ആര്‍ത്തവകാല അസ്വസ്ഥകള്‍ പരിഹരിക്കാം; ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍...
പലര്‍ക്കും ആര്‍ത്തവമെത്തും മുമ്പ് തുടങ്ങും ക്ഷീണവും 'മൂഡ്' മാറ്റവും അകാരണമായ ദേഷ്യവും സങ്കടവുമെല്ലാം. ചില കാര്യങ്ങളില്‍ സ്വല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ അത്തരം പ്രശ്‌നങ്ങളെ ഒരു പരിധി വരെ നമുക്ക് തന്നെ പിടിച്ചുകെട്ടാവുന്നതേയുള്ളൂ. അതിന് സഹായകമാകുന്ന അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്
ആര്‍ത്തവകാലത്ത് കടുത്ത വേദനയും മാനസിക സമ്മര്‍ദ്ദവും നിരാശയുമെല്ലാം അനുഭവിക്കുന്ന സ്ത്രീകള്‍ നിരവധിയാണ്. വേദനയകറ്റാന്‍ മരുന്നുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കാമെങ്കിലും മാനസികമായ വ്യതിയാനങ്ങളാണ് മിക്കവാറും സ്ത്രീകള്‍ക്കും വലിയ തിരിച്ചടിയാകാറുള്ളത്.
പലര്‍ക്കും ആര്‍ത്തവമെത്തും മുമ്പ് തുടങ്ങും ക്ഷീണവും 'മൂഡ്' മാറ്റവും അകാരണമായ ദേഷ്യവും സങ്കടവുമെല്ലാം. ചില കാര്യങ്ങളില്‍ സ്വല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ അത്തരം പ്രശ്‌നങ്ങളെ ഒരു പരിധി വരെ നമുക്ക് തന്നെ പിടിച്ചുകെട്ടാവുന്നതേയുള്ളൂ. അതിന് സഹായകമാകുന്ന അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്...
ആര്‍ത്തവസമയത്ത് കാപ്പിയും പാല്‍ച്ചായയുമെല്ലാം ഒന്ന് കുറച്ച്, പകരം 'ഹെര്‍ബല്‍ ചായ'കള്‍ ശീലിച്ചുനോക്കുക. ഗ്രീന്‍ ടീ ഇതിന് നല്ലൊരു ഉദാഹരണമാണ്.
ആര്‍ത്തവപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ഗ്രീന്‍ ടീ ഉത്തമമാണ്. അതുപോലെ തന്നെ ഇഞ്ചിച്ചായ, ഉലുവയിട്ട ചായ എന്നിങ്ങനെ വീട്ടില്‍ തന്നെ ലഭ്യമായ പ്രകൃതിദത്തമായ സാധനങ്ങള്‍ ഉപയോഗിച്ച് ചായ തയ്യാറാക്കി കഴിക്കാം.
രണ്ട്...
ആര്‍ത്തവത്തിന് തൊട്ട് മുമ്പോ ആ ദിവസങ്ങളിലോ പരമാവധി ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. ആര്‍ത്തവം അടുക്കുമ്പോള്‍ പലരിലും ഇത്തരം ഭക്ഷണമുള്‍പ്പെടെ പല ഭക്ഷണത്തോടും ആവേശം തോന്നുന്ന അവസ്ഥയുണ്ടാകാറുണ്ട്. എന്നാല്‍. ഇത് ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ ഇരട്ടിപ്പിക്കുകയോ ഉള്ളൂ. കഴിയുന്നതും ധാരാളം പോഷകങ്ങളടങ്ങിയ ഭക്ഷണം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഡയറ്റിലുള്‍പ്പെടുത്തുക.
മൂന്ന്...
ആര്‍ത്തവത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ചെറിയ തോതിലെങ്കിലും എന്തെങ്കിലും വ്യായാമം ചെയ്യുക. ഇത് ആര്‍ത്തവകാലത്തെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ ലഘൂകരിക്കും. നടത്തം, സ്‌കിപ്പിംഗ് തുടങ്ങിയവയാണ് ഏറ്റവും എളുപ്പത്തിലും ഫലപ്രദമായും ഈ ഘട്ടങ്ങളില്‍ ചെയ്യാവുന്ന വ്യായാമം.
നാല്...
ആര്‍ത്തവമടുക്കുമ്പോള്‍ ബോധപൂര്‍വ്വം അസ്വസ്ഥതപ്പെടാതെ, അല്‍പം സന്തോഷത്തോടെയിരിക്കാനും സ്വയം സ്‌നേഹിക്കാനും പരിചരിക്കാനുമെല്ലാം ശ്രമിക്കുക. ഈ ശീലം ആര്‍ത്തവകാലത്തെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
അതുപോലെ ക്രിയാത്മകമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഈ സമയത്ത് നല്ലത് തന്നെ.
അഞ്ച്...
ആര്‍ത്തവദിനങ്ങളില്‍ ഭാരപ്പെട്ട ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യദിവസങ്ങളില്‍ പ്രത്യേകിച്ചും വിശ്രമം അനിവാര്യമാണ്. ശാരീരികാധ്വാനം ഏറെ വേണ്ടി വരുന്ന തരം ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കില്‍ ആ ദിവസങ്ങളിലേക്ക് ആഴ്ചയിലെ അവധിദിനങ്ങള്‍ മാറ്റിവയ്ക്കാം. അല്ലെങ്കില്‍ ജോലിസമയം ഒഴികെയുള്ള സമയങ്ങള്‍ നിര്‍ബന്ധമായും അവനവന് വേണ്ടി മാറ്റിവയ്ക്കുക. ഇതിന് വീട്ടിലുള്ള മറ്റുള്ളവരെയും ബോധവത്കരിക്കാം.