'എംഡിഎംഎ അടങ്ങിയ കൊറിയർ വന്നിട്ടുണ്ട്' ; തട്ടിപ്പാണ്, സൂക്ഷിച്ചോ.!
ബംഗളൂരു സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥി നൽകിയ റിപ്പോർട്ടിലാണ് പുതിയ തട്ടിപ്പിനെ കുറിച്ച് പറയുന്നത്.
ദില്ലി: കൊറിയർ തട്ടിപ്പ് കൂടുന്നതായി റിപ്പോർട്ട്. ഇതുവഴി ലക്ഷക്കണക്കിന് രൂപയാണ് നിരവധി പേർക്ക് നഷ്ടമായത്. വ്യക്തിവിവരങ്ങൾ ചോർത്തി, പണം തട്ടുക എന്നീ ലക്ഷ്യത്തോടെ നിരവധി സൈബറാക്രമണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ബംഗളൂരു സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥി നൽകിയ റിപ്പോർട്ടിലാണ് പുതിയ തട്ടിപ്പിനെ കുറിച്ച് പറയുന്നത്.
ഫെഡ്എക്സ് എന്ന കൊറിയർ സേവനത്തിന്റെ ജീവനക്കാരനെവന്ന വ്യാജേന ഒരാൾ വിദ്യാർത്ഥിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിദ്യാർത്ഥിയുടെ വിലാസത്തിൽ കൊറിയർ വന്നിട്ടുണ്ടെന്നും അതിൽ നിയമവിരുദ്ധ വസ്തുക്കളാണ് ഉള്ളതെന്നുമായിരുന്നു മറുവശത്തുള്ളയാൾ പറഞ്ഞത്. തട്ടിപ്പിൽ വീണ വിദ്യാർത്ഥിക്ക് നഷ്ടമായത് ഏകദേശം 1,35,650 രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ കോളിന് ശേഷം മുംബൈ നാർക്കോടിക്‌സ് ഡിവിഷനിൽ നിന്നുള്ളയാളാണെന്നും ഐഡന്റിറ്റി വെരിഫിക്കേഷന് വേണ്ടിയാണ് വിളിക്കുന്നത് എന്നും പരിചയപ്പെടുത്തി മറ്റൊരു കോളും വിദ്യാർത്ഥിക്ക് ലഭിച്ചു.
മൊഴിയെടുക്കാൻ സ്കൈപ്പ് കോളിൽ വരാനായിരുന്നു ആവശ്യം. വിശ്വസിപ്പിക്കാനായി സിബിഐ, ആർബിഐ എന്നീ സ്ഥാപനങ്ങളുടെ ഡോക്യുമെന്റുകൾ കാണിച്ച ശേഷം ബാങ്ക് സ്റ്റേറ്റ്മെന്റും പണവും ആവശ്യപ്പെട്ടു.എംഡിഎംഎ കടത്തി എന്ന് ആരോപിച്ചായിരുന്നു സംസാരം.
സമാനമായ തട്ടിപ്പിൽ മുംബൈയിൽ നിന്നുള്ള ഒരു ഐടി ഉദ്യോഗസ്ഥയ്ക്കും 1.97 ലക്ഷം രൂപ നഷ്ടമായി. ഒരാഴ്ച മുമ്പ് ഡൽഹിയിൽ നിന്നുള്ള ഡോക്ടറും സമാനമായ രീതിയിൽ 4.47 കോടി രൂപ നഷ്ടപ്പെടുത്തി.
യുവാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പാണ് കൊറിയർ സ്‌കാം. തട്ടിപ്പുകാർ ആളുകളെ ഫോണിൽ വിളിച്ച് എംഡിഎംഎ പോലുള്ള മയക്കുമരുന്നുകളും മറ്റ് നിയമവിരുദ്ധ വസ്തുക്കളും കൊറിയറായി വന്നിട്ടുണ്ടെന്നും അവരുടെ അഡ്രസിലാണ് ഇത് വിദേശത്തേക്ക് കൈമാറുന്നതെന്നും പറഞ്ഞ് പേടിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയാണ് പതിവ്.
ഇത്തരം ആരോപണങ്ങളിൽ വീഴാതെ കൊറിയർ കമ്പനിയെ നേരിട്ട് വിളിച്ച് അന്വേഷിക്കുകയോ അടുത്തുള്ള പൊലീസുമായി ബന്ധപ്പെടുകയോ ചെയ്യുന്നതാണ് ഉചിതം. ഇത്തരം കോളുകൾ വഴി ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പടെ കൈമാറാതിരിക്കാൻ ശ്രദ്ധിക്കണം.
ഇത്തരം സന്ദർഭങ്ങളിൽ എടുത്തുചാട്ടം ഒഴിവാക്കണം. ഫോൺ വഴി പണമോ, ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒടിപി പോലുള്ളവയോ ചോദിക്കുകയാണെങ്കിൽ അത് തട്ടിപ്പ് തന്നെയാണെന്ന് തിരിച്ചറിയുക.ഇത്തരം തട്ടിപ്പുകള് 155260 എന്ന നമ്പറിലോ cybercrime.gov.in എന്ന നമ്പറിലോ റിപ്പോർട്ട് ചെയ്യുക. അല്ലെങ്കിൽ അടുത്തുള്ള പൊലീസിന്റെ സഹായം തേടാം.
ആമസോണിനും ഫ്ലിപ്കാർട്ടിനെയും തങ്ങളുടെ പ്രധാന ദൌത്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രം.!
നത്തിംഗ് ഫോണ്‍ 2 വരുന്നു: പ്രീബുക്കിംഗ് തുടങ്ങി, വിലയും പ്രത്യേകതകള്‍
'കയറുമ്പോൾത്തന്നെ ഞാൻ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്ണുവുമായുള്ള അഭിമുഖം