കൊവിഡ് കാലത്തെ ബേബി ബൂം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഡോക്ടര്‍ പറയുന്നു...
ബേബി ബൂമിന്‍റെ പശ്ചാത്തലത്തില്‍ ഡോ. സ്വപ്ന ഭാസ്കർ ഇന്‍ഫോക്ലിനിക്കിന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ലൈംഗികത അഥവാ സെക്സ് എന്നത് എന്നത്തേയും പോലെ ജീവ ജാലങ്ങളുടെ നിലനിൽപ്പിനാധാരമായ വസ്തുതയാണ്. സംഘർഷങ്ങളുടെ മഹാമാരി പെയ്തു തോരുന്നതിനപ്പുറം സമ്മർദ്ദങ്ങളുടെ അലിഞ്ഞു തീരലും ഒപ്പം നടക്കുന്ന പ്രണയത്തിന്റെ ഇന്ദ്രജാലം. (stress buster).ഉത്തരവാദിത്വത്തിന്റെ ചങ്ങലക്കെട്ടുകൾ ഭേദിക്കപ്പെടുമ്പോഴും ഒറ്റപ്പെടുത്തലിന്റെ ദുരവസ്ഥകളിലും മനുഷ്യൻ തന്റെ ഇണയെത്തേടുന്നു. പക്ഷെ കരുതൽ വേണം എപ്പോഴും.
അനാവശ്യ ഗർഭധാരണം എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുന്നു?
🔽അനവസരത്തിലുളളതും സുരക്ഷിതുമല്ലാത്ത നിരവധി ഗർഭഛിദ്രങ്ങൾക്ക് ഇത് കാരണമായേക്കാം.
🔽മാതൃ മരണകാരണങ്ങളിൽ (Maternal mortality)
മുന്നിട്ടു നിൽക്കുന്ന ഒരു കാരണം സുരക്ഷിതമല്ലാത്ത ഗർഭഛിദ്രവും(unsafe abortion) അതിനെ ത്തുടർന്നുണ്ടാവുന്ന അണുബാധയുമാണ്.(septic abortion).
🔽മാതൃമരണ നിരക്ക് ഒരു ലക്ഷം സജീവ പ്രസവങ്ങളിൽ (MMR /maternal mortality ratio) ലോകത്തിൽ 211 ആണെങ്കിൽ ഇൻഡ്യയിൽ അത് 122 ഉം കേരളത്തിൽ 42 ഉം ആണ്.
🔽സ്ത്രീ / അമ്മ എന്നത് ഒരു കുടുംബത്തിന്റെ നെടും തൂണാണെന്നിരിക്കെ അവളുടെ ആരോഗ്യം പൊതുവിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഒരു രാജ്യത്തിന്റെ തന്നെയും ആരോഗ്യ സ്ഥിതിയുടെ ഒരു സൂചകമാണ്.
കൊവിഡ് -19 വൈറസ് ബാധ ഗർഭസ്ഥ ശിശുവിന് വൈകല്യങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയില്ല എന്നൊന്നും നമുക്ക് ഇപ്പോൾ തീർത്തു പറയാനാവില്ല. അതൊക്കെ കാലം തെളിയിക്കേണ്ട കാര്യങ്ങളാണ്.
അപ്പോൾ അനാവശ്യ ഗർഭങ്ങൾ പരമാവധി കുറയ്ക്കുകയല്ലേ നാം ചെയ്യേണ്ടത്. ഇത് തടയാൻ എന്താണു പോം വഴികൾ? അനാവശ്യ ഗർഭങ്ങളിലേക്ക് (Unwanted Pregnancies) പോകുന്നതിനു മുൻപ് ഒന്നറിയാൻ, ഇനി നിങ്ങൾ ഈ കൊവിഡ് - 19 സമയത്ത് ഒരു കുഞ്ഞിക്കാലു കാണണമെന്ന് അതി തീവ്രമായി ആഗ്രഹിക്കുന്നവരാണെങ്കിൽ..
1) ഫോളിക് ആസിഡ് ഗുളികകൾ കഴിയ്ക്കാൻ ശ്രദ്ധിക്കുക .
ഗർഭിണിയാവാൻ ഉദ്ദേശിക്കുന്നവർ 3 മാസം മുൻപ് തന്നെ ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചു തുടങ്ങുന്നത് കുട്ടിയുടെ നാഡീവ്യൂഹത്തിന്റെയും നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും സുഷുമ്നയുടെയും ശരിയായ രൂപപ്പെടലിന് അത്യന്താപേക്ഷിതമാണ്.
2) നിങ്ങൾക്ക് ദീർഘ കാലമായി മരുന്നു കഴിക്കേണ്ടതായ അസുഖങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഉടനെ നിങ്ങളുടെ ഡോക്ടറെ കണ്ട് ഗർഭിണി ആവാൻ ഉദ്ദേശിക്കുന്ന കാര്യം പറയുക. എല്ലാം നിയന്ത്രണത്തിൽ ആണ് എന്ന് ഉറപ്പു വരുത്തുക. (പ്രമേഹം, വിളർച്ച , കിഡ്നി, ഹാർട്ട് എന്നിവയുടെ അസുഖങ്ങൾ)
3) തൈറോയ്ഡ് സംബന്ധിയായ അസുഖങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം മുതലായവ ഇല്ല എന്ന് ടെസ്റ്റുകൾ മുഖാന്തിരം മനസ്സിലാക്കുക.
4) നിങ്ങളുടെ സാമ്പത്തിക സ്ഥിതി, ജോലിയുടെ പ്രത്യേകതകൾ, പഠനം , എന്നിവ മുഖാന്തിരം നിങ്ങൾക്ക് ഗർഭധാരണം ഒരു ഭാരമാവാതെ സൂക്ഷിക്കുക.
5) നിങ്ങളെ പരിചരിയ്ക്കാൻ ഉള്ള ആൾ സഹായം (അമ്മ, അമ്മായിയമ്മ മുതലായവർ ) - man power ആവശ്യത്തിന് ഉണ്ടെന്ന് തിരിച്ചറിയുക.
ഇനി അല്പം ഗർഭ നിരോധന ചിന്തകൾ ആവാം.
1)നിങ്ങൾക്ക് കുട്ടിയൊന്നും ഇല്ലാത്തവരാണ്, പക്ഷെ ആദ്യത്തെ കുട്ടി പിറക്കുന്നത് അൽപം വൈകിക്കണമെന്നുണ്ടെങ്കിൽ ഏറ്റവും നല്ലത് ഗർഭ നിരോധന ഗുളികകൾ കഴിയ്ക്കുന്നതാണ്.
പരാജയ സാദ്ധ്യത വളരെ വളരെ കുറവാണ്. (0.01 % ) ഉപയോഗിക്കുന്ന ആദ്യത്തെ 3 മാസങ്ങളിൽ പിരീഡിന്റെ ആദ്യ ദിവസം മുതൽ കഴിച്ചു തുടങ്ങണം.
21 ദിവസം തുടർച്ചയായി കഴിച്ചു നിർത്തിക്കഴിഞ്ഞാൽ 2-3 ദിവസത്തിനകം അടുത്ത പിരീഡ് വരും. രാത്രി ഗുളിക കഴിക്കുന്നതാണ് നല്ലത്. ഒരു ദിവസം കഴിയ്ക്കുവാൻ മറന്നാൽ പിന്നെ പിറ്റേന്ന് ഓർക്കുമ്പോൾ തന്നെ ഗുളിക കഴിയ്ക്കുക. അന്നു കഴിയ്ക്കേണ്ട ഗുളിക അന്നു രാത്രിയിലും കഴിയ്ക്കുക. രണ്ടു ഗുളികയിലധികം കഴിയ്ക്കാൻ മറന്നു പോയാൽ പിന്നെ ആ ആർത്തവ ചക്രത്തിൽ ഗുളിക കൊണ്ട് വലിയ പ്രയോജനമുണ്ടാവില്ല. കൂടെ വേറെയേതെങ്കിലും ഗർഭനിരോധന മാർഗ്ഗം കൂടി ഉപയോഗപ്പെടുത്തേണ്ടി വരും.
ഈസ്ട്രജൻ, പ്രൊജസ്റ്റൊറോൺ എന്നീ ഹോർമോണുകൾ അടങ്ങിയ ഗുളികകളാണ് ഏറ്റവും ഗുണപ്രദം.
2) ഗർഭ നിരോധന ഉറകൾ.
ശരിയായ ഉപയോഗം 98ശതമാനം ഗുണം ചെയ്യും. പക്ഷെ ചിലപ്പോൾ പരാജയ സാദ്ധ്യത ഗുളികയേക്കാൾ കൂടും. ചിലപ്പോൾ പൊട്ടിപ്പോകാൻ ഇടയുള്ളതിനാൽ അങ്ങനെ സംഭവിച്ചാൽ പിന്നെ ഗുളികകൾ തന്നെ കഴിക്കേണ്ടി വരും. ആണുങ്ങൾക്ക് ഉപയോഗിക്കാവുന്ന ഉറകളാണ് സുലഭമായി ലഭിക്കുന്നത്. ഫീമെയിൽ കോൺഡം തൽക്കാലം ലഭ്യമല്ല. കോൺഡം പൊട്ടിപ്പോകൽ, സ്ലിപ്പ് ആവൽ, എന്നിവയാണ് പ്രധാന പരാജയ കാരണങ്ങൾ. ബ്രേക്കേജ് 0.8% മുതൽ 40% വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പക്ഷെ ലൈംഗിക രോഗങ്ങൾ പിടിപെടുന്നതിൽ നിന്നും ഉറകൾ ഉപയോക്താവിനെ നൂറു ശതമാനത്തോളം രക്ഷിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
ഗുളികകളും ഉറകളും ഗവൺമെൻറ് ആശുപത്രികളിൽ സൗജന്യമായി യഥേഷ്ടം ലഭിയ്ക്കുന്നു. പക്ഷെ ഗുളികകൾ ഉപയോഗിക്കും മുൻപ് നിങ്ങൾ എന്തെങ്കിലും മറ്റു അസുഖങ്ങൾ ഉള്ളവരാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടുന്നത് നല്ലതാണ്.
3) കുത്തിവെപ്പുകൾ
പ്രൊജസ്റ്റൊറോൺ ഹോർമോൺ ആണ് പ്രധാന മരുന്ന്. 3 മാസം കൂടുമ്പോൾ എടുത്താൽ മതി. മാസമുറയുടെ ആദ്യ ദിവസം എടുക്കുക. പിന്നീട് 90 ദിവസം കഴിയുമ്പോൾ അടുത്തത്. പരാജയ സാദ്ധ്യത തീരെ കുറവ്.
ഗവൺമെൻറ് ആശുപത്രിയിൽ സൗജന്യമായി കിട്ടുന്നു.0.03 % മാത്രമാണ് പരാജയ സാദ്ധ്യത.
4) റിഥം മെത്തേഡ് അഥവാ കലണ്ടർ മെത്തേഡ് .
സേഫ് പിരീഡ് അഥവാ സുരക്ഷിത ദിനങ്ങളെ കണക്കാക്കി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് ഈ മാർഗം. ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മാർഗ്ഗം. പക്ഷെ പരാജയ സാദ്ധ്യത കൂടുതലാണ്. കാരണം അണ്ഡവിസർജനവും ഗർഭധാരണവും ഓരോ വ്യക്തിയിലും ചിലപ്പോൾ അവരവർ കണക്കാക്കുന്ന ദിവസങ്ങളിൽ നിന്നും മാറിപ്പോയെന്നു വരാം.
സാധാരണ ആർത്തവ ചക്രത്തിന്റെ ദൈർഘ്യം 28 മുതൽ 32 ദിവസങ്ങൾ വരെ വരുന്നവർക്ക് പിരീഡിന്റെ ആദ്യം ദിനം ഒന്ന് (Day-1) എന്ന് കണക്കാക്കുകയാണെങ്കിൽ 8-മുതൽ 19 വരെയുളള ദിനങ്ങൾ സുരക്ഷിതമല്ല. ഈ മാർഗ്ഗത്തിൽ പരാജയ സാദ്ധ്യത 10 - മുതൽ 25 ശതമാനം വരെയാണ്.
ഇനി നിങ്ങൾക്ക് ഒരു കുട്ടിയുണ്ട്. തൽക്കാലം മറ്റൊരു കുട്ടി ഉടനെ വേണ്ട എന്നുള്ളവരാണെങ്കിൽ..
1 )കോപ്പർ ടി - അഥവാ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഗർഭനിരോധന ഉപാധിയാണ് ഏറ്റവും നല്ല മാർഗ്ഗം. രണ്ടു തരത്തിൽ കോപ്പർടി നിക്ഷേപിക്കാം.
പ്രസവത്തോടു കൂടി (സിസേറിയൻ ആണെങ്കിലും) ഇടുന്ന കോപ്പർ ടി അഥവാ പി.പി.ഐ. യു. സി. ഡി/ പോസ്റ്റ് പാർട്ടം ഇൻട്രാ യൂട്ടറൈൻ കോപ്പർ ഡിവൈസ് . അല്ലെങ്കിൽ പ്രസവശേഷം നിക്ഷേപിക്കുന്ന കോപ്പർ.ടി. (Interval IUCD) ഇത് സാധാരണ പ്രസവശേഷം 45 ത്തിനു ശേഷവും സിസേറിയൻ കഴിഞ്ഞാൽ 90 ദിവസത്തിനു ശേഷവും നിക്ഷേപിക്കാം.
സാധാരണ പ്രസവം കഴിഞ്ഞവരിൽ ശരിയായ പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകർക്ക് കോപ്പർ ടി. നിക്ഷേപിക്കാം. പക്ഷെ സിസേറിയൻ കഴിഞ്ഞവരിൽ ഒരു ഗൈനക്കോളജിസ്റ്റാണ് സർവീസ് പ്രൊവൈഡർ.
കോപ്പർടി ഇട്ടു കഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി മറന്നു കളയാം എന്നതാണ് ഇതിന്റെ ഒരു ഗുണം. ഗുളികയോ കുത്തിവയ്പോ പോലെ ദിവസവും ഓർത്തോർത്തു നടക്കേണ്ട ആവശ്യമില്ല. ഡോക്ടർ / ആരോഗ്യ പ്രവർത്തകർ പറയുന്ന സമയങ്ങളിൽ ( 3 മാസം / 6 മാസം ) ഒരു ചെക്കപ്പിന് വിധേയയായാൽ മതി.
ഇപ്പോൾ ഗവൺമെന്റ് ആശുപത്രികളിൽ അഞ്ചുമുതൽ (CU-T 375) പത്തു വർഷം വരെ ( CU - T 380 A ) ഉപയോഗിക്കാവുന്ന കോപ്പർ ടി. സൗജന്യമായി ലഭ്യമാണ്.
CuT 380 A യുടെ പരാജയ സാദ്ധ്യത 0.8% ആണ്. CuT 375 നേക്കാൾ കുറവ്.
ഇൻറർവൽ IUCD സാധാരണ പിരീഡ് തുടങ്ങി 4-5 ദിവസങ്ങളിലാണ് നിക്ഷേപിക്കുക.
നിങ്ങൾക്ക് ആവശ്യമുള്ള കാലയളവിൽ ഉപയോഗിച്ച ശേഷം വളരെ എളുപ്പത്തിൽ ഇവ എടുത്തു മാറ്റാവുന്നതാണ്.
2) ഗുളികകൾ, കുത്തിവയ്പുകൾ:-
മുലയൂട്ടുന്ന അമ്മമാരിൽ ഈസ്ട്രജൻ + പ്രൊജസ്റ്റെറോൺ കമ്പൈൻഡ് ഗുളികകൾ ചിലപ്പോൾ മുലപ്പാൽ കുറച്ചേക്കാം.
പ്രൊജസ്റ്ററോൺ ഓൺലി ഗുളികകളും (POP) ലഭ്യമാണ് . ഇത് മുലപ്പാലിന്റെ ഗുണത്തെയോ അളവിനെയോ ബാധിക്കുന്നില്ല എന്നതിനാൽ
മുലയൂട്ടുന്നവരിൽ അഭികാമ്യം.
സ്ത്രീകൾക്കുള്ള ഡിപ്പോ പ്രൊജസ്‌റ്റൊറോൺ കുത്തിവയ്പ്പുകളാണ് ഇക്കാലത്ത് ഉപയോഗിക്കാൻ ഏറെ നന്ന്.
ആണുങ്ങൾക്കുള്ള ഗർഭനിരോധന കുത്തിവയ്പ് (RISUG) ലോകത്തു തന്നെ ആദ്യമായി ഇൻഡ്യയിൽ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും വിപണിയിൽ ലഭ്യമായിത്തുടങ്ങിയിട്ടില്ല.
ഗർഭനിരോധന ഉറകൾ സാധാരണ ഏല്ലാവരേയും പോലെ ഉപയോഗപ്പെടുത്താം.
പക്ഷേ റിഥം മെത്തേഡ് മുലയൂട്ടുന്ന അമ്മമാർക്ക് ശരിയായ രീതിയിൽ പ്രയോജനപ്പെടുന്നില്ല. കാരണം മുലയൂട്ടുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം പിരീഡ് ക്രമത്തിൽ വരണമെന്നില്ല. ഓവുലേഷൻ സമയം ശരിയായി തീർച്ചപ്പെടുത്താനോ സേഫ് പിരീഡ് ഉപയോഗപ്പെടുത്താനോ സാദ്ധ്യമല്ല. അതുകൊണ്ടു തന്നെ ഗർഭധാരണ സാദ്ധ്യത ഏറുന്നു.
ലാക്ടേഷനൽ അമിനോറിയ മെത്തേഡ് അഥവാ (LAM) എന്നൊന്നുണ്ട്. അതായത് മുലയൂട്ടുന്ന അമ്മമാർ 24 മണിക്കൂറും കുഞ്ഞിന് സ്വന്തം മുലപ്പാൽ മാത്രം നൽകുകയാണെങ്കിൽ അവർക്ക് ഈ കാലയളവിൽ ആർത്തവം ഉണ്ടാകാനും ഗർഭിണി ആവാനുമുള്ള സാദ്ധ്യത കുറയുമെന്നാണ്. പക്ഷെ മുലപ്പാൽ മാത്രമായി (Exclusive breast feeding) കുഞ്ഞിന് നമ്മൾ 6 മാസം വരെ മാത്രമേ നൽകുന്നുള്ളൂ. അതിനു ശേഷം മറ്റു കട്ടിയാഹാരങ്ങൾ കൊടുത്തു തുടങ്ങാറുണ്ടല്ലോ. അപ്പോൾ ഈ രീതിയും അമ്മമാരെ ആറു മാസം വരെ മാത്രമേ ഗർഭധാരണത്തിൽ നിന്നും രക്ഷപ്പെടുത്തുകയുള്ളു.
ലോകത്തിൽ കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തുന്ന ആബ്സ്റ്റിനൻസ് (ലൈംഗിക ബന്ധത്തിൽ നിന്നു വിട്ടു നിൽക്കുക ) കോയിറ്റസ് ഇന്ററപ്റ്റസ് ( സ്ഖലനം സംഭവിക്കും മുൻപ് പിൻമാറുക )മുതലായവ ഇപ്പോഴുള്ള മാനസിക സംഘർഷത്തിന് ആക്കം കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ എന്നതിനാൽ ഒരു ഗർഭനിരോധന ഉപാധി എന്ന നിലയിൽ ഇവ തീരെ പ്രസക്തമല്ല. മാത്രവുമല്ല കോയിറ്റസ് ഇന്ററപ്റ്റസ് എന്ന പ്രക്രിയയിൽ സ്ഖലനത്തിനു മുൻപ് ഉണ്ടാകുന്ന സ്രവങ്ങളിൽ ബീജങ്ങൾ കൂടി കാണാറുണ്ട് എന്നതിനാൽ ഈ മാർഗ്ഗത്തിന് പരാജയ സാദ്ധ്യതയുമേറെയാണ്.
എമർജൻസി കോൺട്രാസെപ്ഷൻ
എന്തെല്ലാമാണ് എമർജൻസിയിൽ പ്രയോജനപ്പെടുക.?
പ്രൊജസ്‌റ്റൊറോൺ അടങ്ങിയ ഒറ്റ ഒരു ഗുളിക സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം കഴിഞ്ഞ എത്രയും വേഗം കഴിയ്ക്കുകയാണെങ്കിൽ അനാവശ്യ ഗർഭധാരണത്തിൽ നിന്നും രക്ഷപ്പെടാം.
എഴുപത്തി രണ്ടു മണിക്കൂറിനു ശേഷം കഴിച്ചിട്ട് വലിയ പ്രയോജനം കിട്ടാനില്ല സർക്കാരാശുപത്രിയിൽ ലഭ്യമാണ്. 24 മണിക്കൂറിനുള്ളിൽ കഴിയ്ക്കുകയാണെങ്കിൽ തന്നെ പക്ഷേ പരാജയ സാദ്ധ്യത 10 ശതമാനമാണ്
കമ്പൈൻഡ് ഓറൽ പില്ലുകളും എമർജൻസിയിൽ ഗുണം ചെയ്യും.
മറ്റൊരു മാർഗ്ഗമാണ് എത്രയും വേഗം പോയി ഗർഭപാത്രത്തിൽ കോപ്പർ ടി. നിക്ഷേപിക്കുക എന്നത്. ഇത് ലൈംഗിക ബന്ധം കഴിഞ്ഞ് അഞ്ചു ദിവസം വരെ എമർജൻസിയ്ക്ക് ഉപയോഗപ്പെടുത്താം.
ആരോഗ്യ പ്രവർത്തകർക്ക് ഈ സമയം എന്തൊക്കെ ചെയ്യാനാകും?
ഇൻഡ്യയിൽ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണം Unmet needs for contraception അഥവാ ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ആവശ്യത്തിന് ഈ ഉപാധികൾ ലഭ്യമാകാതെ വരുന്നതുമാണ്. ഇതുണ്ടാവാതെ നോക്കാം.
രണ്ടു കുട്ടികൾ തമ്മിലുള്ള ഇടവേള രണ്ടു വർഷമെങ്കിലും ആയി ക്രമീകരിക്കുകയാണെങ്കിൽ മുപ്പതു ശതമാനത്തോളം മാതൃമരണങ്ങളും പത്തു ശതമാനത്തോളം ശിശു മരണങ്ങളും കുറയ്ക്കാൻ സാധിക്കുമെന്ന് ലാൻസറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കൊറോണക്കാലത്ത് അനുവർത്തിക്കാവുന്ന കാര്യങ്ങൾ
- ഈ കൊറോണ സമയത്ത് ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിൽ നിങ്ങൾ ഗർഭിണിയാണോ ? / ഗർഭിണി ആവാൻ സാദ്ധ്യതയുണ്ടോ ? / അഥവാ ഗർഭിണി ആവാൻ ആഗ്രഹിക്കുന്നുണ്ടോ എന്നു കൂടി ചോദിക്കുന്നത് നല്ലതായിരിക്കും. ഗർഭിണി ആവാൻ ആഗ്രഹിക്കുന്നവർക്ക് / സാദ്ധ്യതയുള്ളവർക്ക് ഫോളിക് ആസിഡ് / അയൺ / കാൽസ്യം/ യൂറിൻ പ്രെഗ്നൻസി കിറ്റ് എന്നിവ വിതരണം ചെയ്താൽ നന്നായിരിക്കും.
- അവരുടെ ഫോൺ നമ്പർ, അഡ്രസ്സ് എന്നിവ കൂടി ശേഖരിക്കുക. പിന്നീട് ആരോഗ്യ പ്രവർത്തകർക്ക് അവരെ ബന്ധപ്പെടാൻ ഇത് ധാരാളം മതിയാകും.
- ആവശ്യത്തിന് ഗർഭനിരോധന ഉപാധികൾ കൂടി സർക്കാരാശുപത്രികളിൽ ലഭ്യമാക്കുക
- അനാവശ്യ ഗർഭഛിദ്രവും അതിനു വേണ്ടിയുള്ള ഓപ്പറേഷനുകളും ഒഴിവാക്കുക.
- പറ്റുമെങ്കിൽ ഈ കാലയളവിൽ ഗർഭിണി ആവാതെ നോക്കണമെന്ന് ഉപദേശിക്കുക.
- ഇനി അഥവാ ഗർഭിണി ആയിക്കഴിഞ്ഞാൽ ഡോക്ടറെ ഫോൺ മുഖാന്തിരം ബന്ധപ്പെട്ട് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ആവശ്യപ്പെടുക.
- ഗർഭകാല ചികിത്സയ്ക്കായി ആശുപത്രികളിൽ വരേണ്ടതില്ല കുറച്ചു കാലത്തേക്ക് എന്ന് പറഞ്ഞു മനസ്സിലാക്കുക.
- അത്യാവശ്യ ഘട്ടങ്ങളിൽ വീഡിയോ കോൾ മുഖാന്തിരം ഡോക്ടറുമായി ബന്ധപ്പെടാം എന്ന് നിർദ്ദേശിക്കുക.
എഴുതിയത്: ഡോ. സ്വപ്ന ഭാസ്കർ