ചരിത്രം സൃഷ്ടിച്ച പെണ്‍കരുത്തിന് വിട; 'ഷൂട്ടര്‍ ദാദി' ചന്ദ്രോ തോമര്‍ കൊവിഡ് ബാധിച്ച് മരിച്ചു

യുപിയിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച്, വീട്ടുജോലികളും കാര്‍ഷികവൃത്തിയും മാത്രം ചെയ്ത്, പതിനഞ്ചാം വയസില്‍ വിവാഹിതയും കുടുംബിനിയുമായ ചന്ദ്രോ തോമര്‍ ഏതൊരു സാധാരണക്കാരിയേയും സ്വാധീനിക്കുന്ന തരത്തിലാണ് പിന്നീട് ലോകപ്രശസ്തയായത്. പ്രായമായിട്ടും കണ്ണുകളുടെ സൂക്ഷ്മതയും ലക്ഷ്യത്തോടുള്ള അഭിനിവേശവും അവരെ വിട്ടുപോയിരുന്നില്ല

shooter dadi chandro tomar died due to covid 19

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ശക്തമായ സ്ത്രീ സാന്നിധ്യമായി മാറിയ 'ഷൂട്ടര്‍ ദാദി' ചന്ദ്രോ തോമര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍ പ്രദേശിലെ ഭാഗ്പഥ് സ്വദേശിയായ ചന്ദ്രോ തോമര്‍ മീററ്റിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. 

ഒരാഴ്ച മുമ്പാണ് എണ്‍പത്തിയൊമ്പതുകാരിയായ ചന്ദ്രോ തോമറിനെ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താന്‍ അസുഖബാധിതയായി ചികിത്സയിലാണെന്ന് ട്വിറ്ററിലൂടെ ഇവര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയനേതാക്കളുമെല്ലാം ഇവര്‍ക്ക് സൗഖ്യം നേര്‍ന്നിരുന്നു. 

എങ്കിലും ഇന്നലെയോടെ ആരോഗ്യാവസ്ഥ മോശമാവുകയും വൈകാതെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. 

അറുപത്തിയഞ്ചാം വയസിലാണ് ഷൂട്ടിംഗ് രംഗത്തേക്ക് ആകസ്മികമായി ചന്ദ്രോ തോമര്‍ കടന്നുവരുന്നത്. ഷൂട്ടിംഗ് പരിശീലനത്തിന് പോയ ചെറുമകള്‍ക്കൊപ്പം ഒരു കാഴ്ചക്കാരിയെന്ന നിലയില്‍ ചന്ദ്രോ പോകുമായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ഒരു ദിവസം ചന്ദ്രോ ചെറുമകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കാനായി ഷൂട്ടിംഗ് ചെയ്തുനോക്കിയതാണ്. 

പല തവണ കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞതോടെ ചന്ദ്രോയ്ക്ക് ഇതില്‍ വാസനയുണ്ടെന്ന് പരിശീലകര്‍ തിരിച്ചറിഞ്ഞു. ഇതോടെ ചന്ദ്രോയും പരിശീലനം തുടങ്ങി. കുടുംബത്തിന്റെ വിലക്കുകളും നാട്ടുകാരുടെ വിമര്‍ശനങ്ങളുമെല്ലാം മറികടന്ന് അവര്‍ വാര്‍ധക്യത്തിലും തന്റെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി അടിയുറച്ച് നിന്നു. 

ആ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ പിന്നീട് എല്ലാ എതികര്‍സ്വരങ്ങളും നിശബ്ദമാവുകയായിരുന്നു. മുപ്പതോളം ദേശീയ ചാമ്പ്യന്‍ഷിപ്പുകളും അവര്‍ വിജയിച്ചു. ഇതിന് പുറമെ വേറെയും നിരവധി നേട്ടങ്ങള്‍. ചന്ദ്രോ തോമറിനൊപ്പം പിന്നീട് അവരുടെ സഹോദരിയായ പ്രകാശ് തോമറും ഈ രംഗത്തേക്ക് കടന്നുവന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന വനിതാ ഷൂട്ടര്‍മാര്‍ എന്ന ബഹുമതിയാണ് ഇവരുവര്‍ക്കും നേടാനായത്. രാജ്യം സ്‌നേഹപുരസരം അവരെ 'ഷൂട്ടര്‍ ദാദിമാര്‍' എന്ന് വിളിച്ചു. 

 

 

യുപിയിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച്, വീട്ടുജോലികളും കാര്‍ഷികവൃത്തിയും മാത്രം ചെയ്ത്, പതിനഞ്ചാം വയസില്‍ വിവാഹിതയും കുടുംബിനിയുമായ ചന്ദ്രോ തോമര്‍ ഏതൊരു സാധാരണക്കാരിയേയും സ്വാധീനിക്കുന്ന തരത്തിലാണ് പിന്നീട് ലോകപ്രശസ്തയായത്. പ്രായമായിട്ടും കണ്ണുകളുടെ സൂക്ഷ്മതയും ലക്ഷ്യത്തോടുള്ള അഭിനിവേശവും അവരെ വിട്ടുപോയിരുന്നില്ല. 

സ്ത്രീകളെ വീടുകള്‍ക്ക് പുറത്തിറക്കി, അവര്‍ക്ക് കായികമായ പരിശീലനം നല്‍കണമെന്നാവശ്യപ്പെടാനും ഇതിനായി പ്രവര്‍ത്തിക്കാനുമെല്ലാം ചന്ദ്രോ തോമര്‍ ഒരുപാട് പ്രയത്‌നിച്ചിരുന്നു. തന്റെ ഗ്രാമത്തില്‍ നിന്ന് തന്നെ ഇത്തരത്തില്‍ ഷൂട്ടിംഗ് ടീമിനെ ഏകോപിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. ചന്ദ്രോയുടെയും പ്രകാശിന്റെയും ജീവിതകഥയാണ് പിന്നീട് 'സാന്ദ് കി ആംഖ്' എന്ന പേരില്‍ ബോളിവുഡ് സിനിമയായത്. തപ്‌സി പന്നുവും ഭൂമി പട്‌നേകറുമായിരുന്നു ചിത്രത്തില്‍ 'ഷൂട്ടര്‍ ദാദിമാര്‍' ആയി വേഷമിട്ടത്. 

Also Read:- 'ഷൂട്ടർ ദാദിമാർ', ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഷാര്‍പ്പ്ഷൂട്ടര്‍മാരുടെ ആവേശം കൊള്ളിക്കുന്ന ജീവിതം!...

 


'ഷൂട്ടര്‍ ദാദി'യുടെ വിയോഗത്തില്‍ പ്രമുഖ കായികതാരങ്ങളും സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ സ്ത്രീകള്‍ക്ക് ഇത്രമാത്രം കരുത്ത് പകര്‍ന്ന മറ്റൊരു വ്യക്തിത്വത്തെ സമീപചരിത്രത്തില്‍ നിന്ന് ഓര്‍ത്തെടുക്കാനാകുന്നില്ലെന്നും നിരവധി പേര്‍ കുറിക്കുന്നു.
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios