Asianet News MalayalamAsianet News Malayalam

വെള്ളമില്ല, ധാന്യങ്ങളും, ജനം പട്ടിണിയിൽ, ആനകളെ കൊന്ന് ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാൻ സിംബാബ്‌വെ

വരൾച്ച രൂക്ഷമായ രാജ്യത്തെ ഗ്രാമങ്ങളിൽ ആനകളുടെ ഇറച്ചി വിതരണം ചെയ്യുമെന്നും ഭക്ഷ്യധാന്യങ്ങൾ ഇല്ലാതായ സാഹചര്യത്തിൽ ആളുകൾ പട്ടിണി കിടന്ന് മരിക്കാതിരിക്കാനാണ് തീരുമാനമെന്നാണ് സിംബാബ്‌വെ സർക്കാർ വിശദമാക്കുന്നത്. 

Zimbabwe to  cull 200 elephants to feed communities facing acute hunger amid the worst drought in four decades
Author
First Published Sep 18, 2024, 12:36 PM IST | Last Updated Sep 18, 2024, 1:19 PM IST

ഹരാരേ: ജനം പട്ടിണിയിൽ 200 ആനകളെ കൊന്ന് ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാൻ സിംബാബ്‌വെ. നാല് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ വരൾച്ചയെ തുടർന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സിംബാബ്‌വെയിലാണ് പട്ടിണിക്ക് പരിഹാരമായി ആനകളെ കൊല്ലാനൊരുങ്ങുന്നത്. ആഫ്രിക്കയുടെ തെക്കൻ മേഖലയിലുള്ള സിംബാബ്‌വെയിലെ വിളകളെല്ലാം വരൾച്ചാ ഭീഷണി നേരിട്ടതിന് പിന്നാലെയാണ് നിർണായ തീരുമാനം. 68 ദശലക്ഷം ആളുകളാണ് മേഖലയിൽ രൂക്ഷമായ പട്ടിണി നേരിടുന്നത്. സിംബാബ്‌വെയിൽ മാത്രം 80ലക്ഷത്തോളം ആളുകളാണ് ജനുവരി മുതൽ രൂക്ഷമായ ഭക്ഷ്യ ക്ഷാമം നേരിടുന്നത്. അടുത്ത വർഷം ഏപ്രിൽ വരെ ഭക്ഷ്യ ക്ഷാമം അനുഭവപ്പെടുമെന്ന വിലയിരുത്തലുകളാണ് ശക്തമായ നടപടികളിലേക്ക് സർക്കാരിനെ എത്തിച്ചിരിക്കുന്നത്. 

രാജ്യ വ്യാപകമായി 200 ആനകളെ കൊല്ലാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് സിംബാബ്‌വെയിലെ പാർക്കുകളുടേയും വന്യജീവി വകുപ്പിന്റേയും വക്താവായ ടിനാഷേ ഫറവോ അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. വരൾച്ച രൂക്ഷമായ രാജ്യത്തെ ഗ്രാമങ്ങളിൽ ആനകളുടെ ഇറച്ചി വിതരണം ചെയ്യുമെന്നും ടിനാഷേ ഫറവോ വിശദമാക്കി. ഭക്ഷ്യധാന്യങ്ങൾ ഇല്ലാതായ സാഹചര്യത്തിൽ ആളുകൾ പട്ടിണി കിടന്ന് മരിക്കാതിരിക്കാനാണ് തീരുമാനമെന്നാണ് സിംബാബ്‌വെ സർക്കാർ വിശദമാക്കുന്നത്. 

1988ന് ശേഷം ആദ്യമായാണ് ഇത്തരമൊരു തീരുമാനം എത്തുന്നത്. കഴിഞ്ഞ മാസം നമീബിയയും സമാന രീതിയിലെ തീരുമാനം എടുത്തിരുന്നു. 83 ആനകളെ കൊല്ലാനുള്ള തീരുമാനമാണ് നമീബിയ സ്വീകരിച്ചത്. എന്നാൽ സിംബാബ്‌വെയിൽ മാംസമല്ല പ്രധാനഭക്ഷണമെന്നും ധാന്യങ്ങളാണ് പ്രധാന ഭക്ഷണമെന്നുമാണ് സർക്കാരിതര സംഘടനയായ സെൻ്റർ ഫോർ നാച്ചുറൽ റിസോഴ്‌സ് ഗവേണൻസ് ഡയറക്ടർ ഫറായി മഗുവു വിശദമാക്കുന്നത്. വരൾച്ച രൂക്ഷമാകുന്നതോടെ മനുഷ്യ മൃഗ ഏറ്റുമുട്ടലുകൾ കൂടുമെന്നും വിദഗ്ധർ വിശദമാക്കുന്നത്. കഴിഞ്ഞ വർഷം ആനയുടെ ആക്രമണത്തിൽ 50 പേരാണ് സിംബാബ്‌വെയിൽ കൊല്ലപ്പെട്ടത്. മനുഷ്യമൃഗ സംഘർഷം രൂക്ഷമാകുന്ന മേഖലകളിൽ കൂടുതൽ കുഴൽക്കിണർ അടക്കമുള്ളവ സ്ഥാപിച്ച പരിഹാരം കണ്ടെത്തുകയോ കൂടുതലുള്ള ആനകളെ ആനകൾ കുറവുള്ള ദേശീയോദ്യാനങ്ങളിലേക്ക് മാറ്റുകയോ ആണ് വേണ്ടതെന്നും ആനകളെ കൊല്ലുന്നതല്ല പരിഹാരമെന്നുമാണ് ഫറായി മഗുവു പ്രതികരിക്കുന്നത്. 

തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ സിംബാബ്‌വെ, സാംബിയ, ബോട്സ്വാന, അംഗോള, നമീബിയ എന്നീ രാജ്യങ്ങളിലായി 200000 ആനകളാണ് ഈ മേഖലകളിലുള്ളത്. ലോകത്തിൽ തന്നെ ഏറ്റവുമധികം ആനകളുള്ളതും ഇവിടെയാണ്. 84000 ആനകളാണ് സിംബാബ്‌വെയിലുള്ളതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. 2024 ജനുവരിയിൽ വരൾച്ചാ കാലത്ത് 160 കാട്ടാനകളാണ് ഹ്വാംഗേയിൽ ചരിഞ്ഞത്. 2019ൽ ജലക്ഷാമം മൂലം 200 ആനകളാണ് ചരിഞ്ഞത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios