ടെലഗ്രാം ഉപയോഗിക്കുന്നവര്‍ പണം നല്‍കേണ്ടി വരുമോ?; 2021 ല്‍ വരുന്ന മാറ്റം ഇങ്ങനെ.!
അതേസമയം സ്ഥിരം ഉപയോക്താക്കള്‍ക്ക് ടെലഗ്രാമില്‍ പഴയപോലെ തുടരാനാകും. വണ്‍ ടു വണ്‍ മെസേജിങില്‍ പരസ്യം ഉണ്ടാവില്ല. എന്നാൽ ടെലിഗ്രാം ചാനലുകള്‍ വഴി പരസ്യം പ്രദർശിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ന്യൂയോര്‍ക്ക്: 2021 മുതൽ ജനപ്രിയ മെസേജിംഗ് ആപ്പായ ടെലഗ്രാം ചില സേവനങ്ങള്‍ക്ക് പണം ഈടാക്കി തുടങ്ങുമെന്ന് സിഇഒ പാവല്‍ ദുരോവ് വ്യക്തമാക്കിയത് ടെക് ലോകത്ത് വലിയ ചര്‍ച്ചയാകുന്നു. കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം കണ്ടെത്തുന്നതിനായാണ് ടെലഗ്രാം നൽകുന്ന ചില സർവീസുകൾക്ക് പണമിടാക്കാൻ തീരുമാനിച്ചത്. ഇപ്പോഴത്തെ ടെലഗ്രാമിന്‍റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് കുറഞ്ഞത് 500 ദശലക്ഷം ഡോളർ ഒരു വർഷം കമ്പനിക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ലഭ്യമായ എല്ലാ ഫീച്ചറുകളും തുടര്‍ന്നും സൗജന്യമായി ലഭിക്കും. ഇതിന് അധിക ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ വാണിജ്യ ഉപയോക്താക്കള്‍ക്കും മറ്റുമായി ചില ഫീച്ചറുകള്‍ കൂടി ടെലിഗ്രാമില്‍ ഉള്‍പ്പെടുത്തും. ഈ ഫീച്ചറുകളില്‍ ചിലതിന് പ്രീമിയം ഉപയോക്താക്കളിൽനിന്ന് പണം ഈടാക്കും.
അതേസമയം സ്ഥിരം ഉപയോക്താക്കള്‍ക്ക് ടെലഗ്രാമില്‍ പഴയപോലെ തുടരാനാകും. വണ്‍ ടു വണ്‍ മെസേജിങില്‍ പരസ്യം ഉണ്ടാവില്ല. എന്നാൽ ടെലിഗ്രാം ചാനലുകള്‍ വഴി പരസ്യം പ്രദർശിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതുകൂടാതെ പ്രീമിയം സ്റ്റിക്കറുകള്‍ അവതരിപ്പിക്കുകയും അതുവഴി സ്റ്റിക്കര്‍ നിര്‍മിക്കുന്നവര്‍ക്ക് കൂടി വരുമാനത്തിന്റെ പങ്ക് നല്‍കാനും കമ്പനി ലക്ഷ്യമിടുന്നു.
ഏകദേശം 50 കോടിയോളം ആളുകളാണ് ടെലഗ്രാം സജീവമായി ഉപയോഗിക്കുന്നത്. ഉപയോക്താക്കൾക്ക് ടെലഗ്രാമിന്റെ സേവനങ്ങൾ തുടർന്നും ലഭിക്കുന്നതിനാണ് കമ്പനി ഫണ്ട് സ്വരൂപിക്കുന്നത്. നിലവില്‍ സ്വന്തം അക്കൗണ്ടില്‍നിന്ന് പണമെടുത്താണ് ടെലഗ്രാമിന്റെ ചെലവുകള്‍ വഹിക്കുന്നതെന്ന് ദുരോവ് തന്റെ ടെലിഗ്രാം ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാൽ അതിനനുസരിച്ചുള്ള ഫണ്ട് ആവശ്യമായിവരും. ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് കമ്പനി പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചറുകളും ടെലഗ്രാമില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ടെലഗ്രാമിനെ വില്‍ക്കാന്‍ പദ്ധതിയില്ലെന്ന് പാവല്‍ ദുരോവ് പറഞ്ഞു. ഉപയോക്താക്കളെ മാനിക്കുകയും ഉയര്‍ന്ന ഗുണമേന്മയില്‍ സേവനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ടെലഗ്രാം സ്വതന്ത്രമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.