'ഭര്‍ത്താവിനെ ശല്യപ്പെടുത്തരുത്, വീട്ടിലും മേക്കപ്പ് ചെയ്യൂ'; ലോക്ക്ഡൗണ്‍ കാലത്ത് നിർദ്ദേശവുമായി മലേഷ്യ
തുണി വിരിച്ചിടുന്ന ദമ്പതികളുടെ ചിത്രത്തില്‍ ഭര്‍ത്താവിനെ ശല്യം ചെയ്യാതിരിക്കുക എന്നു കൊടുത്തപ്പോള്‍ മറ്റൊരു ചിത്രത്തില്‍ ഒരു പുരുഷനും സ്ത്രീ ജോലി ചെയ്യാന്‍ പറയുന്നത് ഇഷ്ടമല്ലാത്തതിനാല്‍ അവരോട് കുത്തുവാക്കുകളിലൂടെ സഹായം ചോദിക്കാതിരിക്കുക എന്നു നല്‍കിയിരിക്കുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കായി മലേഷ്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ടിപ്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കുടുംബത്ത് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ത്രീകള്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്നു പറഞ്ഞാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഇന്‍ഫോഗ്രാഫിക്‌സിലൂടെയാണ് വനിതാ കുടുംബ ക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ സമൂഹമാധ്യമ പേജിലൂടെ സ്ത്രീകള്‍ക്കായി ഉപദേശങ്ങള്‍ നല്‍കിയത്. പങ്കാളിയുമൊത്ത് തര്‍ക്കങ്ങളില്ലാതെ സന്തുഷ്ടകുടുംബം പാലിക്കാനുള്ള വഴികള്‍ എന്നു പറഞ്ഞാണ് ഇവ പങ്കുവച്ചത്.
തുണി വിരിച്ചിടുന്ന ദമ്പതികളുടെ ചിത്രത്തില്‍ ഭര്‍ത്താവിനെ ശല്യം ചെയ്യാതിരിക്കുക എന്നു കൊടുത്തപ്പോള്‍ മറ്റൊരു ചിത്രത്തില്‍ ഒരു പുരുഷനും സ്ത്രീ ജോലി ചെയ്യാന്‍ പറയുന്നത് ഇഷ്ടമല്ലാത്തതിനാല്‍ അവരോട് കുത്തുവാക്കുകളിലൂടെ സഹായം ചോദിക്കാതിരിക്കുക എന്നു നല്‍കിയിരിക്കുന്നു.
ഇന്‍ഫോഗ്രാഫിക്‌സ് സഹിതം മറ്റൊന്നില്‍ വീട്ടിലായാലും വര്‍ക്ക് ഫ്രം ഹോം ആണെങ്കില്‍ കാഷ്വല്‍ വസ്ത്രം ധരിക്കാതെ സ്മാര്‍ട് ആയുള്ള വസ്ത്രവും മേക്കപ്പും ധരിക്കണമെന്നും പറയുന്നു. വീട്ടിലായാലും സ്ത്രീകള്‍ എപ്പോഴും പ്രദര്‍ശിപ്പിക്കപ്പെടുന്നവരാണെന്ന് കാരണവും പറയുന്നു.
#WomenPreventCOVID19 എന്ന ഹാഷ്ടാഗോടെയാണ് ഇവ പങ്കുവച്ചിരുന്നത്. സ്ത്രീവിരുദ്ധത വ്യക്തമാകുന്ന ഇത്തരം ടിപ്‌സ് ഒരു മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ വന്നതിനെ വിമര്‍ശിച്ച് നിരവധി പേരും വനിതാ സംഘടനകളും രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് അധികൃതര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ടിപ്‌സ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രാലയം പ്രതികരിച്ചു.