ആവശ്യക്കാര്‍ക്ക് പച്ചക്കറികള്‍ തൂക്കിയെടുക്കാം, പണം ബോക്സിലിട്ടാല്‍ മതി, ഇത് ഈ കര്‍ഷകയുടെ വ്യത്യസ്തമായ രീതി

By Web Team  |  First Published Oct 19, 2020, 3:46 PM IST

ഇങ്ങനെ കട തുറന്നുവച്ചിട്ട് പോവാന്‍ പേടിയില്ലേ എന്ന് ചോദിച്ചാല്‍ ഹേമയുടെ മറുപടി ഇങ്ങനെ, രണ്ടോ മൂന്നോ തവണയാണ് ആകെ കളവ് പോയത്. അത് തന്നെ ഒട്ടും അലോസരപ്പെടുത്തിയിട്ടില്ല. ആരെങ്കിലും പണം വയ്ക്കാതെ ഭക്ഷണസാധനങ്ങളെടുക്കുന്നുണ്ടെങ്കില്‍ അതിന്‍റെ അര്‍ത്ഥം അത് അത്രയും ഭക്ഷണത്തിന് ആവശ്യമുള്ളവരാണ് എന്നാണ്. 


കഴിഞ്ഞ 10 വര്‍ഷമായി ഹേമ ആനന്ദിന്‍റെ ജീവിതചര്യ ഏറെക്കുറെ ഒരുപോലെയാണ്. പുലര്‍ച്ചെ വീട്ടിലെല്ലാവരും ഉറക്കത്തിലായിരിക്കുമ്പോള്‍ത്തന്നെ ഹേമ ഉറക്കമുണരും. 11 കിലോമീറ്റര്‍ അകലെയുള്ള ഗൗരിപുര എന്ന ഗ്രാമത്തിലെ തന്‍റെ ഫാമിലേക്കാണ് പോക്ക്. അവിടെ ഹേമ സഹപ്രവര്‍ത്തകരെന്ന് വിശേഷിപ്പിക്കുന്ന ജോലിക്കാരുണ്ട്. അവര്‍ പശുവിനെ കറക്കും. 20 പശുക്കളില്‍ നിന്നായി 50 ലിറ്റര്‍ പാലെങ്കിലും കിട്ടും. പാലുമെടുത്ത് ഹേമ തിരികെ വീട്ടിലേക്ക് തന്നെ മടങ്ങും. പാല് വാങ്ങാനെത്തുന്നവര്‍ക്കായി വീടിന് പുറത്ത് വച്ചിരിക്കും. ആ വീടിന് പുറത്ത് സിസിടിവി ക്യാമറയോ, പാല്‍ വാങ്ങാന്‍ വരുന്നവരെ നിരീക്ഷിക്കുന്നതിനുള്ള മറ്റ് സംവിധാനങ്ങളോ ഒന്നുമില്ല. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഹേമ വീടിന് പുറത്തിറങ്ങി പാല്‍ എടുത്തവര്‍ വച്ചിരിക്കുന്ന പണം എടുക്കും. ഇവിടെയെല്ലാം വിശ്വാസമാണ്. ആളുകള്‍ കൃത്യമായി പാല്‍ അളന്നെടുക്കുകയും പണം കൃത്യമായി നല്‍കുകയും ചെയ്യുന്നുവെന്ന വിശ്വാസം. 

Latest Videos

undefined

പ്രഭാതഭക്ഷണം കഴിച്ചശേഷം വീണ്ടും ഹേമ തന്‍റെ 30 ഏക്കര്‍ ഫാമിലേക്ക് തിരികെച്ചെല്ലും. അവിടെ പച്ചക്കറികളും പഴങ്ങളും മറ്റ് വിളകളും പരിചരിക്കും. പകല്‍ മുഴുവനും അവര്‍ തന്‍റെ ജൈവകൃഷി പരിപാലിക്കുകയും വൈകുന്നേരം അവയുമായി തന്‍റെ സ്റ്റാളിലേക്ക് തിരികെയെത്തുകയും ചെയ്യും. അവിടെ വിലവിവരം അറിയിച്ചുകൊണ്ട് ഒരു ചാര്‍ട്ട് തൂക്കിയിട്ടുണ്ട്. ഒപ്പം തന്നെ അളന്നെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് പച്ചക്കറികളും മറ്റ് സാധനങ്ങളും തൂക്കിയെടുക്കാം. പണം അവിടെയിരിക്കുന്ന ബോക്സിലിട്ടാല്‍ മതിയാവും. 

ഇങ്ങനെ കട തുറന്നുവച്ചിട്ട് പോവാന്‍ പേടിയില്ലേ എന്ന് ചോദിച്ചാല്‍ ഹേമയുടെ മറുപടി ഇങ്ങനെ, രണ്ടോ മൂന്നോ തവണയാണ് ആകെ കളവ് പോയത്. അത് തന്നെ ഒട്ടും അലോസരപ്പെടുത്തിയിട്ടില്ല. ആരെങ്കിലും പണം വയ്ക്കാതെ ഭക്ഷണസാധനങ്ങളെടുക്കുന്നുണ്ടെങ്കില്‍ അതിന്‍റെ അര്‍ത്ഥം അത് അത്രയും ഭക്ഷണത്തിന് ആവശ്യമുള്ളവരാണ് എന്നാണ്. അതിനെ മോഷണമായിട്ടേ ഞാന്‍ കാണുന്നില്ല. തന്‍റെ ഉപഭോക്താക്കളെല്ലാം പണം കൃത്യമായി വയ്ക്കാറുണ്ട്. ദിവസവും 1000-1500 രൂപയുടെ സാധനങ്ങള്‍ വിറ്റുപോകുന്നുണ്ട് എന്നും ഹേമ പറയുന്നു. ചിലരാകട്ടെ മാസാവസാനം ഒരുമിച്ച് ബില്‍ സെറ്റില്‍ ചെയ്യുന്നവരുമുണ്ട്. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പുറമെ വെളിച്ചെണ്ണ, നാരങ്ങ അച്ചാര്‍, ജ്യൂസ് തുടങ്ങിയവയും ഹേമ വില്‍ക്കുന്നുണ്ട്. കീടനാശിനികളോ മറ്റ് കൃത്രിമ വസ്തുക്കളോ ചേര്‍ക്കാത്ത ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നത് എന്നതിനാല്‍ത്തന്നെ ഹേമയുടെ അടുത്തുനിന്നും സാധനങ്ങള്‍ കൃത്യമായി വാങ്ങുന്നവരുണ്ട്. 

സ്റ്റേറ്റ് ലെവല്‍ കാന്‍ ബാങ്ക് ബെസ്റ്റ് ഫാര്‍മര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും ഹേമയെ തേടിയെത്തിയിട്ടുണ്ട്. മുത്തച്ഛനായ കൃഷ്ണപ്പയില്‍ നിന്നാണ് ഈ കൃഷിഭൂമി ഹേമയ്ക്ക് കിട്ടുന്നത്. 1994 -ലാണ് ഇത്. പന്ത്രണ്ടാം ക്ലാസ് വരെയായിരുന്നു ഹേമയുടെ പഠനം. കൃഷിക്കാരിയാകാന്‍ തീരുമാനിക്കുമ്പോള്‍ ഒരു അമ്മയും വീട്ടമ്മയുമായിരുന്നു ഹേമ. കൃഷിക്കാരിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പലരും ഹേമയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭര്‍ത്താവും പണം മുടക്കാന്‍ ആദ്യമൊന്നും തയ്യാറായില്ല. എന്നാല്‍, അവര്‍ പിന്തിരിയാനൊരുക്കമല്ലായിരുന്നു. ഒരിക്കല്‍ തന്‍റെ തരിശുഭൂമിയിലൂടെ നടക്കവെയാണ് കാലിമേയ്ക്കുന്ന കുറച്ചുപേരെ കണ്ടത്. അവരാണ് പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകരുമായി ബന്ധപ്പെടാന്‍ അവരെ സഹായിച്ചത്. കുറച്ച് സ്ത്രീകള്‍ ഹേമയെ കൃഷി ചെയ്യുന്നതെങ്ങനെയെന്ന് പഠിപ്പിക്കാനും മറ്റും തയ്യാറായി. പിന്നീടിങ്ങോട്ട് അവര്‍ ഹേമയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു. 

ഹേമ 150 രൂപ കൊടുത്ത് റാഗി വിത്ത് വാങ്ങി മൂന്ന് മാസങ്ങള്‍ക്കുശേഷം ആദ്യത്തെ വിളവെടുപ്പ് നടത്തി. അവിടെ നിന്നിങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അന്ന് അവര്‍ തനിക്ക് കിട്ടിയ 2600 രൂപ വച്ച് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ടിവിഎസ് സ്കൂട്ടര്‍ വാങ്ങി. താന്‍ തന്നെ സമ്പാദിച്ച തുകയില്‍ നിന്നും ഹേമ ആദ്യമായി വാങ്ങുന്നത് ആ സ്കൂട്ടറായിരുന്നു. അങ്ങനെ ഹേമയുടെ ആത്മവിശ്വാസവും ധൈര്യവും വര്‍ധിച്ചു. പിന്നീട് പലതരം വിളകള്‍ നട്ടു. ബാങ്കില്‍ നിന്നുമെടുത്ത കടം തിരിച്ചടച്ചു. ഇപ്പോള്‍ വര്‍ഷം നാല് ലക്ഷം രൂപ വരെ ഹേമ തന്‍റെ കൃഷിയില്‍ നിന്നും നേടുന്നു. തന്‍റെ കൃഷിയും കൃഷിസ്ഥലവുമായി ഏറെ തൃപ്തയാണിന്ന് ഹേമ. 

(വിവരങ്ങള്‍ക്ക് കടപ്പാട്: ബെറ്റര്‍ ഇന്ത്യ) 


click me!