Online Fraud Alert | ഫേസ്ബുക്കിലെ പരസ്യം കണ്ട് ചുരിദാര്‍ ടോപ്പ് ഓഡര്‍ ചെയ്തു; നഷ്ടമായത് ഒരു ലക്ഷം രൂപ.!
ഫേസ്ബുക്കിലൂടെയാണ് രജന 299 രൂപയ്ക്ക് ടോപ്പ് ലഭിക്കും എന്ന പരസ്യം കണ്ടത്. സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തിന്‍റെ പേരിലായിരുന്നു പരസ്യം.
ശ്രീകണ്ഠപുരം: ഫേസ്ബുക്കില്‍ (Facebook) ചുരിദാര്‍ പരസ്യം കണ്ട് ഓഡര്‍ നല്‍കിയ യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. കണ്ണൂര്‍ ശ്രീകണ്ഠപുരം ( Sreekandapuram) സ്വദേശിയായ യുവതിയാണ് ഓണ്‍ലൈന്‍ കെണിയില്‍ പെട്ടത്. കൂട്ടുമുഖം എണ്ണരിഞ്ഞിയിലെ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്ടമായത്.
ഫേസ്ബുക്കിലൂടെയാണ് രജന 299 രൂപയ്ക്ക് ടോപ്പ് ലഭിക്കും എന്ന പരസ്യം കണ്ടത്. സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തിന്‍റെ പേരിലായിരുന്നു പരസ്യം. ഇത് ബുക്ക് ചെയ്യുകയും രജന ഗൂഗിള്‍പേ വഴി 299 രൂപ അടയ്ക്കുകയും ചെയ്തു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞും ചുരിദാര്‍ ടോപ്പ് ലഭിച്ചില്ല.
ഇതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പരസ്യത്തില്‍ കണ്ട സ്ഥാപനത്തിന്‍റെ നമ്പറില്‍ രജന ബന്ധപ്പെട്ടു. അപ്പോള്‍ വിലാസം പരിശോധിക്കുന്നതിന് മൊബൈല്‍ നമ്പറില്‍ നിന്നും കമ്പനിയുടെ നമ്പറിലേക്ക് സന്ദേശം അയക്കാന്‍ നിര്‍ദേശിച്ചു. സന്ദേശം അയച്ചതിന് പിന്നാലെയാണ് രജനയുടെ ശ്രീകണ്ഠപുരം എസ്ബിഐ ശാഖയിലെ അക്കൗണ്ടില്‍ നിന്നും ആറുതവണയായി ഒരു ലക്ഷം രൂപ നഷ്ടമായത്.
ആദ്യം അയച്ച 299 രൂപ അടക്കം 1,00299 രൂപ നഷ്ടമായി എന്നാണ് പരാതി. രജനയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇത്തരം ആപ്പ് തട്ടിപ്പുകള്‍
പണമടച്ച് പരസ്യം കണ്ടുകൊണ്ടിരുന്നാല്‍ വന്‍ വരുമാനം നേടാമെന്ന് പറഞ്ഞ് ആളെപ്പറ്റിക്കുന്ന ആപ് ആണ് ഇപ്പോള്‍ ചില മലയാളികളുടെ ട്രെന്‍റ്. ജാ ലൈഫ് എന്ന പേരിലുള്ള ആപിലാണ് പണവും നിക്ഷേപിച്ച് ശമ്പളം ഇന്നുവരും നാളെ വരും എന്ന് പ്രതീക്ഷിച്ച് ചിലര്‍ പരസ്യവും കണ്ടിരിക്കുന്നത്.
നാലുമാസം മുമ്പ് ജാ ലൈഫിന്‍റെ ഇന്ത്യയിലെ തലവനായ ജോണിയെ ബംഗുളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തെങ്കിലും തട്ടിപ്പ് കമ്പനി യഥേഷ്ടം വിഹരിക്കുകയാണിപ്പോഴും. ഏഷ്യാനെറ്റ്ന്യൂസ് പരമ്പര തുടരുന്നു.. 'ആപ്പി'ലാവുന്നവര്‍
പോള്‍ കുമ്പളം, കേരളത്തിലെ ജാ ലൈഫിന്‍റെ പ്രൊമോട്ടറാണ്. യൂടൂബില്‍ ചറപറ വീഡിയോ ഇടും, 1100 രൂപ നിക്ഷേപിക്കുക, 60 പരസ്യം കിട്ടും, വെറുതെ അത് കണ്ടോണ്ടിരിക്കുക, ഇതാണ് പണി. പണം നിക്ഷേപിച്ചിട്ടും എന്തേ പലര്‍ക്കും ശമ്പളം കിട്ടാത്തതെന്ന് ചോദിച്ചപ്പോള്‍ കുമ്പളത്തിന്‍റെ മറുപടിയിങ്ങനെ;
''രണ്ട് രീതിയിലുണ്ട്. ബോണസുമുണ്ട് പെമെന്‍റുമുണ്ട്. പേ മെന്‍റ് ആര്‍ക്കും കിട്ടുന്നില്ല. ബോണസ് അനേകര്‍ക്ക് കിട്ടുന്നുണ്ട് കേട്ടോ. ബോണസ് കിട്ടണമെങ്കില്‍ 1100 പോര. കണ്ടമാനം നിക്ഷേപിക്കണം. ആളുകളെയും ചേര്‍ക്കണം...''
കെണിയില്‍ കുടുങ്ങാതെ പോലീസില്‍ പരാതി നല്‍കിയ ആളുകളുമുണ്ട്. മലയാളികളടക്കം പതിനായിരങ്ങളാണ് ഇതുപോലെ പണവും നിക്ഷേപിച്ച് പരസ്യവും കണ്ടുകൊണ്ടിരിക്കുന്നത്, ശമ്പളം എന്ന് കിട്ടുമോ എന്നറിയാതെ..