മുഖത്ത് തല്ലാന്‍ യുവതിയെ വാടകയ്ക്ക് എടുത്ത് ബ്ലോഗര്‍; തല്ല് കൊടുക്കേണ്ട കാരണം ഇങ്ങനെ.!
'ഹാക്ക് ദ സിസ്റ്റം' എന്ന തന്‍റെ ബ്ലോഗിലൂടെയാണ് സേത്ത് ഈ കാര്യം അറിയിച്ചത്. അമേരിക്കയിലെ ക്ലാസിഫൈഡ് വെബ് സൈറ്റായ ക്രെയ്ഗ്സ്ലിസ്റ്റ് വഴിയാണ്.
സന്‍ഫ്രാന്‍സിസ്കോ: സന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള ബ്ലോഗര്‍ മനീഷ് സേത്തിയാണ് (Maneesh Sethi) തന്‍റെ ഉത്പാദനക്ഷമത കൂട്ടാന്‍ വേണ്ടിയും സോഷ്യല്‍ മീഡിയ (Social Media) ഉപയോഗം കുറയ്ക്കാന്‍ വേണ്ടിയും പുതിയ വഴി തേടിയത്. ജോലിക്കിടയിലോ സംസാരത്തിന് ഇടയിലോ ഫേസ്ബുക്ക് (Facebook) അടക്കം സോഷ്യല്‍ മീഡിയ ഉപയോഗിച്ചാല്‍ അപ്പോള്‍ തന്നെ മുഖത്ത് അടിക്കാന്‍ ഒരാളെ വാടകയ്ക്ക് വച്ചിരിക്കുകയാണ് ഈ ബ്ലോഗര്‍ (Blogger).
'ഹാക്ക് ദ സിസ്റ്റം' എന്ന തന്‍റെ ബ്ലോഗിലൂടെയാണ് സേത്തി ഈ കാര്യം അറിയിച്ചത്. അമേരിക്കയിലെ ക്ലാസിഫൈഡ് വെബ് സൈറ്റായ ക്രെയ്ഗ്സ്ലിസ്റ്റ് വഴിയാണ്. തന്നെ 'തല്ലി' നല്ല വഴിക്ക് നയിക്കാനുള്ള ആളെ മനീഷ് സേത്തി തിരഞ്ഞെടുത്തത്. ജോലിക്കിടയില്‍ ഫേസ്ബുക്കിലേക്കോ മറ്റോ ശ്രദ്ധ തിരിഞ്ഞാല്‍ ഉടന്‍ തന്നെ വാടകയ്ക്ക് ജോലി ചെയ്യുന്ന യുവതി സേത്തിന്‍റെ കവിളില്‍ തന്നെ തല്ലണം എന്നതാണ് രീതി.
ഒരു ബ്ലോഗര്‍ എന്ന നിലയില്‍ തന്‍റെ പ്രൊഡക്ടിവിറ്റി വര്‍ദ്ധിപ്പിക്കണം. ഇപ്പോള്‍ കുറഞ്ഞത് ദിവസം ആറ് മണിക്കൂറോളം ഫേസ്ബുക്ക് റെഡിറ്റ് എന്നിങ്ങനെ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നു. പലപ്പോഴും ഇത് ഗുണം ചെയ്യാറില്ല. അതാണ് ഇത്തരം ഒരു ആശയം നടപ്പിലാക്കിയത് -സേത്തിനെ ഉദ്ധരിച്ച് സിനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ലാസിഫൈഡ് സൈറ്റില്‍ തന്‍റെ ആവശ്യം അറിയിച്ച് പരസ്യം ഇട്ടപ്പോള്‍ 20 പേരാണ് പരസ്യത്തോട് പ്രതികരിച്ചത്. അതില്‍ കാര എന്ന പെണ്‍കുട്ടിയെ ആണ് സേത്ത് തിരഞ്ഞെടുത്തത്. വേദനയുള്ള അനുഭവത്തിലൂടെ മാത്രമേ നേട്ടം ഉണ്ടാകൂ എന്നതാണ് ഇത്തരം ഒരു പരീക്ഷണത്തിന്‍റെ അടിസ്ഥാനം എന്നും സേത്ത് പറയുന്നു.
നേരത്തെ ഒരു വീഡിയോയില്‍ ഒരു രാത്രി മുഴുവന്‍ കൊളംബിയയില്‍ തീര്‍ത്തും അപരിചിതര്‍ സേത്തിന്‍റെ മുഖത്ത് അടിക്കുന്ന വീഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിലൂടെ തന്നെ മുഖത്ത് അടികിട്ടുന്നത് ഒരു ആനന്ദമാണെന്നാണ് ഇദ്ദേഹം പറയുന്നത്. അതിനാല്‍ തന്നെ തന്‍റെ ഫേസ്ബുക്ക് ഉപയോഗം കുറയ്ക്കാന്‍ ഇത്തരം ഒരു വഴി ഇദ്ദേഹം കണ്ടെത്തിയതില്‍ തെറ്റില്ല. സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കാന്‍ അതിലും ആനന്ദം ലഭിക്കുന്ന കാര്യം ചെയ്യണം. ചിലപ്പോള്‍ മുഖത്തടിയിലൂടെ ലഭിക്കുന്ന ആനന്ദം സേത്തിനെ അതിന് പ്രേരിപ്പിച്ചേക്കാം.