ജലമലിനീകരണം കുറയ്ക്കാൻ രാമച്ചച്ചെടി
ജലശുദ്ധീകരണത്തിനുള്ള പ്രാഥമിക ശുദ്ധീകരണ പ്ലാന്റുകളായാണ് രാമച്ചവേരുകളെ ഉപയോഗിക്കാൻ കഴിയുക.
രാമച്ചത്തിന്റെ ഗുണഗണങ്ങൾ പരക്കെ അറിയപ്പെടുന്നതാണ്. തോട്ടങ്ങളിലെ മണ്ണൊലിപ്പു തടയുന്നതിനും ജലസംരക്ഷണത്തിനും മണ്ണുസംരക്ഷണത്തിനും രാമച്ചത്തിനുള്ള കഴിവുകൾ പൊതുവെ ശാസ്ത്രം അഗീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലിനജലത്തെ ശുദ്ധീകരിക്കാൻ രാമച്ചത്തിന്റെ വേരുകൾക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ജലശുദ്ധീകരണത്തിനുള്ള പ്രാഥമിക ശുദ്ധീകരണ പ്ലാന്റുകളായാണ് രാമച്ചവേരുകളെ ഉപയോഗിക്കാൻ കഴിയുക. മുറിച്ചുമാറ്റിയ വേരുകളല്ല, ജീവനുള്ള ചെടികൾ ഉൾപ്പെടുന്ന ഒരു സിസ്റ്റം ജീവനുള്ള ശുദ്ധീകരണ പ്ലാന്റ് ആയി പ്രവർത്തിക്കുകയാണു ചെയ്യുന്നത്. ഫൈറ്റോറെമഡിയേഷൻ (phytoremediation) എന്ന പേരിലാണ് ഈ സാങ്കേതികത അറിയപ്പെടുന്നത്.
അക്വാപോണിക് രീതിയിൽ മണ്ണില്ലാതെ വെള്ളത്തിൽ കൃഷി ചെയ്യുന്നരീതിയിലാണ് ഇവിടെ രാമച്ചം ഉപയോഗിക്കുന്നത്. മലിനജലത്തിലേക്ക് രാമച്ചത്തിന്റെ വേരുകൾ മാത്രം മുക്കിവെക്കുന്നു. രാമച്ചച്ചെടി വെള്ളത്തിൽനിന്ന് അല്പം ഉയരത്തിൽ ആവശ്യമുള്ള സപ്പോർട്ടുകളോടെ നിലനിർത്തുന്നു. ചാക്കിലോ ചട്ടിയിലോ, കമ്പുകളിലോ, വലകളിലോ ആയിരിക്കും ഇങ്ങനെ നിലനിർത്തുന്നത്.
പരീക്ഷണത്തിന്റെ ഭാഗമായി ആറുമാസത്തിനുശേഷം വിശദപരിശോധനകൾ നടത്തിയപ്പോൾ നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ്, ക്ലോറൈഡുകൾ, കാൽസ്യം, മഗ്നീഷ്യം, സോഡിയം എന്നിവ രാമച്ച വേരുകൾ കൂടുതലായി ആഗിരണം ചെയ്തതായി കണ്ടെത്തുകയായിരുന്നു.
ഇവ ഇലകളിലും വേരുകളിലുമായാണ് നിക്ഷേപിക്കപ്പെട്ടത്. എന്നുവച്ചാൽ മലിനജലത്തിൽനിന്ന് ഈ മൂലകങ്ങൾ സ്വാഭാവികമായി അരിച്ചുമാറ്റാനുള്ള അരിപ്പകളായി രാമച്ചവേരുകൾ പ്രവർത്തിച്ചുവെന്നാണ് കണ്ടെത്തിയത്. ഏതൊക്കെ തരം മലിനജലത്തിൽ ഇതു പ്രവർത്തനക്ഷമമാവുമെന്നതിന് കൂടുതൽ ഗവേഷണങ്ങൾ നടന്നു വരികയാണ്.
ഈ പരീക്ഷണങ്ങൾ പൂർണമായി വിജയിച്ചാൽ കേരളത്തിലെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട മേഖലകളിൽനിന്നുള്ള ജല മലിനീകരണം തടയാൻ രാമച്ചത്തിന്റെ വേരുകൾ ഉപയോഗിച്ചുള്ള സംയോജിത കൃഷി ജല മാനേജ്മെന്റ് പദ്ധതികൾക്കു സാദ്ധ്യതയുണ്ട്.
(ചിത്രം: വിക്കിപ്പീഡിയ, David Monniaux)
വായിക്കാം:
കരുതലിന്റെ വേരോട്ടവുമായി രാമച്ചം; കർഷകർക്ക് മികച്ച വരുമാനവും