ദിവസവും പത്തിലധികം തരം പച്ചക്കറികള്‍, സ്വയം പര്യാപ്‍തമാണ് ഈ കുടുംബം
വിവിധയിനം തക്കാളി, മധുരക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയെല്ലാം പ്രതിമ വളർത്തിയിരുന്നു. കൂടാതെ ഔഷധസസ്യങ്ങളും അവര്‍ വളര്‍ത്തി. ഗാര്‍ഡനിംഗ് വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുത്താണ് കൃഷിയെ കുറിച്ചുള്ള കൂടുതലറിവുകള്‍ പ്രതിമ നേടിയത്.
സെലിബ്രിറ്റി ഷെഫായിരുന്ന പ്രതിമ അഡിഗ നാല് വര്‍ഷം മുമ്പാണ് തനിക്കും തന്‍റെ കുടുംബത്തിനും ആവശ്യമുള്ള പച്ചക്കറികള്‍ വീട്ടില്‍ത്തന്നെ കൃഷി ചെയ്യാനാരംഭിച്ചത്. ബംഗളൂരുവിലുള്ള പ്രതിമയുടെ തോട്ടത്തില്‍ നിന്നും ഓരോ ദിവസവും പതിനാലോ പതിനഞ്ചോതരം പച്ചക്കറികളെങ്കിലും ലഭിക്കും. അത് അവരുടെ കുടുംബത്തെ സ്വയം പര്യാപ്‍തമാക്കി നിര്‍ത്തുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ഒരു തവണ 23 കിലോ മഞ്ഞള്‍, 30 കിലോ കുമ്പളം എന്നിവയെല്ലാം അവര്‍ വിളവെടുത്തു. അതുപോലെ തന്നെ 27 കിലോ മത്തനും. അതില്‍ 12 കിലോ അവരുടെ ആവശ്യത്തിനുപയോഗിച്ചശേഷം ബാക്കി ഭാവിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
അവരുടെ വീട്ടിലേക്ക് ആവശ്യമുള്ള 98 ശതമാനം പച്ചക്കറികളും വീട്ടില്‍ത്തന്നെയുണ്ടാക്കിയെടുക്കുന്നതാണ് എന്ന് പ്രതിമ പറയുന്നു. അത് ഉറപ്പ് നല്‍കുന്നതാകട്ടെ കുടുംബത്തിന്‍റെ ആരോഗ്യവും. വൈറല്‍ അസുഖങ്ങളും കഫക്കെട്ടും മാറി. കുടുംബാംഗങ്ങള്‍ നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി. അതുവരെ താന്‍ കഴിച്ചതെല്ലാം തെറ്റായ ഭക്ഷണമായിരുന്നുവെന്നും ഇപ്പോഴാണ് പ്രകൃതിദത്തമായ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതെന്നും തോന്നി. അതിന് പ്രത്യേക രുചി തന്നെയായിയിരുന്നു. അതിനൊപ്പം തന്നെ ബംഗളൂരുവിലെ കടുത്ത ചൂടിലും നല്ല കാലാവസ്ഥ അനുഭവപ്പെട്ട് തുടങ്ങിയെന്നും പ്രതിമ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു.
വിവിധയിനം തക്കാളി, മധുരക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയെല്ലാം പ്രതിമ വളർത്തിയിരുന്നു. കൂടാതെ ഔഷധസസ്യങ്ങളും അവര്‍ വളര്‍ത്തി. ഗാര്‍ഡനിംഗ് വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുത്താണ് കൃഷിയെ കുറിച്ചുള്ള കൂടുതലറിവുകള്‍ പ്രതിമ നേടിയത്. എളുപ്പത്തില്‍ വളരുന്ന തക്കാളി, വഴുതന, മുള്ളങ്കി തുടങ്ങിയ വിളകളുമായിട്ടായിരുന്നു തുടക്കം. ഫേസ്ബുക്കിലും വാട്ട്സാപ്പിലും വിവിധ ഗാര്‍ഡനിംഗ് ഗ്രൂപ്പുകളിലും ചേര്‍ന്നു. അതില്‍ ഇന്ത്യയില്‍ നിന്നുമാത്രമല്ല യുഎസ്സില്‍ നിന്നുവരെയുള്ള ആളുകളുണ്ടായി. അതില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ഓരോ ദിവസവും പുതിയ പാഠങ്ങളെന്തെങ്കിലും പഠിച്ചെടുക്കുകയും ചെയ‍്‍തു അവര്‍. പിന്നീട് പുതിയ പുതിയ പച്ചക്കറികളും പഴങ്ങളുമെല്ലാം നട്ടുവളര്‍ത്തി തുടങ്ങി.
പിന്നീട് അടുക്കളയിലെ മാലിന്യങ്ങളെല്ലാം കംപോസ്റ്റാക്കിത്തുടങ്ങി. കീടനാശിനികളും സ്വയമുണ്ടാക്കിത്തുടങ്ങി. എങ്ങനെയാണ് ഇത്രയധികം പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാനാവുന്നത് എന്ന് ചോദിച്ചാല്‍ മറുപടി ഇതാണ്, റിസ്‍കെടുക്കാന്‍ പ്രതിമ തയ്യാറാണ്. അതുപോലെ കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ കൂടുതല്‍ മികച്ച രീതിയില്‍ കൃഷി ചെയ്യാനാവുമെന്നും അവര്‍ പറയുന്നു.
(വിവരങ്ങള്‍ക്ക് കടപ്പാട് ബെറ്റര്‍ ഇന്ത്യ)