തണുപ്പുള്ള സ്ഥലത്ത് ബ്രൊക്കോളി വളര്‍ത്താം; പോഷകത്തിന്റെ കാര്യത്തില്‍ കേമന്‍
വിത്തുകള്‍ അര ഇഞ്ച് ആഴത്തിലാണ് നടേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്ത് 300 ഗ്രാം വിത്ത് നടാവുന്നതാണ്. ജൈവവളവും കമ്പോസ്റ്റും തന്നെയാണ് വളമായി ഉപയോഗിക്കുന്നത്.
തണുപ്പുകാലത്ത് വളരുന്ന പച്ചക്കറിയുടെ ഇനത്തില്‍പ്പെട്ടതാണ് ബ്രൊക്കോളി. മഴക്കാലത്തും വളര്‍ത്തി വിളവെടുക്കാവുന്നതാണ്. കേരളത്തില്‍ ഇടുക്കിയില്‍ ബ്രൊക്കോളി വളര്‍ത്തുന്നുണ്ട്. കാബേജിന്റെ കുടുംബക്കാരനായ ഈ പച്ചക്കറി വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. വിറ്റാമിനുകളും മിനറലും അടങ്ങിയ ഈ ബ്രൊക്കോളി സലാഡില്‍ ഉപയോഗിക്കുന്നുണ്ട്. അമിതവണ്ണമുള്ളവര്‍ക്ക് ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറി കൂടിയാണിത്.
18 ഡിഗ്രി സെല്‍ഷ്യസിനും 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയിലാണ് ബ്രൊക്കോളി നന്നായി വളരുന്നത്. നല്ല സൂര്യപ്രകാശം ആവശ്യമുള്ള വിളയാണ്. മുകള്‍ഭാഗത്ത് പൂവു പോലുള്ള ഭാഗമാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണിത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകമാണിത്. ധാരാളം സള്‍ഫറും അടങ്ങിയിട്ടുണ്ട്. പാചകം ചെയ്താല്‍ നഷ്ടപ്പെടാത്ത പോഷകഘടകങ്ങളാണ് ഈ പച്ചക്കറിയിലുള്ളത്.
വിത്തുകള്‍ അര ഇഞ്ച് ആഴത്തിലാണ് നടേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്ത് 300 ഗ്രാം വിത്ത് നടാവുന്നതാണ്. ജൈവവളവും കമ്പോസ്റ്റും തന്നെയാണ് വളമായി ഉപയോഗിക്കുന്നത്. 25 മുതല്‍ 30 ദിവസത്തോളം പ്രായമുള്ള തൈകളില്‍ നാലോ അഞ്ചോ ഇലകള്‍ വരുമ്പോഴാണ് മാറ്റിനടുന്നത്. രണ്ടു വരികള്‍ തമ്മില്‍ 45 സെ.മീ അകലം നല്‍കണം.
തൈകള്‍ ആവശ്യത്തിന് നനച്ച് വെച്ചാല്‍ എളുപ്പത്തില്‍ ചട്ടിയില്‍ നിന്ന് പറിച്ചു മാറ്റാം. അങ്ങനെ പറിച്ചെടുക്കുമ്പോള്‍ വേരുകളില്‍ മണ്ണ് പറ്റിപ്പിടിച്ചിരിക്കുന്നത് ചെടി വാടിപ്പോകാതിരിക്കാന്‍ സഹായിക്കും. പറിച്ചു മാറ്റി നട്ടാല്‍ ഉടനെ നനച്ചുകൊടുക്കണം.
ആഴത്തില്‍ വേരുകളുള്ള ചെടിയാണിത്. വരണ്ട മണ്ണില്‍ വേരുകള്‍ക്ക് ക്ഷതം പറ്റാതിരിക്കാന്‍ നന്നായി നനച്ചുകൊടുക്കണം. മഴക്കാലത്ത് നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. വശങ്ങളിലുള്ള തണ്ടുകള്‍ മുറിച്ചുമാറ്റി വിളവ് കൂടുതല്‍ ഉണ്ടാകാന്‍ സഹായിക്കാം.
വിളവെടുക്കുമ്പോള്‍ 25 സെ.മീ തണ്ടും കൂടി ചേര്‍ത്ത് വേണം മുറിച്ചെടുക്കാന്‍. അതിരാവിലെ വിളവെടുക്കുന്നതാണ് നല്ലത്. ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് 3.5 ക്വിന്റല്‍ ഒരു വിളവെടുപ്പില്‍ ലഭിക്കും.