കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക്, കൃഷി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക്; അതിനായി ഒരു കോളേജ്
പതിനൊന്നാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠിക്കാം. കൃഷിയെ കുറിച്ച്, മണ്ണിനെ കുറിച്ച് തുടങ്ങിയവയിലെല്ലാം അടിസ്ഥാനപരമായ അറിവ് ആ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു.
നമുക്ക് ജീവിതത്തില്‍ ഡോക്ടറുടെ, പൊലീസ് ഓഫീസറുടെ, കച്ചവടക്കാരന്‍റെ തുടങ്ങി എല്ലാ മേഖലകളിലും ജോലി ചെയ്യുന്ന ആളുകളുടെ സേവനങ്ങള്‍ ആവശ്യമായി വരും. എന്നാല്‍, ദിവസം മൂന്നുനേരമെങ്കിലും നമ്മള്‍ ഒരു കര്‍ഷകന്‍റെ അധ്വാനത്തിന്‍റെ ഫലം ഉപയോഗിക്കുന്നുണ്ട്. അവിടെയാണ് എങ്ങനെയാണ് കൃഷി ചെയ്യേണ്ടത് എന്ന പാഠം പഠിക്കേണ്ടതിന്‍റെ ആവശ്യകതയും. ആ തിരിച്ചറിവാണ് മംഗുരിഷ് പൈ റെയ്ക്കര്‍ എന്ന അറുപത്തിനാലുകാരനെക്കൊണ്ട് ഒരു കമ്മ്യൂണിറ്റി അഗ്രിക്കള്‍ച്ചറല്‍ കോളേജ് തുടങ്ങിപ്പിക്കുന്നത്. 2013 -ലാണ് ഗോവയില്‍ ആദ്യത്തെ കമ്മ്യൂണിറ്റി അഗ്രിക്കള്‍ച്ചറല്‍ കോളേജ് പിറവിയെടുക്കുന്നത്.
എഴുപതുകളുടെ അവസാനത്തിൽ മംഗുരിഷ് ഒരു നിർമ്മാണ ബിസിനസ്സ് ആരംഭിച്ചു, ഇന്നുവരെ അത് വിജയകരമായി നടത്തുന്നുമുണ്ട്. എന്നാല്‍, വ്യവസായത്തിൽ ആയിരുന്നിട്ടും, തന്നെ എപ്പോഴും ആകർഷിച്ചത് കാർഷിക മേഖലയാണ് എന്ന് മംഗുരിഷ് പറയുന്നു. വളര്‍ന്നുവരുന്ന പ്രായത്തിലെല്ലാം കൃഷി ചെയ്യുന്നതിനെ കുറിച്ച് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും തന്‍റെ പിതാവിനും ഭക്ഷ്യവസ്തുക്കള്‍ നട്ടുവളര്‍ത്തുന്നതില്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. “നിർഭാഗ്യവശാൽ, അദ്ദേഹത്തിന് ഒരു കൃഷിക്കാരനായി തുടരാനായില്ല, കാരണം അത് എല്ലായ്പ്പോഴും കൃത്യമായ ഫലം കിട്ടുന്ന ഒന്നാവണം എന്നില്ല” അദ്ദേഹം പറയുന്നു. പക്ഷേ, കൃഷിയെ കുറിച്ച് പഠിക്കാനും ആ അറിവ് പങ്കുവയ്ക്കാനും മംഗുരിഷിന് എപ്പോഴും താല്‍പര്യമുണ്ടായിരുന്നു.
തനിക്ക് കഴിയുന്ന ചെറിയ രീതിയിൽ, മംഗുരിഷ് എല്ലായ്പ്പോഴും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സമ്പാദിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരുടെ വിദ്യാഭ്യാസം മുഴുവൻ സ്പോൺസർ ചെയ്യുകയും ചെയ്തു. അവർ ബിരുദം നേടുന്നതുവരെ അവര്‍ക്കൊപ്പം അദ്ദേഹം നിന്നു. എന്നാല്‍, ഇങ്ങനെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിലും ഉപരിയായി ഒരുപാട് വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാവും വിധം എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹത്തിന് തോന്നി. അപ്പോഴാണ് കൃഷി പഠിപ്പിക്കാനൊരു സ്ഥാപനം എന്ന ആശയമുണ്ടാവുന്നത്. എന്നാല്‍, ചുറ്റുമുള്ളവരെല്ലാം അദ്ദേഹത്തിന്‍റെ ആശയത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. ഇത്രയും വര്‍ഷം സമ്പാദിച്ചതെല്ലാം നശിപ്പിക്കുന്ന തീരുമാനം എന്നാണ് അവര്‍ മംഗുരീഷിന്‍റെ തീരുമാനത്തെ വിശേഷിപ്പിച്ചത്. അദ്ദേഹം പറഞ്ഞത് കേള്‍ക്കാനോ ഉള്‍ക്കൊള്ളാനോ പോലും തയ്യാറാവാതെ അവരെല്ലാമതിനെ തമാശയായി തള്ളിക്കളഞ്ഞു. എന്നാല്‍, അദ്ദേഹം തന്‍റെ സ്വപ്നവുമായി മുന്നോട്ട് പോയി.
2013 -ലാണ് രാമനാഥ കൃഷ്ണ പൈ റെയ്ക്കാര്‍ സ്കൂള്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഔദ്യോഗികമായി നിലവില്‍ വരുന്നത്. കോളേജ് തുടങ്ങാനുള്ള പണം കണ്ടെത്തുന്നതിനായി പല വാതിലുകളും മംഗുരിഷ് മുട്ടിയെങ്കിലും ഒന്നും തുറക്കപ്പെട്ടില്ല. ഒടുവില്‍ പാരമ്പര്യമായി കിട്ടിയ ഭൂമിയും തന്‍റെ സമ്പാദ്യവും ഉപയോഗിച്ചാണ് കോളേജ് ആരംഭിക്കുന്നത്. എന്നാല്‍, എല്ലാ തടസങ്ങളെയും അതിജീവിച്ചുകൊണ്ട് അദ്ദേഹം കോളേജ് ആരംഭിക്കുക തന്നെ ചെയ്തു. പനാജിയില്‍ നിന്നും 26 കിലോമീറ്റര്‍ ദൂരെയാണ് കോളേജുള്ളത്. ഒരുപാട് വിദ്യാര്‍ത്ഥികള്‍ കൃഷിയെ കുറിച്ച് പഠിക്കുന്നതിനായി അവിടേക്ക് വരുന്നുണ്ട്. ഒരു അഗ്രി ലാബ്, ഒരു കമ്പ്യൂട്ടര്‍ ലാബ്, രണ്ട് പോളിഹൌസുകള്‍, ഒരു നഴ്സറി എന്നിവയെല്ലാം അടങ്ങുന്നതാണ് കോളേജ്. ചില സുഹൃത്തുക്കളെല്ലാം അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാനായി മുന്നോട്ടു വന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ സഹായമുണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമായേനെ എന്നദ്ദേഹം പറയുന്നു.
പതിനൊന്നാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠിക്കാം. കൃഷിയെ കുറിച്ച്, മണ്ണിനെ കുറിച്ച് തുടങ്ങിയവയിലെല്ലാം അടിസ്ഥാനപരമായ അറിവ് ആ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു. അതുപോലെ കൃഷിയില്‍ ഡിപ്ലോമയും അഡ്വാന്‍സ്ഡ് ഡിപ്ലോമയും ഇവിടെനിന്നും എടുക്കാം. മിക്കവാറും കര്‍ഷകരുടെ മക്കള്‍ക്കും കൃഷി ചെയ്യുന്ന വീട്ടിലുള്ളവര്‍ക്കും കൃഷിയിലാണ് താല്‍പര്യമെങ്കില്‍ അവര്‍ക്ക് പ്രാധാന്യം നല്‍കുന്നു. കൃഷിയുമായോ വനവുമായോ ബന്ധപ്പെട്ട ജോലിയിലേക്ക് തിരിയാന്‍ ഇവിടെ നിന്നുള്ള പഠനം സഹായിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളേജില്‍ പഠിക്കുന്നുണ്ട്. ഓരോ ബാച്ചിലും മുപ്പതോളം വിദ്യാര്‍ത്ഥികളുണ്ട്. പഠിച്ചിറങ്ങിയ പല വിദ്യാര്‍ത്ഥികളും മികച്ചയിടങ്ങളില്‍ ജോലിക്ക് കേറിയിട്ടുണ്ടെങ്കിലും മംഗുരിഷിന്‍റെ സന്തോഷം അതില്‍ കൃഷിയിലേക്കിറങ്ങിയ വിദ്യാര്‍ത്ഥികളെയോര്‍ത്താണ്.