കുറഞ്ഞ ചെലവില്‍ വീട്ടുമുറ്റത്ത് താറാവ് വളര്‍ത്താം; ആദായം നേടിത്തരാന്‍ ഇറച്ചിയും മുട്ടയും
മൃഗസംരക്ഷണ വകുപ്പ് താറാവ് വളര്‍ത്തല്‍ പദ്ധതിയുമായി മുന്നോട്ട് വന്നിരുന്നു. മുട്ടയുടെയും ഇറച്ചിയുടെയും ലഭ്യത ഉറപ്പാക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുമായിരുന്നു ഇവരുടെ ലക്ഷ്യം. സര്‍ക്കാര്‍ അംഗീകാരമുള്ള നഴ്‌സറികളില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയ താറാവ് കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.
താറാവ് കൃഷിയിലൂടെ ലാഭം കൊയ്യുന്ന നിരവധി കര്‍ഷകരുണ്ട്. ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി താറാവിനെ വളര്‍ത്താം. വെള്ളത്തിലല്ലാതെയും താറാവിനെ വളര്‍ത്താം. കോഴികളെ വളര്‍ത്തുന്നതുപോലെ തന്നെ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ കൂടുകളില്‍ താറാവിനെയും വളര്‍ത്താം. അങ്ങനെ വളര്‍ത്തുമ്പോള്‍ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പറ്റില്ലെന്നതാണ് വ്യത്യാസം. ഇണചേരുന്നതിനും പ്രത്യുല്‍പാദനം നടത്താനും താറാവുകള്‍ക്ക് വെള്ളം ആവശ്യമാണ്. താറാവ് വളര്‍ത്തിയാല്‍ സ്ഥിരവരുമാനം കിട്ടുന്ന ഒരു തൊഴില്‍ സ്വന്തമാക്കാമെന്നാണ് പല കര്‍ഷകരും കാണിച്ചുതരുന്നത്. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കൊത്തിപ്പെറുക്കി കോഴിമുട്ടയേക്കാള്‍ ഏകദേശം 20 ഗ്രാം കൂടുതലുള്ള മുട്ടയിടുന്ന താറാവുകള്‍ കര്‍ഷകന്റെ മിത്രം തന്നെ.
വ്യാവസായികമായ താറാവ് വളര്‍ത്തല്‍
എത്രത്തോളം പക്ഷികളെ നിങ്ങള്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നോ അതിനനുസരിച്ച് ഫാമിന്റെ വലുപ്പവും തീരുമാനിക്കണം. 50,000 മുതല്‍ ഒരുലക്ഷം താറാവുകളെ വരെ ഒരുമിച്ച് വളര്‍ത്തുന്ന ഫാമുകളുണ്ട്.
നിങ്ങള്‍ വളര്‍ത്തുന്നത് മുട്ടയ്ക്കാണോ അതോ മാംസത്തിന് വേണ്ടിയാണോ എന്ന് തീരുമാനിക്കണം. ബിസിനസ് തുടങ്ങാന്‍ ആവശ്യമായ നിക്ഷേപം എത്രയെന്ന് മനസിലാക്കണം. ഫാം നിര്‍മാണം, ഭൂമി, തീറ്റ നല്‍കല്‍, താറാവിന്റെ കുഞ്ഞുങ്ങളെ വാങ്ങല്‍, മരുന്നുകള്‍ എന്നിവയ്‌ക്കെല്ലാം പണച്ചെലവ് വരും. നിയമപരമായും സാമ്പത്തികപരമായുമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കണം.
താറാവ് കൃഷിയില്‍ നിന്നുള്ള ഗുണങ്ങള്‍
കുറഞ്ഞ ചിലവില്‍ വളര്‍ത്തി വലുതാക്കാമെന്നതാണ് പ്രത്യേകത. മിക്കവാറും എല്ലാത്തരം കാലാവസ്ഥയുമായും യോജിച്ചുപോകുന്നതുകൊണ്ട് വീട്ടില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. താറാവുകള്‍ രാവിലെയോ രാത്രിയോ ആണ് മുട്ടകളിടുന്നത്. അതിരാവിലെ നിങ്ങള്‍ക്ക് മുട്ട ശേഖരിക്കാന്‍ കഴിയും.
മറ്റുള്ള വളര്‍ത്തുപക്ഷികളെപ്പോലെ ധാരാളം സ്ഥലം വളര്‍ത്താന്‍ ആവശ്യമില്ല. താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ സമയം കൊണ്ട് മുട്ടയിടുകയും കുഞ്ഞുങ്ങള്‍ പെട്ടെന്ന് വളരുകയും ചെയ്യും.
കുറഞ്ഞ വിലയില്‍ കിട്ടുന്ന ഏത് ഭക്ഷണസാധനങ്ങളും കഴിക്കുന്നതുകൊണ്ട് താറാവിനെ വളര്‍ത്തുന്നവര്‍ക്ക് വലിയ തലവേദനയില്ല. ബാക്കിവന്ന ചോറ്, പഴങ്ങള്‍ എന്നിവയെല്ലാം അകത്താക്കും. മണ്ണിര, ഒച്ച്, ചെറുപ്രാണികള്‍ എന്നിവയെല്ലാം ഇഷ്ടഭക്ഷണങ്ങളാണ്. കോഴിക്കുഞ്ഞുങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് അസുഖം ബാധിച്ച് ചത്തുപോകുന്നില്ലെന്നത് ഗുണകരമാണ്.
പ്രാദേശിക വിപണിയിലും അന്താരാഷ്ട്ര വിപണിയിലും താറാവിറച്ചിക്ക് വന്‍ ഡിമാന്റുണ്ട്. സ്ഥിരവരുമാനം നേടിത്തരുന്ന ഈ കൃഷിയിലേക്ക് നിരവധി അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ കടന്നുവരുന്നുണ്ട്.
മൃഗസംരക്ഷണ വകുപ്പ് താറാവ് വളര്‍ത്തല്‍ പദ്ധതിയുമായി മുന്നോട്ട് വന്നിരുന്നു. മുട്ടയുടെയും ഇറച്ചിയുടെയും ലഭ്യത ഉറപ്പാക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുമായിരുന്നു ഇവരുടെ ലക്ഷ്യം. സര്‍ക്കാര്‍ അംഗീകാരമുള്ള നഴ്‌സറികളില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയ താറാവ് കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.
വീട്ടുവളപ്പില്‍ കുളമുണ്ടാക്കാം
സ്ഥലപരിമിതി ഉള്ളവര്‍ക്കും വീട്ടുവളപ്പില്‍ താല്‍ക്കാലിക കുളങ്ങളുണ്ടാക്കാം. ഏകദേശം ആറ് അടി നീളവും നാല് അടി വീതിയും രണ്ട് അടി ആഴവുമുള്ള കുഴിയാണ് ഉണ്ടാക്കേണ്ടത്. ഈ കുഴിക്ക് മണ്ണ് ഉപയോഗിച്ച് വരമ്പ് ഉണ്ടാക്കണം. കുഴിയില്‍ പ്ലാസ്റ്റിക്ക് ചാക്ക് വിരിക്കണം. മുകളില്‍ ടാര്‍പ്പായ വിരിക്കണം. ഈ ടാര്‍പ്പായയ്ക്ക് മുകളില്‍ ഇഷ്ടിക വെച്ച് ഷീറ്റ് ടാങ്കിലേക്ക് വീഴാതെ സൂക്ഷിക്കണം.
അതിനുശേഷം ടാങ്കിലേക്ക് വെള്ളം നിറയ്ക്കണം. നാലാഴ്ച പ്രായമായ കുഞ്ഞുങ്ങളെയാണ് കുളത്തിലേക്ക് വിടുന്നത്. 300 ലിറ്റര്‍ വെള്ളം ഈ ടാങ്കില്‍ നിറയ്ക്കാം.
അഞ്ച് മാസം പ്രായമെത്തിയാല്‍ താറാവുകള്‍ മുട്ടയിടും. ഏകദേശം മൂന്ന് വര്‍ഷത്തോളം മുട്ട ലഭിക്കും. മുട്ടകള്‍ കോഴിമുട്ടകളേക്കാള്‍ കൂടുതല്‍ ദിവസം കേടുകൂടാതിരിക്കും. ഇറച്ചിക്ക് മാത്രമായി ബ്രോയിലര്‍ താറാവുകളെയും വളര്‍ത്താറുണ്ട്.