സ്പേസ് എക്സിലെ 14 വയസുകാരനായ എഞ്ചിനീയറുടെ അക്കൗണ്ട് നീക്കം ചെയ്ത് ലിങ്ക്ഡ്ഇൻ
ലിങ്ക്ഡ്ഇൻ വഴി ജോലി അന്വേഷിക്കാനുള്ള പ്രായം ക്വാസിക്കായിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. ക്വാസി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ന്യൂയോര്‍ക്ക്: സ്പേസ് എക്സ് നിയമിച്ച ഏറ്റവും പ്രായം കുറഞ്ഞ എൻജിനീയറുടെ അക്കൗണ്ട് നീക്കം ചെയ്ത് ലിങ്ക്ഡ്ഇൻ.അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ സാന്റാ ക്ലാരയിൽ നിന്നാണഅ 14 കാരനായ കൈറൻ ക്വാസി ബിരുദം നേടിയത്. സ്പേസ് എക്സിലെ ഇന്റർവ്യൂവിൽ വിജയിച്ച കാര്യം ലിങ്ക്ഡ് ഇൻ അക്കൗണ്ടിലൂടെ ക്വാസി തന്നെയാണ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. അതോടെ ക്വാസി വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ക്വാസിയുടെ അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നത്.
പ്രായമാണ് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ലിങ്ക്ഡ്ഇൻ വഴി ജോലി അന്വേഷിക്കാനുള്ള പ്രായം ക്വാസിക്കായിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. ക്വാസി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കഴിവ് കൊണ്ട് എൻജിനീയറിങ് ജോലി സ്വന്തമാക്കിയ എനിക്ക് ഒരു പ്രൊഫഷണൽ സോഷ്യൽ മീഡിയയിൽ ജോയിൻ ചെയ്യാൻ യോഗ്യതയില്ലേ..?’എന്നാണ് ക്വാസി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
സാന്താ ക്ലാര സർവകലാശാലയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി എന്ന റെക്കോർഡ് നേടിയ വ്യക്തിയാണ് ക്വാസി. ലോകത്തിലെ തന്നെ 'ഏറ്റവും ബെസ്റ്റ്, ബ്രൈറ്റെസ്റ്റ്, സ്മാര്ട് എൻജിനീയറെ' തിരഞ്ഞെടുത്തു എന്ന ക്യാപ്ഷനോടെയാണ് കഴിഞ്ഞ ദിവസം സ്പേസ് എക്സ് ഔദ്യോഗികമായി സ്പേസ് എക്സ് ക്വാസിയെ തിരഞ്ഞടുത്ത വിവരം പങ്കുവച്ചത്. കുട്ടിക്കാലത്ത് തന്നെ ക്വാസി ശാസ്ത്ര സാങ്കേതിക വിദ്യകളോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. രണ്ട് വയസായപ്പോഴേക്കും വ്യക്തമായി വാചകങ്ങൾ സംസാരിച്ചു തുടങ്ങിയിരുന്നു.
കിൻഡർ ഗാർഡനിലെ കുട്ടികൾക്ക് റേഡിയോയിൽ കേട്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ക്വാസിക്ക് മിടുക്കുണ്ടായിരുന്നു. ഒൻപതാം വയസിലാണ് കാലിഫോർണിയയിലെ ലാസ് പോസിറ്റാസ് കമ്യുണിറ്റി കോളേജിൽ പഠനത്തിനെത്തുന്നത്. എഐ റിസേർച്ച് ഫെലോ പ്രോഗ്രാമിൽ ഇന്റേൺഷിപ്പുമായാണ് 2019ൽ സാന്താ ക്ലാര സർവകലാശാലയിൽ ചേർന്നത്.
അവിടെ ചേർന്നതിന് പിന്നാലെ കോളജ് വിദ്യാർത്ഥികൾക്ക് ക്വാസി ക്ലാസെടുത്തു തുടങ്ങി. 2022ലാണ് സാന്താ ക്ലാര സർവകലാശാലയിൽ മുഴുവൻ സമയ പഠനത്തിനായി ചേരുന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷം അതായത് 14-ാം വയസിലാണ് കമ്പ്യൂട്ടർ സയൻസിലും എൻജീനീയറിങ്ങിലും ബിരുദം നേടി.
14 വയസുകാരനെ എഞ്ചിനീയറായി കമ്പനിയില്‍ ജോലിക്കെടുത്ത് ഇലോണ്‍ മസ്ക്