അമ്മ- പകരംവയ്ക്കാനില്ലാത്ത പദം; ഇന്ന് ലോക മാതൃദിനം
മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്. അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം.
ഇന്ന് ലോക മാതൃദിനം. ജീവിതത്തിൽ പകർന്നുകിട്ടുന്ന പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും ഓര്‍മ്മിപ്പിക്കാനുള്ള ദിനം. ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്.
അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്കൊതുക്കുന്നതാണോ എന്ന ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്തോളം മാതൃദിനത്തിന് പ്രസക്തിയുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതൽ ഓർക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം.
മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്. അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു. അമ്മമാര്‍ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമ്മിക്കുക കൂടിയാണ് ഈ ദിനം. ഈ ദിവസം മക്കള്‍ നല്‍കുന്ന സ്നേഹസമ്മാനങ്ങൾ ഏതൊരമ്മയ്ക്കും സന്തോഷമാണ്. സമ്മാനങ്ങൾക്കൊപ്പം സ്നേഹവും കരുതലും അവരുടെ മനസ്സ് നനയ്ക്കട്ടെ.
മുലപ്പാലിലൂടെ പകർന്നുതന്ന സ്നേഹത്തിന്റെ, ശാസനയിലൂടെ പകർന്ന തിരുത്തലിന്റെ, ചേർത്തുപിടിക്കലിലൂടെ പകർന്നുതന്ന അതിജീവനത്തിന്റെ ഓർമപ്പെടുത്തലാണ് ഓരോ മാതൃദിനവും. അമ്മ നമുക്ക് താങ്ങായും തണലായും നിന്ന പോലെ നമുക്ക് തിരിച്ചും നിൽക്കാം. വൃദ്ധസദനങ്ങളെ മറക്കാം. അമ്മമാരോടുള്ള ക്രൂരതകളോട് വിട പറയാം. എന്നിട്ട് ഒന്നിച്ചുനേരാം നമുക്ക് മാതൃദിനാശംസകള്‍.
കൊവിഡ് കാലത്താണ് ഇത്തവണത്തെ മാതൃദിനം. ഈ സാഹചര്യത്തില്‍ അമ്മമാരായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവും വില മതിക്കാത്തതാണ്. സ്വന്തം മക്കളെ പോലും പിരിഞ്ഞിരുന്നും സ്വന്തം ജീവന്‍ പോലും പണയം വച്ചുമാണ് അവര്‍ കൊവിഡ് രോഗികള്‍ക്കായി തങ്ങളുടെ സേവനം മാറ്റിവയ്ക്കുന്നത്. ഈ മാതൃദിനത്തില്‍ അവര്‍ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona