ജോൺ ലെനന്‍റെ അവസാനത്തെ ബീറ്റിൽസ് ഗാനം വീണ്ടെടുത്തു; സഹായിച്ചത് എഐ.!
ബിബിസി റിപ്പോർട്ട് അനുസരിച്ച്, 1994-ൽ ലെനന്റെ വിധവയായ യോക്കോ ഓനോ മക്കാർട്ട്നിക്ക് "ഫോർ പോൾ" എന്ന് അടയാളപ്പെടുത്തിയ ഒരു ഡെമോ ടേപ്പ് സമ്മാനിച്ചതോടെയാണ് എല്ലാത്തിനും തുടക്കമാകുന്നത്.
ലണ്ടന്‍: ബീറ്റിൽസ് ഫാൻസിന് സന്തോഷവാർത്തയുമായി ബാൻഡ്. അന്തരിച്ച ബാൻഡ്‌മേറ്റ് ജോൺ ലെനന്റെ ശബ്ദം നിങ്ങൾക്ക് ഇനി കേൾക്കാം. ഇതെങ്ങനെ എന്നോർത്ത് തല പുകയ്ക്കണ്ട, ശബ്ദത്തെ പുനരുജ്ജീവിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയാണ് (എഐ) ബാൻഡ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
ജോൺ ലെനൻ പാടിയ അവസാന ഗാനം ബാൻഡ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ബീറ്റിൽസ് ബാൻഡ് അംഗമായ പോൾ മക്കാർട്ട്‌നി ബിബിസി റേഡിയോ 4 ന് നൽകിയ അഭിമുഖത്തിലാണ് എഐയാണ് ഇതിന് പിന്നിലെന്ന് വെളിപ്പെടുത്തിയത്. അവസാന ബീറ്റിൽസ് റെക്കോർഡ് സൃഷ്ടിക്കുക എന്നതാണ് ബാൻഡിന്റെ ലക്ഷ്യം. പാട്ട് ഏതാണെന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1978-ൽ പുറത്തിറങ്ങിയ ലെനന്റെ രചനയായ "നൗ ആന്റ് ദെൻ" ആണിതെന്ന സൂചനകളുണ്ട്.
ബിബിസി റിപ്പോർട്ട് അനുസരിച്ച്, 1994-ൽ ലെനന്റെ വിധവയായ യോക്കോ ഓനോ മക്കാർട്ട്നിക്ക് "ഫോർ പോൾ" എന്ന് അടയാളപ്പെടുത്തിയ ഒരു ഡെമോ ടേപ്പ് സമ്മാനിച്ചതോടെയാണ് എല്ലാത്തിനും തുടക്കമാകുന്നത്. 1980-ൽ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ലെനൻ ഉണ്ടാക്കിയ പാട്ടുകളുടെ റെക്കോർഡിംഗുകൾ ടേപ്പിൽ ഉണ്ടായിരുന്നു. ന്യൂയോർക്ക് അപ്പാർട്ട്മെന്റിലെ പിയാനോയിൽ ഇരുന്ന ലെനൻ, ഒരു ബൂം ബോക്സിൽ ട്രാക്കുകൾ പകർത്തി.
സാഹചര്യങ്ങളെ അതിജീവിച്ച ബീറ്റിൽസ് 90-കളുടെ മധ്യത്തിൽ ഈ ഗാനം റെക്കോർഡുചെയ്യാൻ ശ്രമിച്ചു. എന്നാൽ ലെനന്റെ വോക്കലുകളുടെ മോശം നിലവാരവും അപ്പാർട്ട്മെന്റിന്റെ ആംബിയന്റ് ശബ്ദത്തിൽ നിന്നുള്ള നിരന്തരമായ പശ്ചാത്തല ശബ്ദവും കാരണം ജോർജ്ജ് ഹാരിസൺ ഇതിനെ എതിർത്തു.
കാലങ്ങൾക്ക് ശേഷം ഓഡിയോ വെല്ലുവിളികൾ നേരിടാൻ, മക്കാർട്ട്നി എഐയെ പ്രയോജനപ്പെടുത്തിയിരിക്കുകയാണ്. 2021-ലെ ബീറ്റിൽസ് ഡോക്യുമെന്ററി സീരീസിൽ പീറ്റർ ജാക്‌സണുമായുള്ള സഹകരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലെനന്റെ വോക്കൽ വേർതിരിക്കാനും അനാവശ്യ പശ്ചാത്തല ശബ്‌ദം ഇല്ലാതാക്കാനും മക്കാർട്ട്‌നി ഒരു എഐ പ്രോഗ്രാമിനെ പ്രയോജനപ്പെടുത്തിയിരുന്നു.
ലെനന്‍റെ ശബ്ദവും അതിനോടൊപ്പമുള്ള പിയാനോയും തമ്മിൽ വേർതിരിച്ചറിയാൻ എഐ സിസ്റ്റത്തെ പരിശീലിപ്പിപ്പിച്ചു. ഇത് മൊത്തത്തിലുള്ള ശബ്ദ നിലവാരം വർദ്ധിപ്പിക്കാൻ സഹായിച്ചു. ഇതിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വർഷത്തോടെ ലഭ്യമാകുമെന്നാണ് സൂചന.
14 വയസുകാരനെ എഞ്ചിനീയറായി കമ്പനിയില്‍ ജോലിക്കെടുത്ത് ഇലോണ്‍ മസ്ക്
ട്രൂകോളർ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ആ ഫീച്ചര്‍ തിരിച്ചെത്തുന്നു.!