ട്രംപ് അനുകൂലികളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം 'ഗെറ്റര്‍' ഇസ്ലാമിക് സ്റ്റേറ്റ് 'റാഞ്ചി'.!
ഐഎസ് നടത്തിയ കൊലപാതകത്തിന്റെ ദൃശ്യങ്ങളും, ഇസ്ലാമിക് സ്റ്റേറ്റ് ആശയ പ്രചാരണവും തകൃതിയായി നടക്കുതയാണ് ഗെറ്ററില്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
വാഷിംങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അനുകൂലികള്‍ ആരംഭിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇസ്ലാമിക് സ്റ്റേറ്റ് റാഞ്ചിയതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിലക്ക് നേരിട്ടിരിക്കുകയാണ് ട്രംപും, അദ്ദേഹത്തിന്‍റെ അനുയായികളും. ഇതിനെ തുടര്‍ന്നാണ് ഗെറ്റര്‍ (GETTR) എന്ന ട്വിറ്ററിന്‍റെ പേരിനോട് സാമ്യമുള്ള പേരില്‍ സോഷ്യല്‍ മീഡിയ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഈ പ്ലാറ്റ്ഫോം ഐഎസ് അനുകൂലികള്‍ കൈയ്യടക്കിയെന്നാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐഎസ് നടത്തിയ കൊലപാതകത്തിന്റെ ദൃശ്യങ്ങളും, ഇസ്ലാമിക് സ്റ്റേറ്റ് ആശയ പ്രചാരണവും തകൃതിയായി നടക്കുതയാണ് ഗെറ്ററില്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് പുറമേ നൂറുകണക്കിന് മെസ്സേജുകളും പോസ്‌റ്റുകളുമാണ് ഐഎസ് അനുഭാവികള്‍ ഗെറ്ററില്‍ പോസ്റ്റ് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടറില്‍ പറയുന്നത്.
പൊളിറ്റിക്കോ ഈ പ്ലാറ്റ്ഫോമില്‍ നിന്നും കണ്ടെടുത്ത ഒരു ആനിമേറ്റഡ് വീഡിയോയില്‍ ഐഎസ് ഭീകരൻ ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് നിൽക്കുന്ന ഡൊണാൾഡ് ട്രംപിനെ കഴുത്തറുത്ത് കൊല്ലുന്നതായി കാണിക്കുന്നു. ഗ്വാണ്ടനാമോ ജയിലിലെ തടവുകാര്‍ക്ക് സമാനമാണ് വീഡിയോയിലെ ട്രംപിന്‍റെ വസ്ത്രം.
അതേസമയം കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഐഎസ് അനുകൂലികള്‍ പിടിച്ചെടുത്തത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. 'നിരീക്ഷണത്തില്‍ വച്ചിരിക്കുന്ന ഐഎസ് അനുകൂല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ട്രംപ് അനുകൂല സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ശക്തികാണിക്കാന്‍ നിര്‍ദേശിക്കുന്ന പോസ്റ്റുകള്‍ നിരന്തരം വന്നിരുന്നു. അതിന് പുറമേ നിരവധി അക്കൌണ്ടുകള്‍ ഗെറ്ററില്‍ ഐഎസ് അനുകൂലമായി പ്രത്യക്ഷപ്പെട്ടു- സൈബര്‍ ആന്‍റി ടെറസിസം സംബന്ധിച്ച നിരീക്ഷകനായ മുസ്തഫ അയാദ് പൊളിറ്റിക്കയോട് പറയുന്നു. പക്ഷെ ഗെറ്റര്‍ ഉണ്ടാക്കിയ ഡെവലപ്പറായ ജേസണ്‍ മില്ലര്‍ പക്ഷെ ഐഎസ് ഈ പ്ലാറ്റ്ഫോം റാഞ്ചിയെന്ന ആരോപണം നിഷേധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ജനുവരിയിൽ അമേരിക്കയില്‍ അധികാര കൈമാറ്റം തടയാന്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്നാണ് തുടർന്ന് ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ട്രംപിനെ വിലക്കിയത്. അതിനെ തുടര്‍ന്നാണ് ട്രംപ് അനുകൂലികള്‍ ജൂലൈ മാസം ഗെറ്റർ ആരംഭിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona