസഞ്ചാരികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് കേന്ദ്രസർക്കാർ ഓൾ ഇന്ത്യാ പെർമിറ്റ് കൊണ്ടുവന്നത്. ഒരുവർഷത്തേക്ക് മൂന്നുലക്ഷവും മൂന്നുമാസത്തേക്ക് 90,000 രൂപയുമാണ് ഫീസ്. അംഗീകൃത ടൂർ ഓപ്പറേറ്റർക്കോ സംഘമായോ ഈ ബസുകൾ വാടകയ്ക്ക് എടുക്കാം. പ്രതിഫലം സംബന്ധിച്ച് കരാറും യാത്രക്കാരുടെ പട്ടികയും വേണം.
ദുരുപയോഗം ഇങ്ങനെ
ഓൾ ഇന്ത്യാ പെർമിറ്റ് എടുത്തശേഷം റൂട്ട് പ്രഖ്യാപിച്ച് വിവിധ സ്ഥലങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റി ഓടുന്നത് ദുരുപയോഗമാണ്. മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയ റോബിൻ ബസ് പത്തനംതിട്ട-കോയമ്പത്തൂർ പാതയിലാണ് ദിവസവും ഓടുന്നതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് പറയുന്നു.
മുൻകൂട്ടി റൂട്ടും സമയവും സ്റ്റോപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ ബസ് നേരത്തേ പിടിച്ചെടുത്തിരുന്നു. ഇത് വിട്ടുകൊടുക്കാൻ 17-ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. വീണ്ടും പെർമിറ്റ് ലംഘിച്ചാൽ കേസെടുക്കാം. പിടിച്ചെടുക്കുന്നതിന് വിലക്കുണ്ട്. 21-ന് കേസ് വീണ്ടും പരിഗണിക്കും.
ഓടുന്നത് റോബിൻ മാത്രമല്ല
സംസ്ഥാനത്തും പുറത്തും ത്രൈമാസ നികുതിയടച്ച് ഒട്ടേറെ ബസുകൾ അന്തസ്സംസ്ഥാന സർവീസ് നടത്തുന്നുണ്ട്. പെർമിറ്റ് വ്യവസ്ഥകൾകാരണം കെ.എസ്.ആർ.ടി.സി.ക്ക് പരിമിതിയുള്ള പാതകളിലാണ് ഇവ കൂടുതലായി ഓടന്നത്. അമിതനിരക്ക് ഈടാക്കുന്നത് ഉൾപ്പെടെ പരാതി ഉയരുമ്പോൾ ഇവയ്ക്കും പിഴ ചുമത്താറുണ്ട്.
നിരക്ക് നിശ്‍ചയിക്കുന്നത് ഉടമ
ഇത്തരം ബസുകളില്‍ നിരക്കും റൂട്ടും സമയവും സ്റ്റോപ്പുകളും നിശ്ചയിക്കുന്നത് ബസ് ഉടമ ആയിരിക്കും. അമിതനിരക്ക് ഈടാക്കിയാലോ, യാത്ര പൂർത്തീകരിക്കാതിരുന്നാലോ, മത്സരിച്ച് ഓടിയാലോ പരാതിപ്പെടാനാകില്ല. ഇവയുടെ യാത്രയോ നിരക്കോ സർക്കാർനിയന്ത്രണത്തിലല്ല. ഏതുപാതയിലും ഉടമകൾക്ക് സൗകര്യമുള്ളവിധം ബസ് ഓടിക്കാനും യാത്രക്കാരിൽനിന്ന് സൗകര്യംപോലെ പണം വാങ്ങാനും പെർമിറ്റ് ദുരുപയോഗത്തിലൂടെ കഴിയും.
ഇൻഷുറൻസ് കിട്ടില്ല
പെർമിറ്റ് ലംഘിക്കുന്നതോടെ ഇൻഷുറൻസ് അസാധുവാകും. ടിക്കറ്റാണ് നഷ്‍ടപരിഹാരത്തിനുള്ള ആധികാരികരേഖ. എന്നാൽ പെർമിറ്റ് ലംഘിച്ചതിന്റെ തെളിവാകുമെന്നതിനാൽ ഇത്തരം ബസുകള്‍ ടിക്കറ്റ് നൽകാറുമില്ല.
ഓര്‍മ്മയില്ലേ 'കൊല്ലെടാ' ആക്രോശങ്ങള്‍?
നാല് വർഷം മുമ്പ് സുരേഷ് കല്ലട ബസിലെ യാത്രികരായ യുവാക്കളെ ബസ് മുതലാളിയുടെ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവവും ഈ സാഹചര്യത്തില്‍ പല യാത്രികരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സംഭവത്തോടെയാണ് അന്തര്‍സംസ്ഥാന ബസുകളുടെ വന്‍ നിയമലംഘനങ്ങള്‍ പുറംലോകം അറിയുന്നത്. 2019 ഏപ്രിൽ 21-നായിരുന്നു സുരേഷ് കല്ലട ഗ്രൂപ്പിന്റെ തിരുവനന്തപുരം - ബംഗളൂരു ബസിലെ യാത്രക്കാരെ ജീവനക്കാരും ഗുണ്ടകളും ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിയുന്നത്. തുടര്‍ന്ന് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. ഇതോടെ അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തിറങ്ങി.
പക്ഷേ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചതുള്‍പ്പെടെ തുടര്‍ന്നും പുതിയ അക്രമങ്ങള്‍ നടത്തി ഇത്തരം ബസുകാര്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു. പണിമുടക്കും നടത്തി. ഇപ്പോള്‍ ഈ ബസുകള്‍ക്കെതിരെയുള്ള പരിശോധനകളെല്ലാം ഏറെക്കുറേ നിലച്ചമട്ടാണ്. നിലവിലെ നിയമം വച്ചുപോലും ഈ ബസുകളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന്‍റെ പുതിയ നിയമം കൂടി നടപ്പിലായത് എന്നതാണ് വിരോധാഭാസം എന്നും പല യാത്രികരും പറയുന്നു.
നെഞ്ചിടിച്ച് കെഎസ്ആര്‍ടിസിയും ഇടത്തരം ബസുടമകളും
പുതിയ നിയമം കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെയും ഇടത്തരം സ്വകാര്യ ബസ് സര്‍വ്വീസുകളുടെയുമൊക്കെ അന്ത്യത്തിനു തന്നെ കാരണമായേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്. കെഎസ്ആർടിസിക്കു മാത്രമായി ഓടാൻ അനുവദിച്ച ദേശസാത്കൃത സ്‌കീമിനും പുതിയ നിയമം ഭീഷണിയാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആർടിസിയുടെ ദിവസ വരുമാനത്തിന്റെ സിംഹഭാഗവും നൽകുന്നത് 1200 ദീർഘദൂര ബസുകളാണ്. ഇവയുടെ വരുമാനം കുറഞ്ഞാൽ കരകയറുക അസാധ്യമാകും.
നിലവില്‍ സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര ബസുകൾ ഓടിക്കണമെങ്കിൽ നിശ്ചിത കിലോമീറ്ററുകൾക്കുള്ളിൽ ബസ് സ്റ്റാൻഡും യാത്രക്കാർക്ക് വിശ്രമസൗകര്യവും വേണം. ഇതിന് കെഎസ്ആർടിസിക്കു മാത്രമാണു കഴിയുക. എന്നാല്‍ പുതിയ ഭേദഗതിയിലൂടെ കെഎസ്ആർടിസിയെ സംരക്ഷിക്കാൻ സംസ്ഥാനസർക്കാർ നടപ്പാക്കിയ ഈ ഫ്ളീറ്റ് ഓണർ നിയമത്തെ അനായാസം മറികടക്കാന്‍ വന്‍കിട സ്വകാര്യബസുടമകള്‍ക്ക് സാധിക്കും.
പുതിയ ഭേദഗതിയോടെ അന്തര്‍ സംസ്ഥാന പാതകളിൽ ഓടുന്ന സ്വകാര്യബസുകൾക്കെല്ലാം സംസ്ഥാനത്തിനുള്ളിലും ഓടാനാകും. ഏസി ബസുകൾ എന്ന നിബന്ധനയുള്ളതിനാൽ സംസ്ഥാനത്തെ സ്വകാര്യ സ്റ്റേജ് ക്യാരേജുകൾക്ക് ഈ നിയമം പ്രയോജനപ്പെടില്ല. ബസ് ബോഡി കോഡിലെ മാനദണ്ഡം നിർബന്ധമാക്കിയിരിക്കുന്നതിനാൽ മിനി ബസുകൾക്കും ട്രാവലറുകൾക്കുമൊന്നും ഈ ആനുകൂല്യം ലഭിക്കുകയുമില്ല. ഫലത്തില്‍ സംസ്ഥാനത്തെ ഇടത്തരം ബസുടമകള്‍ക്ക് വന്‍തിരിച്ചടിയാകും പുതിയ നിയമം.
നേട്ടമാണെങ്കിലും കീശ കീറുമോ?
പുതിയ നിയമം മികച്ച യാത്രാസൗകര്യം ലഭിക്കുമെന്ന് വാദിക്കുന്ന യാത്രക്കാരുമുണ്ട്. എന്നാല്‍ നിരക്കിന്‍റെ പേരില്‍ നടക്കുന്ന കടുത്ത കൊള്ളയെക്കുറിച്ച് ഇവര്‍ ബോധവാന്മാരല്ലെന്ന് മറുവിഭാഗം പറയുന്നു. അന്തര്‍സംസ്ഥാന പാതകളിലെ സ്വകാര്യ ആഡംബര ബസുകൾക്ക് അംഗീകൃതടിക്കറ്റ് നിരക്കില്ല. തിരക്കിനനുസരിച്ച് കൂട്ടിയും കുറച്ചുമാണ് അവർ ടിക്കറ്റ് തുക ഈടാക്കുന്നത്. നിലവിൽ ഇവരെ സർക്കാർ നിയന്ത്രിക്കുന്നത് പെർമിറ്റില്ലാതെ ഓടുന്നതിന്റെ പേരിൽ കേസെടുത്തും മറ്റുമാണ്. എന്നാല്‍ പെർമിറ്റ് ആവശ്യമില്ലെന്നുവന്നാൽ ഈ ബസുകളുടെ മേല്‍ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും പറയുന്ന പണം നല്‍കി സഞ്ചരിക്കേണ്ടി വരുമെന്നും ആശങ്കപ്പെടുന്നവര്‍ ഏറെയാണ്. അത്യാവശ്യത്തിന് സഞ്ചരിക്കേണ്ട സാധാരണക്കാരെയാകും ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും യാത്രികര്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിനും പുതിയ ഭേദഗതി നഷ്‍ടക്കച്ചവടമാണ്. നിലവിൽ ഏകദേശം ആയിരം ബസുകൾ കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്. പെർമിറ്റ് ഇല്ലാതാകുന്നതോടെ കൂടുതൽ എസി ബസുകൾ സംസ്ഥാനന്തര സർവീസും നടത്തും. കേന്ദത്തിന്റെ ഒരു രാജ്യം ഒരു നികുതി എന്ന തീരുമാനം കൂടി നടപ്പിലാകുന്നതോടെ ബസുകൾ കടന്നുപോകുന്ന ഒരോ സംസ്ഥാനത്തും നികുതി നൽകണമെന്ന നിയമവും ഇല്ലാതാകും. ഇപ്പോൾ തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പോകുന്ന ബസുകൾ മൂന്നു സംസ്ഥാനങ്ങളിലായി ഒരു ക്വാർട്ടറിൽ ( മൂന്നു മാസം) ഏകദേശം നാലര ലക്ഷം രൂപയോളം നികുതി നൽകുന്നുണ്ട് എന്നായിരുന്നു മുൻ കാലങ്ങളിലെ കണക്കുകള്‍.