ആമസോണിനും, ഫ്ലിപ്പ്കാര്‍ട്ടിനും തിരിച്ചടി; ആവശ്യം തള്ളി കോടതി
ജസ്റ്റിസ് സതീഷ് ശര്‍മ്മ, നടരാജ് രംഗസ്വാമി എന്നിവരുടെ ബെഞ്ചാണ് അന്വേഷണം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്.
ബംഗലൂരു: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവരുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. നേരത്തെ സിംഗിള്‍ ബെഞ്ച് നടത്തിയ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഇരു ഇ-കോമേഴ്സ് ഭീമന്മാരുടെ ഓഫര്‍ വില്‍പ്പന അടക്കം വളരെപ്രധാനപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ മുകളിലാണ് ഇന്ത്യയുടെ ആന്‍റിട്രസ്റ്റ് ഏജന്‍സിയായ സിസിഐ അന്വേഷണം നടക്കുന്നത്.
ജസ്റ്റിസ് സതീഷ് ശര്‍മ്മ, നടരാജ് രംഗസ്വാമി എന്നിവരുടെ ബെഞ്ചാണ് അന്വേഷണം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്. രാജ്യത്തെ ചെറുകിട മേഖലയുടെ വ്യാപരം കുറയ്ക്കുന്നു, രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം നടക്കുന്നത്. ചില ഉത്പന്നങ്ങള്‍ക്ക് ഈ പ്ലാറ്റ്ഫോമുകള്‍ അമിത പ്രധാന്യം നല്‍കുന്നു എന്ന പരാതിയും സിസിഐ അന്വേഷണത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
2020 ജനുവരിയിലാണ് സിസിഐ അന്വേഷണം ആരംഭിച്ചത്. പിന്നീട് ഈ അന്വേഷണത്തിനെതിരെ ഇ-കോമേഴ്സ് കമ്പനികള്‍ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു ഏജന്‍സി അന്വേഷണം തുടരാനായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. ഇതോടെയാണ് ഇതിനെതിരെ കമ്പനികള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.