'ഡ്രൈ ഫ്രൂട്ട്സും മുട്ടയും ഇഷ്ടം', ഭാരം 1500 കിലോ, 23 കോടി വില പറഞ്ഞിട്ടും അൻമോലിനെ വിൽക്കാനില്ലെന്ന് ഉടമ

By Web Team  |  First Published Nov 13, 2024, 2:09 PM IST

1500 കിലോ ഭാരമുള്ള അൻമോലിന്റെ പ്രശസ്തി പുഷ്കർ മേളയോടെ രാജ്യത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്. രണ്ട് റോൾസ് റോയ്സും പത്ത് ബെൻസ് കാറുകളും വാങ്ങാനുള്ള വില നൽകാൻ തയ്യാറായിട്ടും വേണ്ടെന്ന് ഉടമ


ചണ്ഡിഗഡ്: രാജ്യത്തെ കാർഷിക മേളകളിൽ താരമായ ഭീമൻ പോത്ത് പുഷ്കർ മേളയിലെ താരമാകുന്നു. ഹരിയാനയിൽ നിന്നെത്തിച്ച 1500 കിലോ ഭാരമുള്ള അൻമോൽ എന്ന പോത്താണ് വലിയ രീതിയിൽ പുഷ്കർ മേളയിൽ ആളുകളെ ആകർഷിക്കുന്നത്. മേളയിലെമ്പാടും നിരവധിപ്പേർ തേടിയെത്തിയ അൻമോലിന് 23 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്.  നേരത്തെ മീററ്റിൽ നടന്ന ഓൾ ഇന്ത്യ ഫാർമേഴ്സ് സമ്മേളനത്തിലും അൻമോൽ തരംഗമായിരുന്നു. 

ലുക്കിലെ ആകർഷണത്തിന് പുറമേ അൻമോലിന്റെ ബീജം തേടി മേളയിലെത്തുന്ന ക്ഷീര കർഷകരും ഏറെയാണ്. എട്ട് വയസാണ് അൻമോലിന്റെ പ്രായം. ഹരിയാനയിലെ സിർസയാണ് അൻമോലിന്റെ സ്വദേശം. ദിവസേന 1500 രൂപയിലേറെയാണ് അൻമോലിന്റെ ഭക്ഷണത്തിനായി ചെലവിടുന്നത്. ഡ്രൈ ഫ്രൂട്ട്സും കലോറി നിറഞ്ഞ ഭക്ഷണവുമാണ് അൻമോലിന്റെ പ്രത്യേക ഡയറ്റ്. 250 ഗ്രാം ബദാം, 4 കിലോ മാതള നാരങ്ങ, 30 വാഴപ്പഴം, 5 കിലോ പാൽ, 20 മുട്ട എന്നിവയ്ക്ക് പുറമേ ഓയിൽ കേക്ക്, നെയ്യ്, സോയാ ബീൻ, ചോളം എന്നിവയും അടങ്ങുന്നതാണ് അൻമോലിന്റെ ഡയറ്റ്. 

Latest Videos

ബദാം എണ്ണയിലും കടുകെണ്ണയും തേച്ച് ദിവസം രണ്ട് നേരമാണ് അൻമോൽ കുളിക്കുന്നത്.  പരിപാലനം വൻ ചെലവാണ് വരുത്തുന്നതെങ്കിലും അൻമോലിനെ വിൽക്കാൻ ഉടമയായ ഗിൽ തയ്യാറല്ല. ആഴ്ചയിൽ രണ്ട് തവണയാണ് അൻമോലിന്റെ ബീജം ശേഖരിക്കുന്നത്. അൻമോലിന്റെ ബീജം മാത്രം വിറ്റ് 5 ലക്ഷം രൂപയാണ് മാസം വരുമാനം ലഭിക്കുന്നതെന്നാണ് ഗിൽ വിശദമാക്കുന്നത്. രണ്ട് റോൾസ് റോയ്സ് കാറുകളുടേയും പത്ത് ബെൻസ് കാറുകളുടെ വില നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടും സഹോദരനെ പോലെ കരുതുന്ന അൻമോലിനെ വിൽക്കാൻ തയ്യാറല്ലെന്നാണ് അൻമോലിന്റെ ഉടമ ഗിൽ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!