സിട്രൊണെല്ല ചെടി വളര്‍ത്തിയാല്‍ കൊതുകിനെ തുരത്താനാകുമോ?
മോസ്‌കിറ്റോ പ്ലാന്റ് ജെറേനിയം, സിട്രോസ ജെറേനിയം, പെലര്‍ഗോണിയം സിട്രോസം എന്നിങ്ങനെ പല പേരുകളിലും ഈ ചെടി അറിയപ്പെടുന്നുണ്ട്.
സിട്രൊണെല്ല എന്ന ചെടി വീടിന് പുറത്ത് വളര്‍ത്തുന്നത് കൊതുകിനെ തുരത്താന്‍ വേണ്ടിയാണല്ലോ. നല്ല തണുപ്പുള്ള സ്ഥലത്താണ് താമസിക്കുന്നതെങ്കില്‍ വീട്ടിനകത്ത് വളര്‍ത്താന്‍ പറ്റുന്ന ചെടിയുമാണിത്. ജെറേനിയത്തിന്റെ ഇനത്തില്‍പ്പെട്ട ഈ ചെടി യഥാര്‍ഥത്തില്‍ കൊതുകുനിവാരണിയാണോ?
മോസ്‌കിറ്റോ പ്ലാന്റ് ജെറേനിയം, സിട്രോസ ജെറേനിയം, പെലര്‍ഗോണിയം സിട്രോസം എന്നിങ്ങനെ പല പേരുകളിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. ഈ ചെടിയുടെ ഇലകള്‍ ചതച്ചാലുണ്ടാകുന്ന ഒരു പ്രത്യേക ഗന്ധമാണ് കൊതുകിനെ തുരത്താനുള്ള ഗുണമായി മാറുന്നത്. ഇലകള്‍ ചതച്ച് നീര് ചര്‍മത്തില്‍ പുരട്ടിയാല്‍ കൊതുക് കടിക്കുകയില്ലെന്ന വിശ്വാസത്തിന് ശാസ്ത്രീയമായ പിന്‍ബലമില്ല.
നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുകയാണെങ്കില്‍ വീട്ടിനകത്ത് നന്നായി വളരും. നല്ല പച്ചപ്പോടുകൂടിയും കൂട്ടത്തോടെയും വളരണമെങ്കില്‍ ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കണം. നന്നായി വെളിച്ചം ലഭിച്ചില്ലെങ്കില്‍ ചെടിയുടെ തണ്ടുകള്‍ക്ക് ശക്തിയില്ലാതാകുകയും മണ്ണിലേക്ക് വീണുപോകാനുമുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ കാണപ്പെടുകയാണെങ്കില്‍ ശക്തിയില്ലാത്ത തണ്ടുകള്‍ ചെറുതാക്കി വെട്ടിയൊതുക്കി നിര്‍ത്തണം. താരതമ്യേന കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ചെടി മാറ്റിവെക്കണം. ഒരു പ്രാവശ്യം നനച്ചുകഴിഞ്ഞാല്‍ മണ്ണ് വരണ്ടതായി കാണപ്പെട്ടശേഷം മാത്രമേ വീണ്ടും നനയ്ക്കാവൂ. നല്ല നീര്‍വാര്‍ച്ചയുള്ള നടീല്‍ മിശ്രിതവും ആവശ്യത്തിന് വളങ്ങളും നല്‍കിയാല്‍ ചെടി നന്നായി വളരും. പല തരത്തിലുമുള്ള മണ്ണിലും ഈ ചെടി വളരാറുണ്ട്. രണ്ട് മുതല്‍ നാല് അടി വരെ ഉയരത്തില്‍ ഈ ചെടി വളരും.