ലോക്ക്ഡൗണ്‍ സ്ത്രീകള്‍ക്ക് തിരിച്ചടി; കണക്കുകള്‍ പുറത്തുവിട്ട് വനിതാ കമ്മീഷന്‍
മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 16 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ 587 പരാതികളാണ് ലഭിച്ചതെന്നാണ് വനിതാ കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഇതില്‍ 239 കേസുകളും ഗാര്‍ഹിക പീഡനങ്ങളാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി അവസാനം മുതല്‍ മാര്‍ച്ച് അവസാന ആഴ്ച വരെ 123 ഗാര്‍ഹിക പീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ലോക്ക്ഡൗണിലേക്ക് കടന്നതോടെ ഇത് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്
ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി നേരത്തേ വിവിധ രാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലും സമാനമായ സാഹചര്യം തന്നെയായിരിക്കുമെന്ന് സാമൂഹ്യനിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍ മുമ്പ് വിലയരുത്തപ്പെട്ടത് പോലെ തന്നെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്നുവെന്ന കണക്ക് പുറത്തുവിടുകയാണ് ദേശീയ വനിതാ കമ്മീഷന്‍.
മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 16 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ 587 പരാതികളാണ് ലഭിച്ചതെന്നാണ് വനിതാ കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഇതില്‍ 239 കേസുകളും ഗാര്‍ഹിക പീഡനങ്ങളാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി അവസാനം മുതല്‍ മാര്‍ച്ച് അവസാന ആഴ്ച വരെ 123 ഗാര്‍ഹിക പീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ലോക്ക്ഡൗണിലേക്ക് കടന്നതോടെ ഇത് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്.
Also Read:- യുപിയില്‍ 60കാരിയെ അരുംകൊല ചെയ്തു; രക്ഷിക്കാതെ ദൃശ്യം പകർത്തി അയല്‍ക്കാർ...
മാര്‍ച്ച് 24 മുതലാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യം സമയപരിധി നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് 19 നിയന്ത്രണത്തിലാക്കാന്‍ കഴിയാതിരുന്നതോടെ ലോക്ക്ഡൗണ്‍ മെയ് 3 വരേക്ക് നീട്ടുകയായിരുന്നു. ഈ കാലയളവില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിക്കാനിടയുണ്ടെന്ന് വനിതാ കമ്മീഷന്‍ സൂചന നല്‍കിയിരുന്നു.
ഇതനുസരിച്ച് പരാതികളറിയിക്കാന്‍ ഒരു ഹെല്‍പ്ലൈന്‍ നമ്പറും ഇവര്‍ നല്‍കിയിരുന്നു. 72177135372 എന്ന നമ്പറില്‍ സ്ത്രീകള്‍ക്ക് തങ്ങള്‍ക്കെതിരെ വീട്ടിനകത്തോ പുറത്തോ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം പ്രത്യേക സമിതിയെ വനിതാ കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.