വീട്ടില്‍ മെഡിറ്ററേനിയന്‍ രീതിയില്‍ പൂന്തോട്ടമൊരുക്കാം; വിശ്രമിക്കാന്‍ ഒരിടം കണ്ടെത്താം

മെഡിറ്ററേനിയന്‍ പൂന്തോട്ടമൊരുക്കുമ്പോള്‍ പടിവാതില്‍ മുതല്‍ മുറ്റം വരെ ടെറാകോട്ട പാത്രങ്ങളില്‍ പലതരത്തിലുള്ള ചെടികള്‍ നിരത്തിവെച്ച് ആകര്‍ഷകമായി വഴിയൊരുക്കാം

Mediterranean style garden in home

ആകര്‍ഷകവും അല്‍പ്പം വിദേശരീതിയിലുള്ളതുമായ ഒരു പൂന്തോട്ടത്തെപ്പറ്റിയാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ ആദ്യം മനസിലേക്ക് വരുന്നത് മനോഹരമായ പൂക്കളുണ്ടാകുന്ന വള്ളിച്ചെടികളും മുളയുടെയും പനയുടെയും വര്‍ഗത്തില്‍പ്പെട്ട ചെടികളുമൊരുക്കുന്ന കാഴ്ചയുടെ വസന്തമായിരിക്കും. സാധാരണ വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിലൊരുക്കുന്ന പൂന്തോട്ടമല്ലാതെ വിവിധ തരത്തിലുള്ള ടെറാകോട്ട പാത്രങ്ങളില്‍ പലയിനം ചെടികള്‍ മനോഹരമായി ഒരുക്കിവെച്ചാല്‍ പ്രത്യേകതരം പൂന്തോട്ടമൊരുക്കാം. വരണ്ട കാലാവസ്ഥയില്‍ വളരുന്ന പലയിനം ചെടികളും ഉപയോഗിച്ച് ഇത്തരത്തില്‍ മെഡിറ്ററേനിയന്‍ രീതിയിലുള്ള പൂന്തോട്ടമൊരുക്കാനുള്ള വഴികളാണിത്.  

മൊസൈക് ടൈലുകളും ആകര്‍ഷകമായ ചുവരുകളും മേശകളും പാത്രങ്ങളും അടുക്കിവെച്ച് മനോഹരമാക്കാവുന്ന പൂന്തോട്ടമാണിത്. മൊസൈക് ടൈലുകള്‍ക്ക് പകരം പൊട്ടിയ പാത്രങ്ങളും കറ പിടിച്ച ഗ്ലാസുകളും ഉപയോഗിക്കാം. കക്കകളുടെയും ചിപ്പികളുടെയും തോടുകളും ഉപയോഗിക്കാം. ഇതെല്ലാം അനുയോജ്യമായ രീതിയില്‍ കലാപരമായി ചേര്‍ത്തുവെക്കാം. സ്ഥലമുണ്ടെങ്കില്‍ പൂന്തോട്ടത്തില്‍ ചെറിയൊരു മേശയും കസേരയും കൂടി വിശ്രമത്തിനായി ഉപയോഗിക്കാം. ദൈനംദിന ജീവിതത്തിലെ തിക്കും തിരക്കും ആള്‍ക്കൂട്ടവും കോലാഹലവുമൊക്കെ ഒഴിവാക്കി മനസിന് കുളിര്‍മയും ശാന്തിയും നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കാവുന്നതാണ്. മെഡിറ്ററേനിയന്‍ രീതിയിലുള്ള പൂന്തോട്ടത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്.

പരമ്പരാഗത രീതിയിലുള്ള പൂന്തോട്ടത്തില്‍ നിന്നും വ്യത്യസ്തമായി  പടര്‍ന്ന് വളര്‍ന്ന് കമാനാകൃതിയിലും സുഗന്ധമുള്ള പൂക്കളുമുണ്ടാകുന്ന ചെടികള്‍ വെച്ചുപിടിപ്പിച്ചും പരുപരുത്തതും മിനുസപ്പെടുത്താത്തതുമായ കുത്തനെയുള്ള തൂണുകള്‍ പോലുള്ളവ നിര്‍മിച്ചും വളരെ ചെറിയ സ്ഥലത്താണെങ്കില്‍പോലും പുതുമയാര്‍ന്ന അന്തരീക്ഷം ഇത്തരത്തില്‍ സൃഷ്ടിക്കാം.

മെഡിറ്ററേനിയന്‍ പൂന്തോട്ടമൊരുക്കുമ്പോള്‍ പടിവാതില്‍ മുതല്‍ മുറ്റം വരെ ടെറാകോട്ട പാത്രങ്ങളില്‍ പലതരത്തിലുള്ള ചെടികള്‍ നിരത്തിവെച്ച് ആകര്‍ഷകമായി വഴിയൊരുക്കാം. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിവുള്ള തരത്തില്‍ വെള്ളം വളരെ കുറച്ചുമാത്രം ആവശ്യമുള്ള ചെടികള്‍ ഇവിടെ വളര്‍ത്താം. മുളവര്‍ഗത്തില്‍പ്പെട്ട ചെടികള്‍ മെഡിറ്ററേനിയന്‍ പൂന്തോട്ടത്തിന്റെ പ്രധാന ആകര്‍ഷണമാണ്. പുല്ലുവര്‍ഗത്തില്‍പ്പെട്ട ചെടികളും നാരങ്ങ പോലുള്ള പഴങ്ങളും കൂടി ഇവിടെ വളര്‍ത്താം. അതുപോലെ വ്യത്യസ്ത തരത്തിലുള്ള ഔഷധസസ്യങ്ങളും ലാവെന്‍ഡര്‍, റോസ്‌മേരി, ഒലിവ് എന്നിവയും പൂന്തോട്ടത്തിന് മെഡിറ്ററേനിയന്‍ ടച്ച് നല്‍കുന്നവയാണ്. ഓരോരുത്തരുടെയും മനസിലുള്ള ആശയങ്ങള്‍ക്കനുസരിച്ച് മെഡിറ്ററേനിയന്‍ പൂന്തോട്ടം ഡിസൈന്‍ ചെയ്യാവുന്നതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios