ട്വിറ്ററില്‍ നിന്നും കൂട്ടപിരിച്ചുവിടല്‍ നടത്തുമ്പോള്‍ മസ്ക് പ്രതീക്ഷിച്ചില്ല ഇത്തരം ഒരു മറുപണി.!
ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്ക് പിരിച്ചുവിട്ട ജീവനക്കാരെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ത്രെഡ്സിൽ നിയമിച്ചതായി എലോൺ മസ്‌കിന്റെ അഭിഭാഷകൻ ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
സന്‍ഫ്രാന്‍സിസ്കോ: സക്കർബർഗും മസ്കും തമ്മിലുള്ള പോരാട്ടം ശക്തം. ട്വിറ്ററിന്റെ എതിരാളിയായ മെറ്റ ത്രെഡ്‌സ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ട്വിറ്റർ മേധാവി ഇലോൺ മസ്‌കും മെറ്റയുടെ തലവൻ മാർക്ക് സക്കർബർഗും ഏറ്റുമുട്ടൽ കടുപ്പിക്കുന്നത്. ത്രെഡ്സ് പുറത്തിറങ്ങി 24 മണിക്കൂറായിട്ടേ ഉള്ളൂ. എന്നാൽ സാങ്കേതിക വ്യവസായത്തിലെ ഈ രണ്ട് വലിയ പേരുകൾ തമ്മിലുള്ള മത്സരം ചൂടുപിടിക്കുകയാണ്. ട്വിറ്ററിൽ നിന്ന് പുറത്താക്കിയ ജീവനക്കാരെ മെറ്റയിൽ നിയമിച്ചനിന്റെ ദേഷ്യം കൂടിയാണ് സക്കർബർഗിനോട് മസ്‌ക് തീർക്കുന്നത്.
ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്ക് പിരിച്ചുവിട്ട ജീവനക്കാരെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ത്രെഡ്സിൽ നിയമിച്ചതായി എലോൺ മസ്‌കിന്റെ അഭിഭാഷകൻ ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. മെറ്റാ അതിന്റെ ത്രെഡ്‌സ് എന്ന ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആരോപണങ്ങളുമായി അഭിഭാഷകൻ രംഗത്ത് വന്നത്. മസ്‌കിന്റെ അഭിഭാഷകൻ അലക്‌സ് സ്‌പിറോ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് കത്ത് അയച്ചിരുന്നു.
കമ്പനി ഒരു "കോപ്പികാറ്റ്" ആപ്പ് സൃഷ്‌ടിക്കാനായി "ഡസൻ കണക്കിന് വരുന്ന മുൻ ട്വിറ്റർ ജീവനക്കാരെ" നിയോഗിച്ചിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്. ഈ ജീവനക്കാരിൽ ചിലർക്ക് ഇപ്പോഴും ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലേക്കും രഹസ്യ വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടെന്നും അവർ ട്വിറ്റർ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും തെറ്റായി സൂക്ഷിച്ചിരിക്കാമെന്നും കത്തിൽ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ട്വിറ്റർ ഗുരുതരമായ ആശങ്കകളും പ്രകടിപ്പിച്ചിട്ടുണ്ട്.
മുൻ ട്വിറ്റർ ജീവനക്കാർ മെറ്റയുടെ ഭാഗമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, മെറ്റയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോൺ സൂചിപ്പിക്കുന്നത് അനുസരിച്ച് അവരാരും നിലവിൽ ത്രെഡ്സിൽ പ്രവർത്തിക്കുന്നില്ല. എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ, ഏകദേശം 80 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
തൊഴിലാളികളുടെ എണ്ണം 7,800 ൽ നിന്ന് 600 ൽ താഴെയായി. നിരവധി ജീവനക്കാരെ പിരിച്ചുവിട്ടത് കഠിനവും വേദനാജനകവുമായ തീരുമാനമാണെന്ന് മസ്‌ക് തന്നെ സമ്മതിച്ചിരുന്നു. മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ വിവാദപരമായ നിരവധി മാറ്റങ്ങൾക്ക് ട്വിറ്റർ വിധേയമായി. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ട്വിറ്ററിലെ നിലവിലെ സാഹചര്യങ്ങളാണ് മെറ്റാ ജീവനക്കാർക്ക് ഒരു എതിരാളി ആപ്ലിക്കേഷൻ വികസിപ്പിക്കാനുള്ള അവസരമൊരുക്കി കൊടുത്തത്.
മസ്കിന്‍റെ ഫോണ്‍ സുഹൃത്തുക്കള്‍ രാത്രി ഒളിപ്പിച്ച് വയ്ക്കുമായിരുന്നു; കാരണം ഇതാണ്.!
ത്രെഡ്‌സ് തരംഗം വിജയിക്കുമോ?; ട്വിറ്റര്‍ വീഴുമോ; അറിയേണ്ടതെല്ലാം.!