ഒരാഴ്ചയ്ക്കുള്ളില്‍ 3.4 കോടി ഉപയോക്താക്കള്‍, ഞെട്ടിച്ച് ഈ വീഡിയോ ഗെയിം, ഇന്ത്യയിലെങ്ങും തരംഗം
റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ ബാറ്റില്‍ഗ്രൌണ്ട് മൊബൈല്‍ ഇന്ത്യ നേടിയത് 34 ദശലക്ഷം (3.4 കോടി) രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളെ
എല്ലാ പ്രതിസന്ധികളെയും മറികടന്ന് റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ ബാറ്റില്‍ഗ്രൌണ്ട് മൊബൈല്‍ ഇന്ത്യ നേടിയത് 34 ദശലക്ഷം (3.4 കോടി) രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളെ. ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം ഡെവലപ്പറുടെ ഈ ഗെയിം ഗൂഗിള്‍പ്ലേ സ്‌റ്റോറിലെ മികച്ച സൗജന്യ ഗെയിമുകളില്‍ ഒന്നാമതായി. ഗെയിമില്‍ പ്രതിദിനം 16 ദശലക്ഷം സജീവ ഉപയോക്താക്കളും 2.4 ദശലക്ഷം ലൈവ് ഉപയോക്താക്കളുമുണ്ടെന്ന് നിര്‍മ്മാതാക്കളായ ക്രാഫ്റ്റണ്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച യൂട്യൂബ് ചാനല്‍ വഴി നടന്ന ബിജിഎംഐ ലോഞ്ച് പാര്‍ട്ടിക്ക് ഒരേ ദിവസം തന്നെ 500,000 ത്തോളം വ്യൂവര്‍ഷിപ്പ് ഉണ്ടായിരുന്നുവെന്ന് ക്രാഫ്റ്റണ്‍ അവകാശപ്പെടുന്നു.
പറഞ്ഞുവരുന്നത് പബ്ജിയുടെ ഇന്ത്യന്‍ രൂപമായ ബാറ്റില്‍ഗ്രൗണ്ട്‌സിനെക്കുറിച്ചാണ്. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ 2020 സെപ്റ്റംബറില്‍ നിരോധിക്കപ്പെടുന്നതിന് മുമ്പ് ക്രാഫ്റ്റണിന്റെ യഥാര്‍ത്ഥ പേര് പബ്ജി മൊബൈല്‍ എന്നായിരുന്നു. ഇന്ത്യയില്‍ വന്‍ ജനപ്രീതി നേടിയിരുന്നതിനാല്‍ രൂപമാറ്റം വരുത്തിയ ഗെയിമിന് വളരെയധികം പ്രചാരം തുടക്കത്തിലേ ലഭിച്ചു. കണക്കനുസരിച്ച്, യഥാര്‍ത്ഥ പബ്ജി മൊബൈല്‍ ഗെയിമിന് 180 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഇന്ത്യയില്‍ മാത്രം 33 ദശലക്ഷം ഉപയോക്താക്കളുമുണ്ടായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ പബ്ജി ലോകമെമ്പാടുമായി ഒരു ബില്യണ്‍ ഡൗണ്‍ലോഡുകള്‍ മറികടന്നു എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി മാത്രം പ്രത്യേക ഇ-സ്‌പോര്‍ട്‌സ് മത്സരം നടത്താന്‍ പദ്ധതിയിടുന്നതായും ക്രാഫ്റ്റന്‍ സ്ഥിരീകരിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കളിക്കാര്‍ കുറഞ്ഞത് പ്ലാറ്റിനം നിരയിലായിരിക്കണം. ഇന്ത്യന്‍ ഗെയിമിംഗ് വ്യവസായത്തെയും ഇ-സ്‌പോര്‍ട്‌സ് ഇക്കോസിസ്റ്റത്തെയും വളര്‍ത്തിയെടുക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബ്രാന്‍ഡ് പറയുന്നു. ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിനായി ടൂര്‍ണമെന്റ് കൂടുതല്‍ ആകര്‍ഷകമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ജൂലൈ 2 നാണ് ബാറ്റില്‍ഗ്രൗണ്ട് ആരംഭിച്ചത്. ഗെയിം ഇതുവരെ ഐഒഎസില്‍ ലഭ്യമല്ല.
എന്തായാലും, ഗെയിം 20 സീസണ്‍ ഉടന്‍ പുറത്തിറക്കും. ഇതില്‍ റോയല്‍ പാസും റാങ്കിംഗ് സിസ്റ്റത്തിലും മാറ്റങ്ങളുമുണ്ടാകുമെന്ന് ക്രാഫ്റ്റണ്‍ പറയുന്നു. നിലവിലെ സീസണ്‍ 19 ജൂലൈ 14 ന് രാവിലെ 5:29 ന് അവസാനിക്കും. തുടര്‍ന്ന്, ആദ്യത്തെ പ്രധാന അപ്‌ഡേറ്റ് ഉടന്‍ ലഭിക്കും. ഓരോ റീലോഡിലും 75 ബുള്ളറ്റുകള്‍ വരെ പിടിക്കാന്‍ കഴിയുന്ന എംജി 3 എന്ന പുതിയ ആയുധം കളിക്കാര്‍ക്ക് ഉപയോഗിക്കാനാകുമെന്ന് കമ്പനി പറയുന്നു.