ഡിഫെന്‍ബെച്ചിയ വളര്‍ത്തുമ്പോള്‍ കരുതല്‍ വേണം; വളര്‍ത്തുമൃഗങ്ങള്‍ക്ക് ഹാനികരം
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലേ ഈ ചെടി നടാന്‍ പാടുള്ളു. മിതമായി നനയ്ക്കണം. മണ്ണില്‍ വെള്ളം കെട്ടിക്കിടക്കാതെ ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്ക വിധത്തില്‍ വളര്‍ത്തണം. തണ്ടുകള്‍ മുറിച്ച് നട്ട് വേര് പിടിപ്പിച്ച് ഡിഫെന്‍ബെച്ചിയ വളര്‍ത്താം.
ഓഫീസിനകത്തും വീടിനുള്ളിലും അലങ്കാരത്തിനായി വളര്‍ത്തുന്ന ഡിഫെന്‍ബെച്ചിയ ഈര്‍പ്പം കൂടുതല്‍ ഇഷ്ടപ്പെടാത്ത ചെടിയാണ്. പരിപാലിക്കുമ്പോള്‍ അല്‍പം ശ്രദ്ധ നല്‍കി കൈകളില്‍ ഗ്ലൗസ് ധരിക്കുന്നതും കണ്ണുകള്‍ക്ക് സുരക്ഷിതത്വത്തിനായി ഉപാധികള്‍ സ്വീകരിക്കുന്നതും നല്ലതാണ്.
ഡിഫെന്‍ബെച്ചിയയുടെ ഇലകള്‍ ഏതെങ്കിലും കാരണവശാല്‍ ചവച്ച് തിന്നാനിടയായാല്‍ താല്‍ക്കാലികമായി നാവിലും തൊണ്ടയിലും വീക്കം അനുഭവപ്പെടും.ഡംബ്‌കേന്‍ ഡിഫെന്‍ബെച്ചിയ (Dumbcane) എന്ന പേര് സൂചിപ്പിക്കുന്നതുപോലെ താല്ക്കാലികമായി സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാകാം. ഇത് സാധാരണയായി ഗുരുതരമാകാറില്ലെങ്കിലും ശ്വാസംമുട്ടലിലേക്ക് നയിക്കാം. അതുകൊണ്ട് കുസൃതികളായ കുട്ടികളും വളര്‍ത്തുമൃഗങ്ങളുമുള്ളിടത്ത് ഈ ചെടി വളര്‍ത്താതിരിക്കുന്നതാണ് നല്ലത്.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലേ ഈ ചെടി നടാന്‍ പാടുള്ളു. മിതമായി നനയ്ക്കണം. മണ്ണില്‍ വെള്ളം കെട്ടിക്കിടക്കാതെ ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്ക വിധത്തില്‍ വളര്‍ത്തണം. തണ്ടുകള്‍ മുറിച്ച് നട്ട് വേര് പിടിപ്പിച്ച് ഡിഫെന്‍ബെച്ചിയ വളര്‍ത്താം.
സൂര്യപ്രകാശം കൂടുതലായി ഇലകളില്‍ പതിച്ചാല്‍ സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇലകളുടെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ സൂര്യപ്രകാശം ലഭിക്കാനായി ചെടി വളര്‍ത്തുന്ന പാത്രത്തിന്റെ വശങ്ങള്‍ സൂര്യനഭിമുഖമായി തിരിച്ചുവെച്ചുകൊടുക്കണം. മങ്ങിയ വെളിച്ചത്തിലും ചെടിക്ക് ആരോഗ്യവും ആകര്‍ഷകത്വവുമുണ്ടാകും. പക്ഷേ, വളര്‍ച്ച പതുക്കെയായിരിക്കുമെന്ന് മാത്രം. ഈ ചെടി വളര്‍ത്തുമ്പോള്‍ വളര്‍ച്ച ത്വരിതപ്പെടുത്താനായി മാസത്തില്‍ രണ്ടുപ്രാവശ്യം വളപ്രയോഗം നടത്താം. നൈട്രജന്റെ അളവ് കൂടുതലുള്ള വളമാണ് നല്ലത്.
അമിതമായി വളരുന്ന ചെടിയില്‍ ഇലകള്‍ കൊഴിയുകയാണെങ്കില്‍ ഈ തണ്ടുകള്‍ അഞ്ച് സെ.മീ നീളത്തില്‍ മുറിച്ചെടുത്ത് പുതിയതായി വളര്‍ത്താന്‍ ഉപയോഗിക്കാം. മണലും മോസും മണ്ണും കലര്‍ന്ന പോട്ടിങ്ങ് മിശ്രിതം ഉപയോഗിക്കാം. ഇനങ്ങളിലുള്ള വ്യത്യാസമനുസരിച്ച് മൂന്ന് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ വേര് പിടിക്കും. ഇങ്ങനെ വേര് പിടിച്ച ചെടികളില്‍ നിന്നും പുതിയ തണ്ടുകള്‍ മുളപൊട്ടി വരുന്നതു വരെ കാത്തിരുന്നശേഷമേ പുതിയ പാത്രത്തിലേക്ക് മാറ്റിനടാന്‍ പാടുള്ളു.