'ത്രെഡ്‌സ് പ്രേത നഗരം'; സക്കര്‍ബര്‍ഗിന് മസ്‌കിന്റെ പരിഹാസം
സക്കര്‍ബര്‍ഗ് പോലും അവിടെ പോസ്റ്റ് ചെയ്യുന്നില്ലെന്നും സ്വന്തം ഉല്പന്നം ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും മസ്‌ക് പരിഹാസത്തോടെ ആവശ്യപ്പെട്ടു.
എതിരാളികളായ സ്ഥാപനങ്ങളെയും അതിന്റെ മേധാവികളെയും എക്‌സ് ഉടമ എലോണ്‍ മസ്‌ക് കളിയാക്കുന്നത് പതിവാണ്. ഇപ്പോഴിതാ തന്റെ പ്രധാന എതിരാളിയായ ത്രെഡ്‌സ് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പരിഹസിച്ചിരിക്കുകയാണ് മസ്‌ക്. മെറ്റ അടുത്തിടെ അവതരിപ്പിച്ച ത്രെഡ്‌സ് പ്ലാറ്റ്ഫോം സക്കര്‍ബര്‍ഗ് ഉപയോഗിക്കാതിരിക്കുന്നതിനെ കുറിച്ചായിരുന്നു മസ്‌കിന്റെ പരിഹാസം. ജോ റോഗന്‍ എക്‌സ്പീരിയന്‍ പോഡ്കാസ്റ്റിലാണ് മസ്‌ക് സക്കര്‍ബര്‍ഗിനെയും മെറ്റയെയും കളിയാക്കി സംസാരിച്ചത്. 'പ്രേത നഗരം' എന്നാണ് ത്രെഡ്‌സിനെ മസ്‌ക് വിശേഷിപ്പിച്ചത്. ഭയാനകമായ നിശബ്ദതയാണ് ത്രെഡ്‌സിലെന്നും അദ്ദേഹം പറഞ്ഞു. സക്കര്‍ബര്‍ഗ് പോലും അവിടെ പോസ്റ്റ് ചെയ്യുന്നില്ലെന്നും നിങ്ങള്‍ സ്വന്തം ഉല്പന്നം ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും മസ്‌ക് പരിഹാസിച്ചു.
ഒരാഴ്ച മുന്‍പാണ് സക്കര്‍ബര്‍ഗ് അവസാനമായി ത്രെഡ്സില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തത്. എന്നാല്‍ ഉപഭോക്താക്കളുടെ പോസ്റ്റുകളില്‍ പലതിനും അദ്ദേഹം കമന്റ് ചെയ്യാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍പും ത്രെഡ്‌സില്‍ ആക്ടീവല്ലാത്തതിനെ മസ്‌ക് കളിയാക്കിയിട്ടുണ്ട്. സക്കര്‍ബര്‍ഗ് തന്റെ മെറ്റയെ ശ്രദ്ധിക്കാറില്ലെന്നും മസ്‌ക് കളിയാക്കാറുണ്ട്.
ട്വിറ്ററിന് സമാനമായി മെറ്റ അവതരിപ്പിച്ച പുതിയ പ്ലാറ്റ്‌ഫോമാണ് ത്രെഡ്‌സ്. ഇന്‍സ്റ്റഗ്രാമിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആപ്പാണിത്. ഫോര്‍ യു ഫീഡില്‍ നിങ്ങള്‍ പിന്തുടരുന്നതും ത്രെഡ്സ് നിര്‍ദേശിക്കുന്നതുമായി അക്കൗണ്ടുകളിലെ പോസ്റ്റുകളാണ് ഇതില്‍ കാണാനാവുക. എന്നാല്‍ ഫോളോയിങ് ഫീഡില്‍ നിങ്ങള്‍ ഫോളോ ചെയ്യുന്ന ആളുകളുടെ പോസ്റ്റുകള്‍ മാത്രമേ കാണാനാകൂ. ത്രെഡ്‌സിന് അതിന്റെ പകുതിയോളം ഉപയോക്താക്കള്‍ കുറഞ്ഞതായി മെറ്റാ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു. ലോഞ്ച് ചെയ്ത് ഏകദേശം അഞ്ച് ദിവസത്തിനുള്ളില്‍ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയ ആപ്പായിരുന്നു ത്രെഡ്‌സ്.
'എടുക്കാത്ത ലോട്ടറിയുടെ സമ്മാനം തേടിയെത്തിയോ'? പൊലീസ് മുന്നറിയിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...