സ്വീറ്റ് ലെമണ്‍ അഥവാ മുസമ്പി; ബഡ്ഡിങ്ങ് വഴി കൃഷി ചെയ്യാം

ഉയര്‍ന്ന ഗുണനിലവാരമുള്ള തൈകള്‍ നഴ്‌സറിയില്‍ നിന്നും നോക്കിവാങ്ങണം. രണ്ടു വര്‍ഷമെങ്കിലും പ്രായമുള്ള തൈകളാണ് നല്ലത്.

how to grow mosambi

നല്ല സുഗന്ധമുള്ള വെളുത്ത പൂക്കളും ഇളംമഞ്ഞനിറമുള്ള പഴങ്ങളുമാണ് സ്വീറ്റ് ലൈം, സ്വീറ്റ് ലെമണ്‍ എന്നൊക്കെ അറിയപ്പെടുന്ന പഴം ഉണ്ടാകുന്ന ചെടിയുടെ പ്രത്യേകത. ഇതു തന്നെയാണ് നമ്മുടെ മുസമ്പി എന്നറിപ്പെടുന്ന പഴം. റൂട്ടേസീ സസ്യകുടുംബത്തില്‍പ്പെട്ട മുസമ്പി ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ്. വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തി വരുമാനം നേടാന്‍ അനുയോജ്യമായ പഴമാണിത്.

20 മുതല്‍ 25 അടി വരെ ഉയരത്തില്‍ വളരുന്ന മുസമ്പിയുടെ മരത്തില്‍ ഏകദേശം 17 സെ.മീ വരെ നീളമുള്ള ഇലകളാണുള്ളത്. സിട്രസ് ലൈമേറ്റ എന്നാണ് ഈ ചെടിയുടെ ശാസ്ത്രനാമം. ഇന്ത്യയില്‍ മുസമ്പി കൃഷി ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, പഞ്ചാബ്, ബീഹാര്‍, ആസ്സാം, മിസോറാം, ജമ്മു കശ്‍മീര്‍ എന്നിവ.

കാലാവസ്ഥയും കൃഷിരീതിയും

മുസമ്പി വളര്‍ത്താന്‍ യോജിച്ചത് വരണ്ട കാലാവസ്ഥയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഏകദേശം 60 സെ.മീ മുതല്‍ 75 സെ.മീ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് അനുയോജ്യം.

നല്ല നീര്‍വാര്‍ച്ചയുള്ള ചുവന്ന മണ്ണാണ് ഈ ചെടിക്ക് വളരാന്‍ നല്ലത്. മണ്ണിന്റെ പി.എച്ച് മൂല്യം 6.5 -നും 7.5 -നും ഇടയിലായിരിക്കണം. വെള്ളം കെട്ടിനിന്നാല്‍ വേര് ചീഞ്ഞ് പോകും.

ബഡ്ഡിങ്ങിലൂടെയാണ് മുസമ്പി കൃഷി പ്രധാനമായും ചെയ്യുന്നത്. കാലാവസ്ഥയും കൃഷിസ്ഥലവും അനുസരിച്ച് കൃഷിചെയ്യുന്ന സമയവും വ്യത്യാസപ്പെടാറുണ്ട്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് സാധാരണയായി കൃഷി ചെയ്യുന്നത്.

തൈകള്‍ നടാനായി കുഴിയെടുക്കുമ്പോള്‍ ഓരോ ചെടിയും തമ്മില്‍ 22 അടി അകലത്തിലാകുന്നതാണ് വളരാന്‍ സഹായകം. 85 മുതല്‍ 90 വരെ തൈകള്‍ ഒരു ഹെക്ടറില്‍ നടാവുന്നതാണ്. ഇത് വലിയ മരമായി വളരുന്നതുകൊണ്ട് കൂടുതല്‍ അകലം നല്‍കി വളര്‍ത്തുന്നതാണ് നല്ലത്.

ഉയര്‍ന്ന ഗുണനിലവാരമുള്ള തൈകള്‍ നഴ്‌സറിയില്‍ നിന്നും നോക്കിവാങ്ങണം. രണ്ടു വര്‍ഷമെങ്കിലും പ്രായമുള്ള തൈകളാണ് നല്ലത്.

തൈകള്‍ മാറ്റിനട്ടുകഴിഞ്ഞ ഉടനെ നനയ്ക്കണം. മഴക്കാലത്ത് നനയ്‌ക്കേണ്ട ആവശ്യമില്ല. തണുപ്പുകാലത്ത് മൂന്നോ നാലോ ദിവസങ്ങള്‍ കൂടുമ്പോള്‍ നനയ്ക്കണം. വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കുന്നത് നല്ലതാണ്. തുള്ളിനന സംവിധാനമാണ് നല്ല വിളവ് ലഭിക്കാനും വളര്‍ച്ച ത്വരിതപ്പെടുത്താനും നല്ലത്.

പുതിയ ശാഖകള്‍ വളരാനും ശരിയായ വളര്‍ച്ചയ്ക്കും കൊമ്പുകോതല്‍ നടത്തണം. മണ്ണില്‍ നിന്നും 60 സെ.മീ ഉയരത്തിലുള്ള ശാഖകള്‍ വെട്ടിമാറ്റാം.

മാര്‍ച്ച് മാസത്തിലും ഒക്ടോബര്‍ മാസത്തിലുമായി രണ്ട് ഡോസ് നൈട്രജന്‍ മരങ്ങള്‍ക്ക് നല്‍കണം. ചാണകപ്പൊടി ഫോസ്‍ഫറസ്, പൊട്ടാഷ് എന്നിവയടങ്ങിയ വളവും ഒക്ടോബറില്‍ നല്‍കാറുണ്ട്.

വെള്ളം ബാഷ്പീകരിച്ച് നഷ്ടപ്പെടാതിരിക്കാന്‍ പുതയിടല്‍ നടത്തണം. ചെറുപയര്‍, നിലക്കടല, ബീന്‍സ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം.

കൃഷി ചെയ്താല്‍ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പൂക്കളുണ്ടാകുന്നത്. ഈ പൂക്കള്‍ പറിച്ചുമാറ്റിയാല്‍ അടുത്ത വര്‍ഷം നല്ല പഴങ്ങള്‍ ലഭിക്കും. നാലാം വര്‍ഷം മുതലാണ് വിളവെടുപ്പ് നടത്താറുള്ളത്. ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വിളവെടുപ്പ് നടത്താം. ഏപ്രില്‍ മുതല്‍ മെയ് വരെയും ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുമാണ് വിളവെടുപ്പ് നടത്താറുള്ളത്. മരത്തില്‍ തന്നെ നിലനിര്‍ത്തി പഴുക്കാന്‍ അനുവദിക്കരുത്.

തുടക്കത്തില്‍ ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് ഒരു മരത്തില്‍ നിന്ന് 60 കി.ഗ്രാം പഴങ്ങള്‍ ലഭിക്കും. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ 100 കി.ഗ്രാം വരെ വര്‍ദ്ധിക്കും. 10 വര്‍ഷം പ്രായമായ മരത്തില്‍ നിന്ന് പരമാവധി വിളവ് പ്രതീക്ഷിക്കാം. 20 വര്‍ഷമാണ് ഒരു മരത്തിന് ആയുസ്. 


 

Latest Videos
Follow Us:
Download App:
  • android
  • ios