Loan Apps : ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് അനധികൃതമായ 600 ലോണ്‍ ആപ്പുകള്‍
ഡിജിറ്റല്‍ വായ്പയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ശുപാര്‍ശകള്‍ നിര്‍ദ്ദേശിക്കുന്നതിനുമായുള്ള റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും വായ്പ നല്‍കുന്നതുള്‍പ്പെടെ ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട അനധികൃത ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ബാങ്കിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് (ഡബ്ല്യുജി) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 600-ലധികം നിയമവിരുദ്ധ വായ്പാ ആപ്പുകള്‍ കണ്ടെത്തി. ആളുകളെ കബളിപ്പിക്കാന്‍ കൂടുതലും ഉപയോഗിക്കുന്ന ഈ ആപ്പുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി നിരവധി ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണെന്ന് ഡബ്ല്യുജി ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഡിജിറ്റല്‍ വായ്പയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ശുപാര്‍ശകള്‍ നിര്‍ദ്ദേശിക്കുന്നതിനുമായുള്ള റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. ലോണ്‍, ഇന്‍സ്റ്റന്റ് ലോണ്‍, ക്വിക്ക് ലോണ്‍ എന്നിങ്ങനെയുള്ള പ്രധാന വാക്കുകളിലൂടെ സേര്‍ച്ച് ചെയ്യാന്‍ കഴിയുന്ന 1,100-ലധികം ലോണ്‍ ആപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ ആപ്പുകള്‍ 2021 ജനുവരി 01 മുതല്‍ ഫെബ്രുവരി 28, 2021 വരെ 81 ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്. ഇതിനെതിരേ നിരവധി പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സ്റ്റേറ്റ് ലെവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി (എസ്എല്‍സിസി) സംവിധാനത്തിന് കീഴില്‍ റിസര്‍വ് ബാങ്ക് സ്ഥാപിച്ച സാഷെ എന്ന പോര്‍ട്ടലിന് ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ക്കെതിരെ അനവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ആര്‍ബിഐ പാനല്‍ ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ 2020 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെ 2,562 പരാതികള്‍ ലഭിച്ചു. എന്‍ബിഎഫ്സികള്‍ (നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി), ഇന്‍കോര്‍പ്പറേറ്റ് ചെയ്യാത്ത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയൊഴികെയുള്ള കമ്പനികള്‍ പോലുള്ള റിസര്‍വ് ബാങ്ക് നിയന്ത്രിക്കാത്ത സ്ഥാപനങ്ങള്‍ പ്രമോട്ട് ചെയ്യുന്ന വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ടതാണ് പരാതികളില്‍ ഭൂരിഭാഗവും. പരാതികളുടെ മറ്റൊരു പ്രധാന ഭാഗം എന്‍ബിഎഫ്സികളുമായി സഹകരിച്ച് വായ്പ നല്‍കുന്ന ആപ്പുകളുമായി ബന്ധപ്പെട്ടതാണ്.
മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഹരിയാന, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.