'സ്വപ്‌നം കണ്ട ജീവിതം കയ്യിലെത്തിയപ്പോള്‍'; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ വി എസ് പ്രിയ

''സമൂഹത്തിനോടുള്ള ഭയം കൊണ്ട് സ്വയം മറ്റൊരാളായി കഴിയേണ്ടി വരുന്നതിന്റെ വേദന എത്രമാത്രം പറഞ്ഞറിയിക്കാന്‍ കഴിയുമെന്നറിയില്ല. എനിക്ക് എന്റെ കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ട്. അതൊന്നുമില്ലാത്ത എത്രയോ പേര്‍ ഒരുപാട് സഹിച്ച് ജീവിക്കുന്നുണ്ട്. വലിയ പോരാട്ടം തന്നെയാണത്. അങ്ങനെ മുന്നോട്ടുപോകുന്ന കമ്യൂണിറ്റിയിലെ ഓരോരുത്തരോടും എനിക്ക് ബഹുമാനമാണ്...''

first transgender doctor in kerala dr vs priya talks about her new life

ചെറുപ്പകാലം തൊട്ട് സ്വപ്‌നം കണ്ട ജീവിതം കയ്യിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഡോ. വി എസ് പ്രിയ. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ എന്ന ബഹുമതി തന്നെത്തേടിയെത്തുമ്പോള്‍ പുതിയ ജീവിതത്തിന്റെ സന്തോഷങ്ങള്‍ക്കൊപ്പം തന്നെ സമൂഹത്തോട് ചില കാര്യങ്ങള്‍ പറയേണ്ട ധാര്‍മ്മികമായ ബാധ്യതയില്‍ നിന്ന് താന്‍ മാറിനില്‍ക്കില്ലെന്ന ഉറച്ച നിലപാടില്‍ കൂടിയാണ് പ്രിയ. 

തന്നെക്കുറിച്ച് സ്വയം തിരിച്ചറിവുകളുണ്ടാകുന്നത് സ്‌കൂള്‍ കാലത്തിലാണെന്ന് പ്രിയ ഓര്‍ത്തുപറയുന്നു. മറ്റുള്ളരില്‍ നിന്ന് താന്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മാത്രമേ അന്ന് മനസിലായുള്ളൂ, പിന്നെയും വര്‍ഷങ്ങളെടുത്തു എന്താണ് ആ വ്യത്യാസമെന്നത് അറിഞ്ഞുവരാന്‍. 

'ചെറുപ്പത്തിലേ ഡയറി എഴുതുന്ന ശീലമുണ്ട്. എന്റെ ഇത്തരം പ്രശ്‌നങ്ങളൊക്കെ ഞാനതില്‍ എഴുതിവയ്ക്കുമായിരുന്നു. അങ്ങനെ ഒരിക്കല്‍ ഇതെല്ലാം വീട്ടുകാര്‍ അറിയാനിടയായി. അത് പക്ഷേ, നന്നായി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരര്‍ത്ഥത്തില്‍ ഞാന്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് അവരും ബോധ്യത്തിലായിരിക്കുമല്ലോ...' പ്രിയ പറയുന്നു. 

പെണ്‍കുട്ടിയായി ജനിച്ച് ആണ്‍കുട്ടിയെ പോലെ ജീവിക്കുക. തൃശൂരിലെ അയ്യന്തോള്‍ സ്വദേശിയായ ജിനു ശശിധരന്‍ വര്‍ഷങ്ങളോളം ഈ സ്വത്വ സംഘര്‍ഷത്തില്‍ തന്നെയായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ പലപ്പോഴും തന്നിലെ പെണ്‍കുട്ടിയെ മറച്ചുവയ്ക്കാനാകാതെ ജിനു കുഴഞ്ഞു. കളിയാക്കലുകള്‍ നേരിട്ടു. പരിഹാസച്ചുവയില്‍ സൗഹൃദങ്ങള്‍ മങ്ങിമാഞ്ഞുകൊണ്ടിരുന്നു. 

ഈ അനുഭവങ്ങളില്‍ നിന്ന് വലിയ പാഠങ്ങളാണ് ജിനു പഠിച്ചത്. തന്നിലെ പെണ്മയെ സമൂഹം അംഗീകരിക്കില്ലെന്ന തിരിച്ചറിവ്. വീട്ടുകാരെ കൂടി പരിഹാസങ്ങളുടെ നടുവിലേക്ക് ഇട്ടുകൊടുക്കേണ്ടെന്ന നിശ്ചയം. അങ്ങനെ ജിനു ഒരാണ്‍കുട്ടി തന്നെയായി വളര്‍ന്നു. ഇരിപ്പിലും നടപ്പിലും നോട്ടത്തിലും സംസാരത്തിലുമെല്ലാം ആണായിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

'ജൈവികമായി എനിക്കുള്ള ഐഡന്റിറ്റിയെ മാറ്റിവച്ചുകൊണ്ട് ഏറെ പണിപ്പെട്ടാണ് പുരുഷന്‍ എന്ന അവസ്ഥയെ ഞാന്‍ സ്വയം ഏറ്റെടുത്തത്. മെയില്‍ ഈഗോയെ കൊണ്ടുനടക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ഫ്രസ്‌ട്രേഷന്‍ തന്നെയായിരുന്നു. എങ്കിലും കോളേജ് കാലത്തും മറ്റും ആ അഭിനയം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താതെ എന്നെ കാത്തു. ഏതൊരു ആണ്‍കുട്ടിയേയും പോലെ തന്നെ ആളുകള്‍ എന്നെ ട്രീറ്റ് ചെയ്തു..'- പ്രിയയുടെ വാക്കുകള്‍. 

 

first transgender doctor in kerala dr vs priya talks about her new life

 

വിദ്യാഭ്യാസം പ്രധാനമാണെന്ന് മനസിലാക്കിയതോടെ ജോലി വേണമെന്നും സ്വന്തം കാലില്‍ നില്‍ക്കണമെന്നുമെല്ലാം ജിനു തീരുമാനിച്ചുറപ്പിച്ചിരുന്നു. ആരുടെയും ആശ്രയമില്ലാതെ അഭിമാനപൂര്‍വ്വം മുന്നോട്ട് പോകാന്‍ കഴിയുന്നത് വരേക്കും തന്നിലെ സ്ത്രീയെ ലോകത്തിന് മുമ്പില്‍ തുറന്നുകാട്ടില്ലെന്നും മനസിലുറപ്പിച്ചു. 

അങ്ങനെ വൈദ്യരത്‌നം കോളേജില്‍ നിന്ന് ബിഎംഎസ് പൂര്‍ത്തിയാക്കി ബെംഗലൂരുവില്‍ നിന്ന് എംഡിയും നേടി. തൃശൂരില്‍ തന്നെ പ്രാക്ടീസ് തുടങ്ങി. ജോലി ചെയ്ത് തുടങ്ങിയ കാലത്തും തന്നെക്കുറിച്ചുള്ള സംഘര്‍ഷങ്ങള്‍ ഉള്ളിലുണ്ടായിരുന്നു. 

'സമൂഹത്തിനോടുള്ള ഭയം കൊണ്ട് സ്വയം മറ്റൊരാളായി കഴിയേണ്ടി വരുന്നതിന്റെ വേദന എത്രമാത്രം പറഞ്ഞറിയിക്കാന്‍ കഴിയുമെന്നറിയില്ല. എനിക്ക് എന്റെ കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ട്. അതൊന്നുമില്ലാത്ത എത്രയോ പേര്‍ ഒരുപാട് സഹിച്ച് ജീവിക്കുന്നുണ്ട്. വലിയ പോരാട്ടം തന്നെയാണത്. അങ്ങനെ മുന്നോട്ടുപോകുന്ന കമ്യൂണിറ്റിയിലെ ഓരോരുത്തരോടും എനിക്ക് ബഹുമാനമാണ്. ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്ന് ഞാനോര്‍ത്തിരുന്ന, ഒരുപാട് സ്വപ്‌നം കണ്ട ജീവിതം കയ്യിലെത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍. എന്താണ് പറയേണ്ടത് എന്നറിയുന്നില്ല. ഒരു സ്ത്രീ ആയിരിക്കുന്നതിന്റെ എല്ലാ ഭംഗിയും അനുഭവിക്കുകയാണ്...

..എന്റെ അമ്മ പോലും എന്നെ മകളായി അംഗീകരിക്കുമ്പോള്‍, അതൊന്നും ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല. ഒരു സാരിയുടുക്കാനോ ആഭരണങ്ങളിയാനോ ഒരുങ്ങാനോ ഒക്കെ എത്രയോ കൊതിച്ചിരുന്നു ഞാന്‍. പെണ്‍കുട്ടികള്‍ മാത്രം കയറുന്ന ഷോപ്പുകളില്‍ അമ്മയ്‌ക്കോ കസിന്‍ സഹോദരിക്കോ വേണ്ട എന്തെങ്കിലും വാങ്ങിക്കാനെന്ന ഭാവത്തില്‍ ഞാനും കയറും. പക്ഷേ ഒരുപാട് പെണ്ണുങ്ങളുടെ കൂട്ടത്തില്‍ അന്നേരം ഞാന്‍ ഒറ്റയായിപ്പോകും. ഇപ്പോ ആ പ്രശ്‌നമൊന്നും ഇല്ലല്ലോ. എനിക്ക് ഞാനായി തന്നെ ധൈര്യമായി അങ്ങോട്ടെല്ലാം കയറിച്ചെല്ലാം...

പിന്നെ ഒരു സ്ത്രീയായി മാറുന്നതിന് മുമ്പ് തന്നെ എനിക്ക് വേണ്ടപ്പെട്ടവരെയെല്ലാം ഞാന്‍ ഇക്കാര്യം ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പലരേയും നേരിട്ട് പോയിക്കണ്ട് സംസാരിച്ചു. സുഹൃത്തുക്കളെയെല്ലാം ഫോണില്‍ വിളിച്ച് സംസാരിച്ചു. കാരണം ജിനു പ്രിയയായി മാറുമ്പോള്‍ അതിന്റെ പേരില്‍ തുറിച്ചുനോട്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ എനിക്കാകില്ലായിരുന്നു. പലരും ഷോക്കോട് കൂടിയാണ് എന്നെ കേട്ടിരുന്നത്. സുഹൃത്തുക്കളില്‍ ചിലര്‍ ഇതറിഞ്ഞപ്പോള്‍ കരയുക വരെ ചെയ്തു. ഏറ്റവുമധികം ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ കുടുംബത്തോട് തന്നെയാണ്. അവരെന്റെ കൂടെ നിന്നു...'- പ്രിയ പറയുന്നു. 

 

first transgender doctor in kerala dr vs priya talks about her new life

 

ഏതാനും വര്‍ഷങ്ങളായി പ്രിയയ്ക്ക് ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയിട്ട്. ലോക്ഡൗണ്‍ കാലത്താണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. വേദനാജനകമായ പരിവര്‍ത്തനങ്ങളിലൂടെയാണ് മനസും ശരീരവും ആ സമയങ്ങളില്‍ കടന്നുപോയതെന്നും ഒരു പരിധി വരെ കൊവിഡ് കാലത്തെ ഐസൊലേറ്റഡ് ജീവിതരീതികള്‍ സമൂഹത്തിന്റെ കണ്ണില്‍ നിന്ന് തന്റെ മാറ്റങ്ങളെ ഒളിപ്പിച്ച് നിര്‍ത്താന്‍ സഹായിച്ചുവെന്നും പ്രിയ സാക്ഷ്യപ്പെടുത്തുന്നു. ശബ്ദമാറ്റത്തിനുള്ള സര്‍ജറിയുള്‍പ്പെടെ ഇനിയും ചില കാര്യങ്ങള്‍ കൂടി ചെയ്ത് തീര്‍ക്കാനുണ്ട്. 

'എനിക്ക് ഒരുപാട് ഭാഗ്യങ്ങളുണ്ടായി എന്നാണ് തോന്നുന്നത്. പഠിക്കാന്‍ കഴിഞ്ഞു, ജോലി നേടാനായി. എന്നെപ്പോലെ അല്‍പം സ്ട്രഗിള്‍ ചെയ്തിട്ടാണെങ്കിലും പഠിക്കാനും ജോലി നേടാനുമെല്ലാം അവസരമുള്ളവര്‍ ക്ഷമയോടെ അതെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മാത്രം അടുത്ത പടിയിലേക്ക് കടന്നാല്‍ മതിയെന്നേ ഞാന്‍ പറയൂ. അപ്പോഴും എല്ലാവര്‍ക്കും ഇത്തരം സാഹചര്യങ്ങളുണ്ടാകില്ല. നമ്മുടെ നാട്ടില്‍ എത്രയോ വീടുകളില്‍ എന്നെപ്പോലെയുള്ള കുട്ടികളുണ്ടായിരുന്നിരിക്കാം. എത്ര യുവാക്കള്‍ എന്നെപ്പോലെ സംഘര്‍ഷത്തിലായിരുന്നിരിക്കാം. ഇപ്പോഴും തന്റെ സ്വത്വം വെളിപ്പെടുത്താന്‍ കഴിയാതെ പാടുപെടുന്നവര്‍ കാണാം. അവര്‍ സമൂഹത്തിനെ ഭയപ്പെടുകയാണ്. ആ ഭയം നീക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. വ്യക്തിപരമായി എനിക്ക് സന്തോഷത്തിന്റെ ദിവസങ്ങളാണ് ഇതെല്ലാം. പക്ഷേ ഇതിനെ എന്റേത് മാത്രമായി ഒതുക്കാതെ, എല്ലാവരിലേക്കും എത്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്നത് തന്നെ സമൂഹത്തോട് ഈ വിഷയം സംവദിക്കാനാണ്...

...സ്ത്രീയെയും പുരുഷനെയും പോലെ തുല്യ അംഗീകാരവും അവകാശവും കൊടുക്കേണ്ട, വിചാര-വികാരങ്ങളുള്ള മനുഷ്യരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരും. കഴിവുള്ള ഒരുപാട് പേര്‍ ഈ കമ്മ്യൂണിറ്റിയിലുണ്ട്. അവര്‍ക്ക് ഉയര്‍ന്നുവരണമെങ്കില്‍ കുടുംബത്തിന്റേയും സമൂഹത്തിന്റെയും സ്‌നേഹവും പരിഗണനയും ആവശ്യമാണ്. എത്രയോ പേര്‍ സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നുണ്ട്. നാട് വിട്ട് ഓടിപ്പോകുന്നുണ്ട്. അവരുടെയെല്ലാം ജീവിതത്തോട് നമുക്ക് ബാധ്യതകളുണ്ട്. ആ ബാധ്യതയില്‍ നിന്ന് ഒളിച്ചോടാതിരിക്കുക. അവരും മനുഷ്യരാണ് എന്ന ബോധം ഉണ്ടായിരിക്കുക. വ്യക്തിപരമായി ഒരുപാട് സാമ്പത്തിക സഹായങ്ങള്‍ നല്‍കാനും മാത്രമുള്ള സാഹചര്യം എനിക്കില്ല. അതിനാല്‍ എന്നാല്‍ കഴിയുന്നത് പോലെ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഞാനും ചെയ്യുന്നുണ്ട്. നമുക്ക് ഒത്തൊരുമിച്ച് ഒരു സാമൂഹികമാറ്റത്തിന്റെ ഭാഗമാകാം...'- പ്രിയ പറഞ്ഞുനിര്‍ത്തുന്നു.

തൃശൂര്‍ സീതാറാം ആശുപത്രിയിലാണ് ആയുര്‍വേദ ഡോക്ടറായ പ്രിയ നിലവില്‍ ജോലി ചെയ്യുന്നത്. മോഹിച്ച ജീവിതം യാഥാര്‍ത്ഥ്യമായതിന്റെ കൗതുകത്തിലും ലഹരിയിലും ആണിപ്പോള്‍. അതുതന്നെ എത്ര നാള്‍ നുകര്‍ന്നുതീര്‍ത്താലാണ് തീരുകയെന്ന് അറിയില്ലെന്ന് പ്രിയ. അത്രമാത്രം സന്തോഷമാണ്. തുടര്‍ന്നുള്ള യാത്രയില്‍ തന്നെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നൊരാളെ കണ്ടെത്താനായാല്‍ ഒരു കുടുംബജീവിതവും പ്രിയ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയൊരാളെ കണ്ടെത്താനായില്ലെങ്കിലും താന്‍ തളര്‍ന്നുപോകില്ലെന്നും ഇതേ ആഹ്ലാദത്തോടെ ജീവിതത്തെ ചേര്‍ത്തുപിടിക്കുമെന്നുമുള്ള ഉറച്ച നിശ്ചദാര്‍ഢ്യവും ഒപ്പം തന്നെ പ്രിയ പങ്കുവയ്ക്കുന്നു. 

Also Read:- 'പെണ്ണിന്റെ മനസോടെ ആണ്‍കുട്ടിയായി ജീവിക്കുക'; സുഹൃത്തിന് വേണ്ടി സുരഭി ലക്ഷ്മി...

Latest Videos
Follow Us:
Download App:
  • android
  • ios