വോഗ് പതിപ്പിലെ കമലാ ഹാരിസിന്‍റെ ചിത്രത്തിനെതിരെ വിമർശനം
വോഗിൽ നിന്നുള്ള രണ്ടു കവർ ചിത്രങ്ങളിലൊന്നാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പച്ചനിറമുള്ള പശ്ചാത്തലത്തിൽ അലസമായിട്ടിരിക്കുന്ന പിങ്ക് തിരശ്ശീലയ്ക്ക് മുന്നിൽ നിന്നുള്ള ചിത്രമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
ചരിത്രം കുറിച്ചാണ് കമലാ ഹാരിസ് യുഎസ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവയിലെത്തുന്ന ആദ്യ വനിതയാണ് കമല. അതും ഒരു ഇന്ത്യക്കാരിയാണെന്നത് നമ്മളെ സംബന്ധിച്ച് ഏറെ അഭിമാനകരം തന്നെയാണ്. ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന പേരാണ് ഇപ്പോള്‍ കമലാ ഹാരിസ്.
ഇപ്പോഴിതാ വോഗ് മാഗസിനിന്റെ മുഖചിത്രവും കമലയുടേതാണ്. വോഗിന്റെ ഫെബ്രുവരി പതിപ്പിനു വേണ്ടിയാണ് കമല മുഖചിത്രമായത്. എന്നാല്‍ ചിത്രങ്ങള്‍ക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. വോഗിൽ നിന്നുള്ള രണ്ട് കവർ ചിത്രങ്ങളിലൊന്നാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
പച്ചനിറമുള്ള പശ്ചാത്തലത്തിൽ അലസമായിട്ടിരിക്കുന്ന പിങ്ക് തിരശ്ശീലയ്ക്ക് മുന്നിൽ നിന്നുള്ള ചിത്രമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. എസ്പ്രസോ നിറത്തിലുള്ള ബ്ലേസറും കറുപ്പ് പാന്റ്സും സ്നീക്കേഴ്സും ആണ് കമല ധരിച്ചിരുന്നത്. പ്രസ്തുത ചിത്രം വോഗിന്റെ നിലവാരം പുലർത്തിയില്ലെന്നും കമലയെ ആവശ്യത്തിലധികം വെളുപ്പിച്ചുവെന്നും പറഞ്ഞാണ് സൈബര്‍ ലോകം പ്രതികരിച്ചത്.
ചിത്രങ്ങള്‍ വെളുപ്പിച്ചതിലുപരി ഒരു ഇന്‍ഫോര്‍മല്‍ ബാക്ക് ഗ്രൗണ്ടില്‍ ഫോട്ടോ സെറ്റ് ചെയ്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രൊഫഷണലിസം ഒട്ടുമില്ലാതെയാണ് വോഗ് കമലാ ഹാരസിന്റെ ചിത്രം എടുത്തതെന്നും ഒരു സാധാരണ മൊബൈല്‍ ക്യാമറയില്‍ ഫോട്ടോ പകര്‍ത്തിയാല്‍ പോലും ഇതിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.
അതിരാവിലെയിരുന്ന് തട്ടിക്കൂട്ടി ഹോംവർക് പൂർത്തിയാക്കിയ കുട്ടിയെപ്പോലെയാണ് വോഗിന്റെ ആ കവർചിത്രമെന്നും ചിലര്‍ കമന്‍റ് ചെയ്തു. കമലയുടെ നിറംകൂട്ടിയതിനൊപ്പം ശാരീരിക പ്രത്യേകതകൾ ഫോട്ടോഷോപ് ചെയ്ത് മാറ്റംവരുത്തിയെന്നും പറയുന്നവരുണ്ട്.
അതേസമയം, വിമർശനങ്ങൾക്കിരയായ ചിത്രത്തിന്റെ കാര്യത്തിൽ അറിവില്ലായിരുന്നുവെന്നാണ് വിഷയത്തിൽ കമലയുടെ ടീം പ്രതികരിച്ചത്.