സാരി ഉടുത്തതിന്റെ പേരില്‍ റെസ്റ്റോറന്റില്‍ കയറ്റിയില്ല; വിവാദമായപ്പോള്‍ മാപ്പ്!
സൗത്ത് ദില്ലിയിലെ ഒരു വന്‍കിട റെസ്‌റ്റോറന്റിലാണ് സംഭവം നടന്നത്. ഗുഡ്ഗാവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളായി പ്രവര്‍ത്തിക്കുന്ന സംഗീത കെ നാഗ് എന്ന വനിതയാണ് ഇത്തരമൊരു വിചിത്രമായ അനുഭവം നേരിട്ടത്. 'കൈലിന്‍ ആന്റ് ഐവി' എന്ന റെസ്റ്റോറന്റിലേക്ക് കയറവേ ജീവനക്കാരന്‍ അവരെ തടയുകയായിരുന്നു
ഇന്ത്യയിലെ ബഹൂഭൂരിപക്ഷം വരുന്ന സ്ത്രീകളും ധരിക്കുന്ന വേഷമേതാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം, അത് സാരിയാണ്. ഇത്രയും ജനകീയവും അംഗീകൃതവുമായ ഒരു വസ്ത്രത്തിന്റെ പേരില്‍ ഇന്ത്യക്കകത്ത് തന്നെ ഒരിടത്ത് പ്രവേശനം നിഷേധിക്കപ്പെടുകയെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാകുമോ?
സത്യമാണ്, സൗത്ത് ദില്ലിയിലെ ഒരു വന്‍കിട റെസ്‌റ്റോറന്റിലാണ് സംഭവം നടന്നത്. ഗുഡ്ഗാവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളായി പ്രവര്‍ത്തിക്കുന്ന സംഗീത കെ നാഗ് എന്ന വനിതയാണ് ഇത്തരമൊരു വിചിത്രമായ അനുഭവം നേരിട്ടത്.
'കൈലിന്‍ ആന്റ് ഐവി' എന്ന റെസ്റ്റോറന്റിലേക്ക് കയറവേ ജീവനക്കാരന്‍ അവരെ തടയുകയായിരുന്നു. തുടര്‍ന്ന് പരമ്പരാഗത വേഷം ഇവിടെ അനുവദനീയമല്ലെന്ന് പറയുകയും ചെയ്തു. ഈ സംഭാഷണം മൊബൈലില്‍ പകര്‍ത്തിയ സംഗീത പിന്നീട് ഇത് ട്വിറ്ററിലൂടെ പങ്കുവച്ചു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ വീഡിയോ വഴിയൊരുക്കിയത്. കോണ്‍ഗ്രസ് നേതാവ് ശര്‍മിഷ്ട മുഖര്‍ജിയുള്‍പ്പെടെ പലരും സംഗീതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. സംഭവം വിവാദമായെന്ന് മനസിലായതോടെ 'കൈലിന്‍ ആന്റ് ഐവി'യുടെ ഡയറക്ടര്‍ സൗരഭ് ഖനീജോ മാപ്പപേക്ഷയുമായി സംഗീതയെ സമീപിച്ചു.
ഇങ്ങനെയൊരു നിയമം തങ്ങളുടെ സ്ഥാപനത്തിലെവിടെയും ഇല്ലെന്നും മനപ്രയാസമുണ്ടാക്കുന്ന പെരുമാറ്റം ജീവനക്കാരനില്‍ നിന്നുണ്ടായതില്‍ ഖേദിക്കുന്നുവെന്നും കാണിച്ചാണ് സൗരഭ് സംഗീതയ്ക്ക് സന്ദേശമയച്ചത്. ഏതായാലും മാപ്പപേക്ഷിച്ചതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നാണ് സൂചന.