ജനിച്ച മുതല്‍ കരുതിയ സമ്മാനങ്ങള്‍ പതിനെട്ടാം വയസ്സില്‍ നല്‍കി; മകളെ ഞെട്ടിച്ച് അമ്മ
മകള്‍ക്ക് എന്ത് പിറന്നാള്‍ സര്‍പ്രൈസ് കൊടുക്കാം എന്ന ചിന്തയില്‍ നിന്നാണ് എല്ലാത്തിനും തുടക്കം. അങ്ങനെ മകളെ ഞെട്ടിക്കുന്ന ഒരു സമ്മാനപ്പെട്ടി ആ അമ്മ സമ്മാനിച്ചു.
മകള്‍ക്ക് എന്ത് പിറന്നാള്‍ സര്‍പ്രൈസ് കൊടുക്കാം എന്ന ചിന്തയില്‍ നിന്നാണ് എല്ലാത്തിനും തുടക്കം. അങ്ങനെ മകളെ ഞെട്ടിക്കുന്ന ഒരു സമ്മാനപ്പെട്ടി ആ അമ്മ സമ്മാനിച്ചു. കിം ചേസ്റ്റിന്‍ എന്ന അമ്മയാണ് പതിനെട്ടുകാരിയായ മകള്‍ ഗ്രേസിക്ക് ആ സമ്മാനം നല്‍കിയത്. മകളുടെ ഒന്നാംവയസ്സു മുതല്‍ ചേര്‍ത്തുവച്ച സമ്മാനങ്ങള്‍ പതിനെട്ടാം വയസ്സില്‍ നല്‍കുകയാണ് കിം ചെയ്തത്.
'ഒന്നാം വയസ്സില്‍ മകള്‍ക്ക് പിറന്നാള്‍ പോലും ഓര്‍മയുണ്ടാകാത്ത കാലത്ത് എന്തു സമ്മാനിക്കുമെന്ന് അറിയില്ലായിരുന്നു. അങ്ങനെ ആലോചിച്ചപ്പോഴാണ് ഈ ഐഡിയ മനസ്സില്‍ വന്നത്. ഇത്രയും വര്‍ഷം ഈ സമ്മാനങ്ങളുടെ കാര്യമെല്ലാം രഹസ്യമാക്കി വച്ചു. ഇന്നലെയാണ് അവള്‍ ആ പെട്ടി തുറന്നത്'- കിം കുറിച്ചു.
മകളുടെ വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട് ശേഖരിച്ച ആഭരണങ്ങളും ഫോട്ടോകളും കഥാപുസ്തകങ്ങളും മകള്‍ക്ക് പ്രിയപ്പെട്ട ഗാനങ്ങളുടെ സിഡിയും മറ്റും ആ സമ്മാനങ്ങളില്‍ ഉണ്ടായിരുന്നു. ഗ്രേസിക്ക് സമ്മാനങ്ങള്‍ നൽകിയവരില്‍ പലരും ഇന്നു ജീവിച്ചിരിപ്പില്ലെന്നും കിം പറയുന്നു.
ഈ സമ്മാനങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സഹായിച്ചെന്നും കിം പറയുന്നു. പിറന്നാളിന്റെ തലേദിവസം കൂളര്‍ രൂപത്തിലുള്ള പെട്ടി ഇരിക്കുന്നത് കണ്ട് ഗ്രേസ് കിമ്മിനോട് അതെന്താണെന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മാത്രമേ അതിലെന്താണെന്ന് പറയൂ എന്ന് കിം മകളോട് പറഞ്ഞു. പെട്ടി തുറന്നുപ്പോള്‍ മകള്‍ ഞെട്ടി എന്നും കിം പറയുന്നു.