കൊളസ്ട്രോള്‍ മുതല്‍ ക്യാന്‍സര്‍ വരെ കണ്ടെത്തുന്ന ടെസ്റ്റ്; ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി ഇനി ജയിലിലേക്ക്
അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ടെക് തട്ടിപ്പിനാണ് അടുത്ത സ്റ്റീവ് ജോബ്സ് എന്ന് വരെ പേര് കേട്ട എലിസബത്ത് ശിക്ഷിക്കപ്പെടുന്നത്. രക്ത പരിശോധനാ രംഗത്തെ വിപ്ലവം എന്ന് വരെ പേര് കേട്ട സ്റ്റാര്‍ട്ട് അപ്പ് പരാജയപ്പെട്ടതിന് പിന്നാലെയാണ് നിക്ഷേപകരെ പറ്റിച്ചതിന് എലിസബത്ത് ഹോംസിന് ശിക്ഷ ലഭിക്കുന്നത്.
നിക്ഷേപകരെ വഞ്ചിച്ച കുറ്റത്തിന് 11 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി. സിലിക്കണ്‍വാലിയിലെ സ്റ്റാര്‍ട്ട് അപ്പായിരുന്ന തെറാനോസിന്‍റെ സ്ഥാപകയും സിഇഒയും ആയിരുന്ന എലിസബത്ത് ഹോംസിനാണ് 38ാം വയസില്‍ 11 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ടെക് തട്ടിപ്പിനാണ് അടുത്ത സ്റ്റീവ് ജോബ്സ് എന്ന് വരെ പേര് കേട്ട എലിസബത്ത് ശിക്ഷിക്കപ്പെടുന്നത്.
രക്ത പരിശോധനാ രംഗത്തെ വിപ്ലവം എന്ന് വരെ പേര് കേട്ട സ്റ്റാര്‍ട്ട് അപ്പ് പരാജയപ്പെട്ടതിന് പിന്നാലെയാണ് നിക്ഷേപകരെ പറ്റിച്ചതിന് എലിസബത്ത് ഹോംസിന് ശിക്ഷ ലഭിക്കുന്നത്. എഡിസന്‍ മെഷീന്‍ എന്ന പരിശോധനയാണ് എലിസബത്ത് മുന്നോട്ട് വച്ചത്. ഒരു തുള്ളി ചോര പരിശോധിക്കുന്നതിലൂടെ കൊളസ്ട്രോള്‍ മുതല്‍ ക്യാന്‍സര്‍ വരെയുള്ള സകല രോഗങ്ങളും കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ സാധിക്കുമെന്നായിരുന്നു എലിസബത്തിന്‍റെ തെറാനോസ് എന്ന സ്റ്റാര്‍ട്ട് അപ്പ് അവകാശപ്പെട്ടിരുന്നത്.
240പരിശോധനകളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ സംരംഭം നടത്തിയിരുന്ന പരിശോധനാഫലങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. 19ാം വയസിലാണ് എലിസബത്ത് സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചത്. 2003ല്‍ ആരംഭിച്ച സ്ഥാപനം എലിസബത്തിന്‍റെ കള്ളി വെളിച്ചത്തായതോടെ 2018ല്‍ അടച്ച് പൂട്ടുകയായിരുന്നു. 2015ല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ പരിശോധനയാണ് കമ്പനിയുടെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.
15 വര്‍ഷത്തെ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എലിസബത്ത് ഗര്‍ഭിണിയാണെന്ന കാരണത്താല്‍ അത് 135 മാസത്തെ ശിക്ഷയാക്കുകയായിരുന്നു. ഒരു ദശാബ്ദത്തോളം എലിസബത്ത് തട്ടിപ്പ് കമ്പനിയുടെ പേരില്‍ വലുതും ചെറുതുമായ നിക്ഷേപകരെ പറ്റിച്ചുവെന്ന് കോടതി വിശദമാക്കി. വാള്‍മാര്‍ട്ട് അടക്കമുള്ള നിക്ഷേപകരെയാണ് എലിസബത്ത് സമര്‍ത്ഥമായി പറ്റിച്ചത്. 2023 ഏപ്രില്‍ 27 നുള്ളില്‍ കീഴടങ്ങാനാണ് കോടതി എലിസബത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സാന്‍ ജോസിലെ കോടതി എലിസബത്തിന് ശിക്ഷ വിധിച്ചത്.