'ഇപ്പോള്‍ വിവാഹമല്ല, കൊവിഡിനെതിരായ പ്രതിരോധമാണ് തന്‍റെ മുഖ്യകടമ'; ഡോ. ഷിഫ പറയുന്നു...
നിശ്ചയിച്ച് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നെങ്കിലും വിവാഹം മാറ്റിവെയ്ക്കാം എന്നായിരുന്നു ഡോ. ഷിഫ എം. മുഹമ്മദിന്‍റെ തീരുമാനം.
നിശ്ചയിച്ച് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നെങ്കിലും വിവാഹം മാറ്റിവെയ്ക്കാം എന്നായിരുന്നു ഡോ. ഷിഫ എം. മുഹമ്മദിന്‍റെ തീരുമാനം. കൊറോണയ്‌ക്കെതിരായ പ്രതിരോധവും ചികിത്സയുമാണ് തന്റെ പ്രധാന കടമയെന്നും ഷിഫ പറയുന്നു. മകളുടെ തീരുമാനത്തെ വീട്ടുകാരും ഒപ്പം വരന്റെ വീട്ടുകാരും പിന്തുണച്ചതോടെ നടത്താനിരുന്ന വിവാഹം നീട്ടിവെച്ചു.
വിവാഹം മാര്‍ച്ച് 29ന് ഞായറാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചത്. ക്ഷണക്കത്തും തയ്യാറാക്കി, എല്ലാവരെയും ക്ഷണിക്കുകയും മറ്റ് ഒരുക്കങ്ങളും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിനിടയിലാണ് കൊവിഡ് 19 പടരുന്നതും ലോക് ഡൗണ്‍ അടക്കമുള്ള അടിയന്തരസാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയതും.
ഡോ. ഷിഫ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലെ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ മഹാമാരിക്കെതിരായ ശുശ്രൂഷയില്‍ കര്‍മനിരതയാണ്. സംസ്ഥാനത്ത് കൊറോണ പോസിറ്റീവ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പരിയാരം മെഡിക്കൽ കോളജ് കൊവിഡ് രോഗികളെ മാത്രം ചികിത്സിക്കാനുള്ള കേന്ദ്രമാക്കി സർക്കാർ മാറ്റിയിരുന്നു. മാർച്ച് 29ന് വിവാഹ വസ്ത്രത്തിന് പകരം ഗ്ലൗസും മാസ്‌ക്കുമടങ്ങുന്ന കൊവിഡ് സുരക്ഷാ വസ്ത്രമണിഞ്ഞ് പതിവ് പോലെ ഷിഫ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
എല്‍.ഡി.എഫ്. കോഴിക്കോട് ജില്ലാ കണ്‍വീനറും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷനുമായ മുക്കം മുഹമ്മദിന്റെയും അധ്യാപികയായ സുബൈദയുടെയും മകളാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജനായ ഡോ. ഷിഫ.